സുഹൃത്തുക്കള്‍ പിരിവിട്ട് വാങ്ങിയ ടിക്കറ്റിന് 12 കോടിയുടെ ഓണം ബംപര്‍

കരുനാഗപ്പള്ളി- നഷ്ടം കുറയ്ക്കുന്നതിന് പണം പങ്കിട്ടെടുത്ത് സുഹൃത്തുക്കള്‍ വാങ്ങിയ ടിക്കറ്റിന് ഓണം ബംപര്‍.  
കരുനാഗപ്പള്ളിയിലെ ജ്വല്ലറി ജീവനക്കാരായ റോണി, വിവേക്, രതീഷ്, സുബിന്‍, റംജി, രാജീവന്‍ എന്നിവരാണു 12 കോടി നേടിയത്. ഇവര്‍ ജോലിചെയ്യുന്ന ജ്വല്ലറിക്ക് എതിര്‍വശത്തു ലോട്ടറി വില്‍ക്കുന്ന സിദ്ദീഖില്‍ നിന്നാണു അവസാന നിമിഷം ഇവര്‍ ടിക്കറ്റ് വാങ്ങിയത്.
300 രൂപ വിലയുള്ള രണ്ടു ടിക്കറ്റുകളാണ് ആറു പേര്‍ ചേര്‍ന്ന് 100 രൂപ വീതം പിരിവിട്ടു വാങ്ങിയത്. കായംകുളത്തെ ഏജന്റ് ശിവന്‍കുട്ടിയുടെ കരുനാഗപ്പളളിയിലെ കടയില്‍നിന്നാണു വില്‍പ്പനയ്ക്കായി സിദ്ദിഖ് ടിക്കറ്റെടുത്തത്.
കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിന്റേത്. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജന്‍സി കമ്മിഷന്‍. ഇതു കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാര്‍ഹരില്‍നിന്ന് ഈടാക്കും. എല്ലാം കഴിച്ച് ബാക്കി 7.56 കോടി രൂപയാണ് സമ്മാനര്‍ഹര്‍ക്ക് ലഭിക്കുക. ആറു പേരും തുല്യമായി വീതിച്ചെടുത്താല്‍ 1.26 കോടി വീതം കയ്യില്‍ കിട്ടും.
ഓണം ബംപറിന്റെ ഫലമറിയാന്‍ ജനം തിക്കിതിരക്കിയതോടെ ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റ് പണി മുടക്കിയിരുന്നു.

 

Latest News