മതേതര വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ 'വിഡ്ഢി'യോ 'ഭ്രാന്തനോ' അല്ലെന്ന പ്രസ്താവന വേണം

ബെംഗളൂരു- വ്യക്തി നിയമ പ്രകാരമോ ജാതി, മത ആചാര പ്രകാരമോ അല്ലാതെ സ്‌പെഷ്യല്‍ മാരേജ് നിയമം അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇണകള്‍ രണ്ടു പേരും തങ്ങൾ വിഡ്ഢികളോ ബുദ്ധിഭ്രംശം ഉള്ളവരോ അല്ലെന്ന് പ്രസ്താവിക്കണം. 1954ലെ ഈ നിയമ പ്രകാരമുള്ള രജിസ്‌ട്രേഷനുപയോഗിക്കുന്ന ഫോം 111യിലാണ് ഇതു നിഷ്‌ക്കര്‍ഷിക്കുന്നത്. ഇതു നിയമപരമായി സാധുതയുള്ള ഒരു രേഖയാണെങ്കിലും പലരും ഇതിനെ ബാലിശവും അനാവശ്യവുമായാണ് കാണുന്നത്. ബുദ്ധിഭ്രംശം എന്ന പദം നിയമ പ്രകാരം ഇപ്പോള്‍ ഉപയോഗത്തില്‍ പോലുമില്ലാത്ത പ്രയോഗമാണെന്ന് സൈക്യാട്രിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. 

ബുദ്ധിയും വിവേകവുമുള്ള ആളായിരക്കണം എന്ന പ്രസ്താവനയാണ് ഈ ഫോമില്‍ ഉദ്ദേശിച്ചിരിക്കുന്നതെങ്കിലും ഇതു പറയാന്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ ശരിയായ രീതിയിലല്ലെന്ന് സ്‌പെഷ്യല്‍ മാരേജ് നിയമ പ്രകാരം വിവാഹം രജിസ്‌ട്രേഷന്‍ നടത്തിയവര്‍ പറയുന്നു. യുക്തിപരമായല്ല ഫോമിലെ പ്രസ്തുത വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വിഡ്ഢിയല്ലെന്നും ഭ്രാന്തനല്ലെന്നും ഒരാള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നതില്‍ ഒരു കഥയുമില്ലെന്നും ബെംഗളുരുവില്‍ സാമൂഹ്യശാസ്ത്രജ്ഞനായ ആനന്ദ് ഇമ്പാനന്ദന്‍ പറയുന്നു. ഈ രണ്ടു വാക്കുകളും നിയമ രംഗത്ത് ഉപയോഗിക്കുന്നത് അവസാനിപ്പിച്ചതാണെന്ന് നിംഹാന്‍സിലെ മനശ്ശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ. പ്രതിമ മൂര്‍ത്തി ചൂണ്ടിക്കാട്ടുന്നു. ഭ്രാന്തന്‍ എന്നതിനു പകരം മനോരോഗമുള്ള വ്യക്തി എന്നാണ് 1987ലെ നിയമത്തിലെ പ്രയോഗമെന്നും അവര്‍ പറഞ്ഞു.
 

Latest News