പൗരത്വ പട്ടിക രാജ്യത്തുടനീളം; ഉള്‍പ്പെടാത്തവരെ രാജ്യത്തിനു പുറത്താക്കുമെന്ന ഭീഷണിയുമായി അമിത് ഷാ വീണ്ടും

ന്യൂദല്‍ഹി- അസമില്‍ നടപ്പിലാക്കിയ ദേശീയ പൗരത്വ പട്ടിക (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസെന്‍സ്) ഇന്ത്യയിലുടനീളം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും. ഈ പട്ടികയില്‍ ഉള്‍പ്പെടാത്തവരെ രാജ്യത്തിനു പുറത്താക്കുമെന്നും ഷാ ഭീഷണി ആവര്‍ത്തിച്ചു. ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്‍ റാഞ്ചിയില്‍ ബുധനാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ആഭ്യന്തര മന്ത്രി വീണ്ടും മുന്നറിയിപ്പ് നല്‍കിയത്. 

ഇംഗ്ലണ്ടിലോ നെതര്‍ലാന്‍ഡിലോ അമേരിക്കയിലോ പോയി താമസമാക്കാന്‍ നോക്കൂ. ആരും പ്രവേശനം അനുവദിക്കില്ല. ആര്‍ക്കും വന്ന് ഇന്ത്യയില്‍ താമസമാക്കാന്‍ എങ്ങനെ അനുവദിക്കാനാകും? ആര്‍ക്കും ഇവിടേക്ക് കുടിയേറാമെന്നാണോ? ഒരു രാജ്യത്തിന് ഇങ്ങനെ മുന്നോട്ടു പോകാനാവില്ല. ദേശീയ പൗരത്വ പട്ടിക അസമിനു മാത്രമായി ഉള്ളതല്ലെന്ന് ഞങ്ങളുടെ തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ വ്യക്തമാക്കിയതാണ്. പൗരത്വ പട്ടിക രാജ്യത്തുടനീളം നടപ്പിലാക്കി ഇന്ത്യന്‍ പൗരന്മാരുടെ ഒരു രജിസ്റ്റര്‍ ഉണ്ടാക്കും. മറ്റുള്ളവരുടെ കാര്യത്തില്‍ നിയമം അനുസരിച്ച് നടപടി എടുക്കും- ഷാ പറഞ്ഞു.

ഞാനിത് മുമ്പും പറഞ്ഞതാണ്. രാജ്യത്തെ ജനങ്ങള്‍ 2019ല്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഞങ്ങള്‍ ദേശീയ പൗരത്വ പട്ടിക കൊണ്ടുവരും. ഈ പട്ടികയില്‍ പുറത്താകുന്നവരെ നിയമ നടപടികള്‍ക്കു ശേഷം രാജ്യത്തിനു പുറത്താക്കും- ഷാ വ്യക്തമാക്കി.
 

Latest News