Sorry, you need to enable JavaScript to visit this website.

സ്ത്രീകളുടെ ബാഗ് കവരുന്ന സംഘം റിയാദില്‍ പിടിയില്‍

റിയാദിൽ യുവാവ് വൃദ്ധയുടെ വാനിറ്റി ബാഗ് പിടിച്ചുപറിക്കാൻ  ശ്രമിക്കുന്ന ദൃശ്യം. 

റിയാദ്- രണ്ടംഗ പിടിച്ചുപറി സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സംഘം വാനിറ്റി ബാഗ് പിടിച്ചുപറിക്കുന്നതിനിടെ വൃദ്ധ നിയന്ത്രണം വിട്ട് റോഡിൽ വീണിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമീപത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറ പകർത്തിയിരുന്നു. ഈ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 
ഇത് ശ്രദ്ധയിൽപെട്ട് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ സുരക്ഷാ വകുപ്പുകൾ തിരിച്ചറിഞ്ഞത്. അൽശുഹദാ ഡിസ്ട്രിക്ടിലെ മസ്ജിദിൽ നിന്ന് പുറത്തിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് വൃദ്ധയുടെ വാനിറ്റി ബാഗ് പിന്നിലൂടെ കാറിലെത്തിയ പ്രതികൾ ശക്തിയോടെ പിടിച്ചു പറിച്ചത്. സംഘത്തിൽ ഒരാൾ കാറോടിക്കുകയും രണ്ടാമൻ വാനിറ്റി ബാഗ് ശക്തിയിൽ പിടിച്ചു വലിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായ പിടിവലിയുടെ ഊക്കിൽ നിയന്ത്രണം വിട്ട് വൃദ്ധ റോഡിൽ വീഴുകയായിരുന്നു.

ഇരുപത് വയസ്സ് വീതം പ്രായമുള്ള സൗദി യുവാക്കളാണ് അറസ്റ്റിലായത്. വീഴ്ചയിൽ വൃദ്ധയുടെ ഇടതു കൈ ഒടിഞ്ഞിട്ടുണ്ട്. അൽയർമൂക്ക് ഡിസ്ട്രിക്ടിൽ മറ്റൊരു വനിതയുടെ വാനിറ്റി ബാഗും സമാന രീതിയിൽ പിടിച്ചുപറിക്കാൻ ശ്രമിച്ചെങ്കിലും ഉദ്യമം വിജയിച്ചിരുന്നില്ലെന്ന് ഇരുവരും കുറ്റസമ്മതം നടത്തി. വൈദ്യ പരിശോധനയിൽ ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. വാടകക്കെടുത്ത റെന്റ് എ കാറിൽ സഞ്ചരിച്ചാണ് പ്രതികൾ പിടിച്ചുപറി നടത്തിയത്. പ്രതികളുടെ പക്കൽ ഉറവിടമറിയാത്ത ഏതാനും മൊബൈൽ ഫോണുകളും കണ്ടെത്തിയതായി റിയാദ് പോലീസ് അറിയിച്ചു. 

 

 

Latest News