Sorry, you need to enable JavaScript to visit this website.

ബാലറ്റ് പേപ്പര്‍ ചരിത്രമായി; ഇനി മടക്കമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

മുംബൈ- അടുത്തമാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ബാലറ്റ് പേപ്പര്‍ ചരിത്രമായെന്ന് പറഞ്ഞാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ ന്യായീകരിച്ചത്.  ഇ.വി.എമ്മുകളെ തകര്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും ചരിത്രമായി മാറിയ ബാലറ്റ് പേപ്പറിലേക്കുള്ള മടക്കം ചിന്തിക്കേണ്ടതില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം  മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇ.വി.എമ്മുകള്‍ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന  രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാന്‍ സേന, ശരദ് പവാറിന്റെ എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുടെ പശ്ചാത്തലത്തിലാണ് അറോറയുടെ പ്രസ്താവന.

അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ അദ്ദേഹം ചീഫ് സെക്രട്ടറി, മഹാരാഷ്ട്ര പോലീസ് ഡയറക്ടര്‍ ജനറല്‍, മുംബൈ പോലീസ് കമ്മീഷണര്‍ എന്നിവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്തയാഴ്ച തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കും. എത്ര ഘട്ടങ്ങളിലായിരിക്കും  മഹാരാഷ്ട്രയില്‍ വോട്ടെടുപ്പെന്ന ചോദ്യത്തിന് പത്രസമ്മേളനത്തില്‍  നിങ്ങള്‍ അറിയുമെന്നായിരുന്നു അറോറ മറുപടി.
തെരഞ്ഞെടുപ്പ് പട്ടികയില്‍ വ്യാജ വോട്ടര്‍മാരുടെ പേര് ഇല്ലാതാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെക്കുറിച്ച് ചീഫ് ഇലക്ടറല്‍ ഓഫീസറെ സമീപിക്കാമെന്ന് അറോറ പറഞ്ഞു.

 

 

Latest News