Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

പമ്പ - അച്ചൻകോവിൽ - വെപ്പാർ നദീ സംയോജന പദ്ധതിയുമായി വീണ്ടും തമിഴ്‌നാട് രംഗത്ത്

കേരളവും തമിഴ് നാടുമായി നിരവധി നദീജല കരാറുകൾ നിലവിലുണ്ട്. മഴ കൂടുതൽ ലഭിക്കുന്ന പ്രദേശമാണ് കേരളമെന്നതിനാൽ ഈ കരാറുകളെല്ലാം അനുസരിച്ചു കേരളംതമിഴ് നാടിന് വെള്ളം കൊടുക്കേണ്ടതുണ്ട്. 

രണ്ടു വർഷത്തെ അതിശക്തമായ മഴ കേരളത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധവും തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾക്ക് ഗുണകരവുമാകുന്നതായാണ് പുതിയ വാർത്ത. കേരളത്തിൽ വലിയ മഴയുള്ളതിനാൽ നദികളിലെല്ലാം ധാരാളം വെള്ളമുണ്ടെന്നുള്ള വാദം മുന്നോട്ടുവെച്ച് ഏറെക്കുറെ ഉപേക്ഷിച്ചിരുന്ന പമ്പ - അച്ചൻ കോവിൽ - വെപ്പാർ നദീ സംയോജന പദ്ധതി നടപ്പാക്കണമെന്ന ആവശ്യമാണ് തമിഴ്‌നാട് മുന്നോട്ടുവെക്കുന്നത്. കൂടാതെ പറമ്പിക്കുളം - ആളിയാർ കരാർ നിരന്തരമായി ലംഘിക്കുവാനുമാണ് തമിഴ്‌നാട് ശ്രമിക്കുന്നത്.
തീർച്ചയായും മഴ ഏറെ അനുഗ്രഹിക്കുന്ന കേരളത്തിന് തമിഴ്‌നാടിനെ സഹായിക്കാൻ ബാധ്യതയുണ്ട.് എന്നാൽ മഴ സാമാന്യം പെയ്യുന്നു എന്നതല്ലാതെ ആ വെള്ളം എവിടെ പോകുന്നു എന്നു ചോദിച്ചാൽ കൈമലർത്തുന്ന അവസ്ഥയിലാണ്. എത്ര മഴ പെയ്താലും ഏതാനും ദിവസങ്ങൾക്കുള്ളിൽ നദികളെല്ലാം വരളുന്നു. ഈ സാഹചര്യത്തിൽ പമ്പയേയും അച്ചൻ കോവിലിനേയും കിഴക്കോട്ടൊഴുക്കി വെപ്പാറുമായി ബന്ധിപ്പിക്കുന്നത് കടുത്ത ജലക്ഷാമത്തിനു കാരണമാകും. മധ്യതിരുവിതാംകൂറിലെ ജല ലഭ്യതയേയും കുട്ടനാടിന്റെ പരിസ്ഥിതിയേയും ഇത് ഗുരുതരമായി ബാധിക്കുമെന്നതിൽ സംശയമില്ല. 634 ദശലക്ഷം ഘനമീറ്റർ ജലം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ് പദ്ധതി. പമ്പയിലും അച്ചൻകോവിലാറിലും മിച്ചജലമുണ്ടെന്ന തെറ്റായ കണക്കാണ് ഈ പദ്ധതിക്ക് പിറകിലെന്നതാണ് വാസ്തവം. പമ്പാനദി പൂർണ്ണമായി വറ്റി വരളാറില്ലെങ്കിലും വെള്ളമില്ലാത്തതിനാൽ 2003 ൽ ഉത്രട്ടാതി വള്ളംകളി ഉപേക്ഷിച്ചിരുന്നു.  നദികളുടെ സ്വാഭാവിക ഒഴുക്ക് മാറ്റുന്നത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ മുൻകൂട്ടികാണാൻ പോലുമാകാത്തതാണ്. മാത്രമല്ല ഈ പദ്ധതിക്കായി 10 കിലോമീറ്റർ നിബിഡ വനം നശിപ്പിക്കേണ്ടിയും വരും. 
വാസ്തവത്തിൽ ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിലൂടെയൊഴുകുന്ന നദികളിൽ മാത്രമാണ് കേന്ദ്രത്തിന് അധികാരമുള്ളത്. ആ അർത്ഥത്തിൽ കേന്ദ്രത്തിന് ഇതിൽ അധികാരമില്ല. 
എന്നാൽ തമിഴ് നാടിന്റെ സമ്മർദ്ദത്തെ തുടർന്നായിരുന്നു പദ്ധതി വിഭാവനം ചെയ്യപ്പെട്ടത്. എന്നാൽ കേരളം ശക്തമായി എതിർത്തതിനെ തുടർന്ന് പ്രവർത്തനമൊന്നും മുന്നോട്ടുപോയിരുന്നില്ല. ഇപ്പോൾ പ്രളയത്തിന്റെ പുതിയ സാഹചര്യത്തിൽ പദ്ധതി നടപ്പാക്കണമെന്ന ആവശ്യമാണ് തമിഴ് നാട് ഉന്നയിക്കുന്നത്. 
സമാനമാണ് പറമ്പികുളം - ആളിയാർ കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളും. കേരളത്തിൽ ധാരാളം വെള്ളമുണ്ടെന്നു പറഞ്ഞാണ് പലപ്പോഴും തമിഴ് നാട് കരാർ ലംഘിക്കുന്നത്. അതിന്റെ ഫലമായി പ്രതിസന്ധി നേരിടുന്നത് പാലക്കാട്ടെ കർഷകരാണ്. ചിറ്റൂർ പുഴയെയാണ് ഇവർ പ്രധാനമായും വെള്ളത്തിനായി ആശ്രയിക്കുന്നത്. 
കേരളവും തമിഴ് നാടുമായി നിരവധി നദീജല കരാറുകൾ നിലവിലുണ്ട്. മഴ കൂടുതൽ ലഭിക്കുന്ന പ്രദേശമാണ് കേരളമെന്നതിനാൽ ഈ കരാറുകളെല്ലാം അനുസരിച്ചു കേരളം തമിഴ് നാടിന് വെള്ളം കൊടുക്കേണ്ടതുണ്ട്. ആദ്യകാലത്തൊന്നും അതുവലിയ പ്രശ്നമായിരുന്നില്ല. എന്നാൽ മഴയുടെ അളവു കുറഞ്ഞുവന്നതോടെ ജലക്ഷാമം രൂക്ഷമായതാണ് കാര്യങ്ങൾ വഷളാക്കിയത്. കൂടാതെ നമ്മുടെ തല തിരിഞ്ഞ വികസനനയത്തിന്റെ ഫലമായി മഴ പെയ്താലും വെള്ളം മണ്ണിൽ നിലനിൽക്കാത്തതും കൂടിയായപ്പോൾ പ്രശ്‌നം അതിരൂക്ഷമായി.  മധ്യകേരളത്തിലെ പ്രധാന പുഴകളായ ഭാരതപ്പുഴ, പെരിയാർ, ചാലക്കുടി പുഴ എന്നിവയുമായി ബന്ധപ്പെട്ടാണ് പറമ്പികുളം - ആളിയാർ കരാറിനു രൂപം കൊടുത്തത്. 1958ലെ ഇഎംഎസ് സർക്കാരിന്റെ കാലത്താണ് ഈ നദീജലകരാർ നിലവിൽ വന്നത്. അന്നുതന്നെ അതിനെതിരെ പ്രതിഷേധമുണ്ടായെങ്കിലും കേന്ദ്രസർക്കാരിന്റെയടക്കം സമ്മർദ്ദമാണ് കരാറുണ്ടാക്കാൻ കാരണമായത്. കരാർ കൃത്യമായി പഠിക്കാതെയാണ് കേരളം ഒപ്പിട്ടത്, നദികളുടെ കീഴ്പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ അവകാശങ്ങളൊന്നും പരിഗണിച്ചില്ല എന്ന ആരോപണം അന്നേ ഉണ്ടായിരുന്നു. ഫലത്തിൽ പടിഞ്ഞാട്ടൊഴുകുന്ന പുഴകളെ കിഴക്കോട്ട് തിരിച്ചുവിടുകയാണുണ്ടായത്. ചിറ്റൂർ പുഴയെ ആശ്രയിക്കുന്ന കർഷകരെയാണ് ഈ കരാർ ഏറ്റവും രൂക്ഷമായി ബാധിച്ചത്. വർഷം തോറും അവർക്കു ലഭിച്ചിരുന്ന വെള്ളം കുറഞ്ഞുവന്നു. കൂടാതെ തമിഴ്‌നാട് തുടർച്ചയായി കരാർ ലംഘനവും തുടങ്ങി. ഇന്നും കർഷകർ സമരം തുടരുകയാണ്. അവരുടെ ജീവിതമാർഗ്ഗം കൃഷിമാത്രമാണ്. വെള്ളമില്ലാത്തതിനാൽ പലപ്പോഴും വർഷത്തിൽ ഒരു തവണ മാത്രമേ അവർക്ക് കൃഷി ചെയ്യാനാകുന്നുള്ളു. 
ചാലക്കുടി പുഴയിലും കരാർലംഘനം തുടർച്ചയായി നടക്കുന്നു. എല്ലാ വർഷവും സെപ്തംബർ ഒന്നിനും ഫെബ്രുവരി ഒന്നിനും കേരള ഷോളയാർ ഡാം പൂർണമായും നിറക്കണമെന്ന വ്യവസ്ഥയാണ് പലപ്പോഴും ലംഘിക്കപ്പെടുന്നത്. അതു തൃശൂർ -എറണാകുളം ജില്ലകളിലെ കൃഷിയേയും കുടിവെള്ള ലഭ്യതയേയും വളരെ പ്രതികൂലമായി ബാധിക്കുന്നു. 
തീർച്ചയായും അയൽ സംസ്ഥാനങ്ങളെന്ന നിലയിൽ സൗഹാർദ്ദപൂർവ്വം പരിഹരിക്കേണ്ട വിഷയങ്ങളാണിവ. വെള്ളം ലഭ്യമാകുന്നതും നൽകുന്നതുമായ സംസ്ഥാനമെന്ന രീതിയിൽ ഇത്തരം വിഷയങ്ങളിലെ നിയന്ത്രണം കേരളത്തിന്റെ കൈവശമാണ് വേണ്ടത്. 
അതോടൊപ്പം, അതിനേക്കാൾ പ്രധാനമാണ് പരിസ്ഥിതിയോടുള്ള നമ്മുടെ തെറ്റായ സമീപനം മാറ്റുക എന്നത്. നെൽവയലുകളും നീർത്തടങ്ങളുമെല്ലാം നശിപ്പിച്ചതാണ് പെയ്യുന്ന മഴവെള്ളം ദിവസങ്ങൾക്കകം അപ്രത്യക്ഷമാകുന്നതിനു പ്രധാന കാരണം. അക്കാര്യത്തിൽ ക്രിയാത്മക നിലപാടെടുത്തേ ഇത്തരം വിഷയങ്ങളിൽ കേന്ദ്രത്തോടും തമിഴ്‌നാടിനോടും വാദിക്കാൻ സത്യത്തിൽ നമുക്ക് അവകാശമുള്ളു. 

Latest News