Sorry, you need to enable JavaScript to visit this website.

അക്രമികള്‍ ലക്ഷ്യമിടുന്നത് മേഖലയിലെ അസ്ഥിരത- കിരീടാവകാശി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും ജിദ്ദയിൽ ചർച്ച നടത്തുന്നു.

ജിദ്ദ- അറാംകോക്കു കീഴിൽ കിഴക്കൻ സൗദിയിലെ ബഖീഖിലും ഖുറൈസിലുമുള്ള എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളിലൂടെ മേഖലയെ അസ്ഥിരപ്പെടുത്താനാണ് അക്രമികൾ ലക്ഷ്യമിട്ടതെന്ന് കിരീടാവകാശിയും പതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ലോകത്ത് ഊർജ വിതരണം തടസ്സപ്പെടുത്താനും ആഗോള സമ്പദ്‌വ്യവസ്ഥക്ക് പ്രഹരമേൽപിക്കാനുമായിരുന്നു ശ്രമമെന്നും ജിദ്ദയിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി. ജിദ്ദ അൽസലാം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. 


ബഖീഖ്, ഖുറൈസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വിശകലനം ചെയ്യുന്നതിനായിരുന്നു ചർച്ച. ബഖീഖ്, ഖുറൈസ് ആക്രമണങ്ങളെ അമേരിക്ക അപലപിക്കുന്നതായി പോംപിയോ ആവർത്തിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാനാണ്. ആക്രമണത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണത്തിന് അന്താരാഷ്ട്ര വിദഗ്ധരെ ക്ഷണിച്ച സൗദി അറേബ്യയുടെ നടപടിയെ പിന്തുണക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനും സൗദി അറേബ്യയുടെ സുരക്ഷാ ഭദ്രത സംരക്ഷിക്കുന്നതിനും അമേരിക്ക പിന്തുണ നൽകും. സ്വയം പ്രതിരോധത്തിനുള്ള സൗദിയുടെ അവകാശത്തെ പിന്തുണക്കുന്നു. അറാംകോ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ വിനാശകരമായ ആക്രമണമാണുണ്ടായത്. മേഖലാ രാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്ന ഇറാന്റെ പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും പോംപിയോ പറഞ്ഞു. 


ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ.മുസാഅദ് അൽഈബാൻ, സൗദിയിലെ അമേരിക്കൻ അംബാസഡർ ജോൺ അബീസൈദ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. 
അറാംകോ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ യെമനിലെ ഹൂത്തികളല്ലെന്ന് സൗദിയിലേക്കുള്ള യാത്രക്കിടെ തന്നെ അനുഗമിച്ച മാധ്യമ പ്രവർത്തകരോട് മൈക് പോംപിയോ പറഞ്ഞു. ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണ്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചു ശതമാനം തകർത്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് വിട്ടുനിൽക്കാനാകില്ല. തങ്ങളാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഹൂത്തികൾ വാദിക്കുന്നു. എന്നാൽ ഇത് ശരിയല്ല. ആക്രമണങ്ങളുടെ ഉറവിടം ഇറാഖ് ആണെന്നതിനും തെളിവുകളില്ല. 
ഇറാൻ പരമോന്നത ആത്മീയ നേതാവിന്റെ കൈയൊപ്പോടെയാണ് ആക്രമണങ്ങളുണ്ടായത്. ആക്രമണങ്ങൾക്ക് ഉപയോഗിച്ച ആയുധങ്ങൾ ഹൂത്തികളുടെ പക്കലില്ല. യെമന്റെ ഭാഗത്തു നിന്ന് ദക്ഷിണ സൗദിയിൽ നിന്നല്ല ആക്രമണങ്ങളുണ്ടായത്. വിദേശങ്ങളിൽ വിന്യസിക്കാത്ത ആയുധങ്ങൾ ഇറാന്റെ പക്കലുണ്ടെന്ന കാര്യം അമേരിക്കക്ക് അറിയാവുന്നതാണ്. മേഖലയിലെയും യൂറോപ്പിലെയും സഖ്യരാജ്യങ്ങളുമായി സഹകരിച്ച് ഇറാനെ ചെറുക്കുന്നതിനുള്ള പദ്ധതി തയാറാക്കാൻ സഖ്യം രൂപീകരിക്കാൻ അമേരിക്ക മുന്നിട്ടിറങ്ങുമെന്നും മൈക് പോംപിയോ പറഞ്ഞു. 

Latest News