Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്കിൽ ഇനി ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടണ്ട മനസ്സിൽ വിചാരിച്ചാൽ മതി

മനുഷ്യന്റെ തലച്ചോറിനെ  ഇന്റർനെറ്റ് ലോകവുമായി ബന്ധിപ്പിച്ച് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് സ്‌പെയ്‌സ് എക്‌സ് മേധാവി ഇലോൺ മസ്‌ക്. ടെസ്‌ല കാറും സ്‌പേസ് എക്‌സ് റോക്കറ്റും ഉണ്ടാക്കിയ ഇലോൺ മസ്‌ക്, ബ്രെയിൻ ഇംപ്ലാന്റുകൾക്കു വേണ്ടി മാത്രം രണ്ടു വർഷം മുമ്പ് ന്യൂറാലിങ്ക് എന്നൊരു കമ്പനിയും ഉണ്ടാക്കി. 
എന്നാൽ ഇലോൺ മസ്‌കിനു പിന്നാലെ, മനുഷ്യരുടെ ചിന്തയിലൂടെ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന, ബ്രെയിൻ കംപ്യൂട്ടർ ഓഗ്മെന്റ്ഡ് റിയാലിറ്റി ഇന്റർഫേസ് ഉപകരണം വികസിപ്പിക്കാൻ ഒരുങ്ങുകയാണ് ഫേസ്ബുക്ക്.  2017ൽ നടന്ന എഫ് 8 ഡെവലപ്പർ കോൺഫറൻസിലാണ് തങ്ങളുടെ ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫെയ്‌സ് (ബിസിഐ) പദ്ധതി ഫേസ്ബുക്ക് പ്രഖ്യാപിച്ചത്. ശരീരത്തിൽ ധരിച്ച്  മനസിൽ സ്വയം സംസാരിച്ചുകൊണ്ട് ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന സംവിധാനമായിരിക്കും ബിസിഐ. 
ആളുകളിലേക്ക് കടന്നുകയറാത്ത, എന്നാൽ തങ്ങൾ സംസാരിക്കുന്നുവെന്ന് ചിന്തിച്ചാൽ അതു ടൈപ്പ് ചെയ്‌തെടുക്കാവുന്ന, ധരിക്കാൻ സാധിക്കുന്ന ഒരു ഉപകരണം നിർമിക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്. ഇതിനായി കമ്പനി കാലിഫോർണിയ സർവകലാശാലയിൽ ഉൾപ്പെടെ നിരവധി  ഗവേഷകരുമായി ചർച്ച നടത്തി വരികയാണ്. മനുഷ്യരുടെ തലച്ചോറിൽ നിന്ന് മിനിറ്റിൽ 100 വാക്കുകൾ നേരിട്ട് ടൈപ്പുചെയ്യാൻ കഴിയുന്ന ഒരു നിശ്ശബ്ദ സംഭാഷണ സംവിധാനം സൃഷ്ടിക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നതെന്ന് ഗവേഷകനായ റെഗിന ദുഗൻ പറയുന്നു. ഒരു വ്യക്തിക്ക് ഫോണിൽ നിന്ന് ടൈപ്പുചെയ്യാൻ കഴിയുന്നതിനേക്കാൾ അഞ്ചിരട്ടി വേഗതയാണിത്.


തലച്ചോറിൽ നിന്നും വാക്കുകൾ ഡീകോഡ് ചെയ്‌തെടുക്കുന്ന പരീക്ഷണം ഓഗ്മെന്റ് റിയാലിറ്റിയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുക. 1000 വാക്കുകളുപയോഗിച്ച് മിനിറ്റിൽ 100 വാക്കുകൾ ഡീകോഡ് ചെയ്‌തെടുക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.  തലച്ചോറിൽ നിന്നും വാക്കുകൾ ഡീകോഡ് ചെയ്തെടുക്കുന്നതിൽ ഈ ഗവേഷകർ വിജയിച്ചിട്ടുണ്ട്. എന്നാൽ ചെറിയവാചകങ്ങൾ ഡീകോഡ് ചെയ്തെടുക്കാൻ മാത്രമാണ് തങ്ങളുടെ അൽഗൊരിതത്തിന് ഇതുവരെ സാധിച്ചിട്ടുള്ളതെന്ന് ഗവേഷകർ പറയുന്നു. കൂടുതൽ വലിയ വാചകങ്ങൾ തലച്ചോറിൽ നിന്നും തർജമ ചെയ്തെടുക്കാനുള്ള ശ്രമങ്ങളിലാണ് ഇവർ. മനുഷ്യരിലേക്ക് ഒട്ടും കടന്നുകയറാതെ, നിശബ്ദ ഇന്റർഫെയ്‌സിലൂടെ മനുഷ്യർക്ക് ചിന്തയിലൂടെ ടൈപ്പ് ചെയ്യാനാകുന്ന ഒരു ഉപകരണമാണ് ഫേസ്ബുക്ക് റിയാലിറ്റി ലാബ്‌സ് വികസിപ്പിക്കാൻ ആഗ്രഹിക്കുന്നത്.
മൊബൈൽ സ്‌ക്രീനിലോ ലാപ്ടോപ്പിലോ നോക്കുകയല്ലാതെ ആളുകളെ ചുറ്റുമുള്ള ലോകവുമായി ബന്ധിപ്പിക്കുകയും പരസ്പരം ബന്ധിപ്പിക്കുകയുമാണ് ഒഗ്മെന്റഡ് റിയാലിറ്റിയിലൂടെ ഫേസ്ബുക്ക് ശ്രമിക്കുന്നത്. എആർ, വിആർ സാങ്കേതിക വിദ്യകളെ സംയോജിപ്പിച്ച് ലോകത്തോട് മനുഷ്യർ ഇടപെടുന്ന രീതിയിൽ വിപ്ലവം സൃഷ്ടിക്കാൻ അതിന് സാധിക്കുമെന്നാണ് ഫേസ്ബുക്ക് പ്രതീക്ഷ.

Latest News