Sorry, you need to enable JavaScript to visit this website.

അസമില്‍ പുറത്താക്കിയത് യഥാര്‍ഥ ഇന്ത്യക്കാരെ; അമിത് ഷായോട് മമത

ന്യൂദല്‍ഹി-  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) വിഷയമാണ് ചര്‍ച്ചയില്‍ മമത പ്രധാനമായും ഉന്നയിച്ചത്.
നിരവധി യഥാര്‍ത്ഥ ഇന്ത്യക്കാരെ അസമിലെ എന്‍.ആര്‍.സിയില്‍ നിന്ന് ഒഴിവാക്കിയിരിക്കയാണെന്നും ഇക്കാര്യം ഉടന്‍ പരിശോധിക്കണമെന്നും അമിത് ഷായെ നോര്‍ത്ത് ബ്ലോക്ക് ഓഫീസില്‍ സന്ദര്‍ശിച്ച മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. ബംഗാളി സംസാരിക്കുന്നവരും ഹിന്ദി സംസാരിക്കുന്നവരും ഗൂര്‍ഖകളും തദ്ദേശീയര്‍ തന്നെയും ഒഴിവാക്കപ്പെട്ടിരിക്കയാണെന്നും ഇവരുടെ പരാതികള്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും മമത ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ഥിച്ചു.
പശ്ചിമ ബംഗാളിലെ എന്‍.ആര്‍.സിയെക്കുറിച്ചല്ല, അസമിലെ എന്‍.ആര്‍.സിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് താന്‍ ആഭ്യന്തര മന്തിയെ സന്ദര്‍ശിച്ചതെന്ന് കൂടിക്കാഴ്ചക്ക് ശേഷം  മമതാ ബാനര്‍ജി വാര്‍ത്താ ലേഖകരോട്  പറഞ്ഞു.
നേരത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ച മമത സംസ്ഥാനത്തിന്റെ പേരുമാറ്റുന്ന വിഷയം ചര്‍ച്ച ചെയ്തിരുന്നു.
സംസ്ഥാനത്തെ കല്‍ക്കരി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാന്‍ മമത പ്രധാനമന്ത്രിയെ ക്ഷണിച്ചു.

 

Latest News