സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരായ കേസ് കോടതി അവസാനിപ്പിച്ചു

ന്യൂദല്‍ഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ  പരാതി ഉന്നയിച്ച മുന്‍ സുപ്രീം കോടതി ജീവനക്കാരിക്കെതിരായ വഞ്ചനാ കേസിലെ ക്രിമിനല്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു. ദല്‍ഹി പോലീസ് സമര്‍പ്പിച്ച കേസ് പൂട്ടല്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതിക്കെതിരെ ഹരിയാന സ്വദേശി 31കാരന്‍ നവീന്‍ കുമാറാണ് പരാതി നല്‍കിയിരുന്നത്. കേസില്‍ യുവതിക്കെതിരെ നിയമനടപടികള്‍ തുടരേണ്ടെന്ന് പരാതിക്കാരന്‍ പോലീസിനെ നേരത്തെ അറിയിച്ചിരുന്നു. ദല്‍ഹി പോലീസ് ക്രൈം ബ്രാ്ഞ്ച് സമര്‍പ്പിച്ച കേസ് പൂട്ടല്‍ റിപോര്‍ട്ട് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു.

ഏപ്രിലില്‍ ആണ് ചീഫ് ജസ്റ്റിസിനെതിരെ മുന്‍ ജീവനക്കാരി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സമിതി യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
 

Latest News