Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

പാലം പൊളിക്കുന്നവർ

പ്രശസ്ത ഹാസ സാഹിത്യകാരൻ വേളൂർ കൃഷ്ണൻ കുട്ടിയുടെ നർമകഥയാണ് പഞ്ചവടിപ്പാലം. ആ കഥ അതേ പേരിൽ കെ.ജി. ജോർജ് സിനിമയാക്കിയിട്ടുമുണ്ട്, 1984ൽ. നാട്ടുമ്പുറത്തെ തോട്ടിനുകുറുകെ ഒരു പാലം പണിയുന്നതിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുചേർന്ന് നടത്തുന്ന അഴിമതിയും, ഒടുവിൽ പാലം തന്നെ പൊളിഞ്ഞുവീഴുന്നതുമെല്ലാമാണ് കഥ. ഇപ്പോൾ ഈ കഥ പറയാൻ കാരണം കൊച്ചി നഗരത്തിലെ പാലാരിവട്ടം മേൽപാലം പൊളിക്കാൻ പോകുന്നു എന്ന വാർത്തയാണ്. 48 കോടി രൂപ മുടക്കി നിർമിച്ച, പതിറ്റാണ്ടുകളോളം നിലനിൽക്കേണ്ട പാലം ഉദ്ഘാടനം കഴിഞ്ഞ് കഷ്ടിച്ച് രണ്ട് വർഷത്തിനുള്ളിൽ നിർമാണത്തിലെ അപാകതകൾമൂലം അപകടാവസ്ഥയിലായതിനെ തുടർന്ന് പൊളിക്കേണ്ടിവന്നിരിക്കുന്നു. പാലം പൊളിച്ചുപണിയാൻ തീരുമാനിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് വെളിപ്പെടുത്തിയത്. പുതിയ പാലം പണിയുടെ മേൽനോട്ട ചുമതല മെട്രോമാൻ ഇ. ശ്രീധരനായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
കേരളത്തിൽ പ്രതീക്ഷിച്ച കാലാവധി പൂർത്തിയാക്കുംമുമ്പ് പൊളിക്കേണ്ടിവരുന്ന ആദ്യത്തെ മേൽപാലമൊന്നുമല്ല പാലാരിവട്ടത്തേത്. റെയിൽവേ മേൽപാലങ്ങളടക്കം നിർമാണ വേളയിൽതന്നെ പൊളിഞ്ഞവയുമുണ്ട്. വലിയ കാലപ്പഴക്കം വരുംമുമ്പേ അപകടാവസ്ഥയിലായവ വേറെയും. അടൂരിന് സമീപം സംസ്ഥാന പാതയിലെ ഏനാത്ത് പാലം അത്തരത്തിലൊന്നാണ്. എന്നാൽ ഇത്ര ചെറിയ കാലയളവിനുള്ളിൽ ഇത്രയേറെ പണം മുടക്കി പണിത ഒരു പാലം പൊളിക്കേണ്ടിവരുന്നത് ഇതാദ്യം. ഇന്ന് കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ ഒരു പ്രധാന കാരണം നോക്കുകുത്തിയായി മാറിയ ഈ പാലമാണ്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർമാണമാരംഭിച്ച പാലം പണി പൂർത്തിയാക്കിയതും ഉദ്ഘാടനം നടത്തിയതും ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ്. പാലം ഉദ്ഘാടനം സർക്കാരിന്റെ വികസന നേട്ടമായി ഇടതുമുന്നണി ആ സമയത്ത് അവകാശപ്പെടുകയും ചെയ്തു. എന്നാൽ പാലത്തിലൂടെ വാഹനമോടിത്തുടങ്ങി മാസങ്ങൾക്കുള്ളിൽതന്നെ സിമന്റും കോൺക്രീറ്റും ഇളകി വീണുതുടങ്ങി. അതോടെ വാഹന ഗതാഗതം നിരോധിച്ചു. ഇ. ശ്രീധരനും, ചെന്നൈ ഐ.ഐ.ടിയുമെല്ലാം നടത്തിയ പരിശോധനകളിൽ നിർമാണത്തിൽ ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തി. വിജിലൻസ് അന്വേഷണത്തിൽ പാലം നിർമാണത്തിൽ വലിയ അഴിമതി നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജും നിർമാണ കമ്പനി ഉടമയുമടക്കമുള്ളവർ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാണ്. അന്വേഷണം പുരോഗമിക്കുമ്പോൾ ആരൊക്കെ കുടുങ്ങുമെന്നാണ് ഇനി അറിയാനുള്ളത്. യു.ഡി.എഫ് സർക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ സംശയ നിഴലിലാണ്.  
സംഭവം സ്വാഭാവികമായും വലിയ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. മുൻ സർക്കാർ നടത്തിയ വൻ അഴിമതിയുടെ കഥയായാണ് എൽ.ഡി.എഫ് ഇതിനെ ഉയർത്തിക്കാട്ടുന്നത്. പാലാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാലം പൊളിക്കാനുള്ള തീരുമാനം സർക്കാർ എടുത്തതും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെതന്നെ. ഇബ്രാഹിം കുഞ്ഞിനും ഉമ്മൻ ചാണ്ടിക്കുമെല്ലാം ഈ അഴിമതിയിൽ പങ്കുണ്ടെന്നും അവരെയും അറസ്റ്റ് ചെയ്യണമെന്നും ഇടതു മുന്നണിയിലെ പല നേതാക്കളും ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാൽ ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനെ പോലുള്ളവർക്ക് അത്ര കടുത്ത അഭിപ്രായമില്ല. അന്വേഷണം നടക്കട്ടേയെന്നും അതിനുശേഷം കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യട്ടെയെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പണിത മറ്റ് പാലങ്ങളൊന്നും പൊളിഞ്ഞില്ലല്ലോ എന്നൊരു ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.
ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അതിൽ തനിക്ക് പങ്കില്ലെന്നാണ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വാദം. പാലത്തിന് സിമന്റും കോൺക്രീറ്റും കുഴക്കുന്നത് മന്ത്രിയല്ലല്ലോ എന്നൊരു സൂത്രത്തിലുള്ള മറുചോദ്യവും അദ്ദേഹം ചോദിക്കുന്നുണ്ട്. എന്നാൽ മന്ത്രി പറഞ്ഞിട്ടാണ് താൻ കരാറുകാർക്ക് മുൻകൂർ പണം നൽകാൻ തയാറായതെന്നും, തന്നെ കുടുക്കിയതാണെന്നുമാണ് ഇപ്പോൾ അറസ്റ്റിലായ ടി.ഒ സൂരജ് പറയുന്നത്. 
കൊച്ചി നഗരത്തിലെ ഗതാഗതത്തിരക്കിന് അറുതിവരുത്താൻ ലക്ഷ്യമിട്ട് ദേശീയപാതയുടെ ഭാഗമായി പണിത മൂന്ന് പാലങ്ങളിലൊന്നാണ് പാലാരിവട്ടം പാലം. സാധാരണഗതിയിൽ ദേശീയ പാത അതോറിറ്റിയാണ് ഈ പാലങ്ങൾ പണിയേണ്ടതെങ്കിലും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സ്വന്തം നിലയിൽ മുൻകയ്യെടുത്ത് നിർമാണം നടത്തുകയായിരുന്നു. കിറ്റ്‌കോ അടക്കമുള്ള സർക്കാർ ഏജൻസികൾക്കായിരുന്നു നിർമാണത്തിന്റെ മേൽനോട്ട ചുമതല. പൊതുമരാമത്ത് വകുപ്പ് കാട്ടിയ ഈ അമിതോൽസാഹമാണ് അഴിമതിയുടെ തുടക്കമെന്നാണ് ആരോപണം. ദേശീയ പാത അതോറിറ്റി ചെയ്യേണ്ടിയിരുന്ന പണി എന്തിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ചെയ്തുവെന്നാണ് ചോദ്യം. ദേശീയ പാത അതോറിറ്റിക്ക് വിട്ടുകൊടുത്താൽ നിർമാണത്തിൽ കാലതാമസമുണ്ടാകുമെന്നും, മാത്രമല്ല ടോൾ ഉണ്ടാകുമെന്നുമാണ് ബന്ധപ്പെട്ടവർ ഇതിന് നൽകുന്ന മറുപടി. കാലാതാമസവും ടോളും ഒഴിവാകുന്നത് ജനങ്ങൾക്ക് താൽപര്യമുള്ള കാര്യങ്ങളാണല്ലോ. ഫലത്തിൽ ജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത് കാട്ടിയ തിടുക്കം അഴിമതി നടത്താനുള്ള കുറുക്കുവഴിയായി മാറി. 
നിർമാണം വേഗം തീർത്തതുകൊണ്ടാണ് അപാകത സംഭവിച്ചത് എന്നത് പക്ഷേ ഒഴികഴിവ് മാത്രമാണ്. വ്യക്തമായ ആസൂത്രണവും, കൃത്യമായ മേൽനോട്ടവുമുണ്ടായാൽ എത്ര പെട്ടെന്ന് പൂർത്തിയാക്കുന്ന നിർമാണങ്ങൾക്കും ഒരു കുഴപ്പമുണ്ടാവില്ലെന്നതിന് കൊച്ചി നഗരത്തിൽതന്നെ തെളിവുകളുണ്ട്. മൂന്ന് പതിറ്റാണ്ടുമുമ്പ് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ നിർമിച്ച കലൂരിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയം ഒരു ഉദാഹരണം. അന്ന് നിർമാണം പൂർത്തിയാകുന്ന ദിവസം മുൻകൂട്ടി തീരുമാനിച്ച് അതനുസരിച്ച് കൗണ്ട്ഡൗൺ ദിനങ്ങളുടെ എണ്ണം സ്റ്റേഡിയം സൈറ്റിൽ പ്രദർശിപ്പിച്ചിരുന്നു. മുൻകൂട്ടി പ്രഖ്യാപിച്ച സമയത്തുതന്നെ ഏതാണ്ട് പണി പൂർത്തിയാക്കുകയും ചെയ്തു. ഇത്ര വർഷം കഴിഞ്ഞിട്ടും ഫിഫ അണ്ടർ 17 ലോകകപ്പും, ഐ.പി.എൽ മത്സരങ്ങളും രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളും വിജയകരമായി നടത്താൻ കഴിഞ്ഞ സ്റ്റേഡിയമായി അത് നിലനിൽക്കുന്നു. നിർമാണത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തിയേ തീരൂവെന്നും, ഇല്ലെങ്കിൽ സമാധാനം പറയേണ്ടിവരുമെന്നും കരാറുകാർക്കും ഉദ്യോഗസ്ഥർക്കും പേടിയുണ്ടെങ്കിൽ ഒരു സ്റ്റേഡിയവും ഒരു പാലവും പൊളിയില്ല, പൊളിക്കേണ്ടിവരില്ല.
റോഡ്, പാലം, സർക്കാർ കെട്ടിട നിർമാണങ്ങളുടെ കാര്യത്തിൽ ജയലളിത മുഖ്യമന്ത്രിയായിരിക്കെ തമിഴ്‌നാട് സർക്കാർ കൊണ്ടുവന്ന ഒരു പരിഷ്‌കാരവും ഇവിടെ ശ്രദ്ധേയമാണ്. സർക്കാർ പണം മുടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് കരാറുകാർ ഗ്യാരണ്ടി നൽകണമെന്നതാണത്. നിശ്ചിത കാലാവധിക്കുള്ളിൽ നിർമാണത്തിൽ കുഴപ്പം കണ്ടെത്തിയാൽ കരാറുകാരൻ സ്വന്തം ചെലവിൽ അത് പരിഹരിക്കണം. ഇപ്പോൾ തമിഴ്‌നാട്ടിൽ അത്തരമൊരു പരിഷ്‌കാരമുണ്ടോ എന്നറിയില്ല.
ഏതായാലും പാലാരിവട്ടം പാലം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. എന്നുവെച്ച് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ കാടടച്ച് വെടിവെക്കുന്നതും ശരിയല്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 120ഓളം പാലങ്ങൾ നിർമിച്ചുവെന്നാണ് കണക്ക്. ഇവയിൽ പാലാരിവട്ടം ഒഴികെ മറ്റ് പാലങ്ങളെക്കുറിച്ച് കാര്യമായ ആക്ഷേപങ്ങളൊന്നും ഉയർന്നിട്ടുമില്ല. മന്ത്രി സുധാകരന്റെ വാക്കുകൾ പ്രസക്തമാകുന്നത് ഇവിടെയാണ്.
ഇതിനുപുറമെ ഇ. ശ്രീധരന്റെ വാക്കുകളും ശ്രദ്ധേയമാണ്. പാലാരിവട്ടം പാലം തകർച്ചക്ക് കാരണം എൻജിനീയർമാരുടെ ധാർമികതയില്ലായ്മയാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നുവെച്ചാൽ അവർ ചെയ്യേണ്ട കാര്യം ചെയ്യേണ്ടതുപോലെ ചെയ്തില്ല എന്ന്. ഇപ്പോഴത്തെ പാലം പൊളിക്കേണ്ടിവരുമ്പോഴും അടിസ്ഥാനവും തൂണുകളും പിയർ ക്യാപ്പുകളും പൊളിച്ചുനീക്കേണ്ടതില്ലെന്നും അദ്ദേഹം സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നുവെച്ചാൽ അത്രയും ഭാഗങ്ങൾ ശക്തമാണെന്ന് തന്നെയാണല്ലോ. തൂണുകൾക്കു മകുളിലെ സ്പാനുകൾക്കും, ഗർഡറുകൾക്കുമൊക്കെയാണ് ബലക്ഷയമുള്ളത്. മൊത്തത്തിൽ അഴിമതിയാണെങ്കിൽ അങ്ങനെ സംഭവിക്കില്ലല്ലോ. 
ഏതായാലും എത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്ന് ഇബ്രാഹിം കുഞ്ഞും ഉമ്മൻ ചാണ്ടിയും പറയുന്നുണ്ട്. എന്നാൽ അന്വേഷണം ശരിയായ രീതിയിൽ തന്നെ നടക്കണമെന്നാണ് സാധാരണ ജനങ്ങൾക്ക് പറയാനുള്ളത്. പാലാരിവട്ടം പാലത്തിൽ ക്രമക്കേടും അഴിമതിയും നടന്നതായി വ്യക്തമായ സ്ഥിതിക്ക് അതിന് പിന്നിൽ പങ്കുള്ള എല്ലാവരെയും പിടികൂടാൻ പര്യാപ്തമാംവിധം കാര്യക്ഷമമായിരിക്കണം അന്വേഷണം. എന്നുവെച്ച് രാഷ്ട്രീയ പകപോക്കലിനുള്ളതാവരുത്. 
പാതിവഴിയിൽ ഒത്തുതീർപ്പിന് തയാറാവുകയുമരുത്. ജനങ്ങളുടെ നികുതിപ്പണം ഒരുളുപ്പുമില്ലാതെ കൊള്ളടയിക്കുന്നവർക്കും അതിന് കൂട്ടുനിൽക്കുന്നവർക്കും എക്കാലവും ഭീതിയുണ്ടാക്കുന്ന ശിക്ഷ തന്നെ അവർക്ക് നൽകുകയും വേണം. എങ്കിൽ മാത്രമേ ഭാവിയിലെങ്കിലും ഇത്തരം അഴിമതികൾക്ക് ശമനമുണ്ടാകൂ. അല്ലാതെ പാലാ ജയിക്കാനുള്ള പാലമാവരുത് പാലാരിവട്ടം അന്വേഷണം.