കൊച്ചിയില്‍ സൈനിക കപ്പലില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക് മോഷണം: കപ്പല്‍ശാലാ ജീവനക്കാരെ ചോദ്യം ചെയ്തു

കൊച്ചി- ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ടി കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ നിര്‍മാണം പുരോഗമിക്കുന്ന വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍
നിന്ന് ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയ സംഭവത്തില്‍ അന്വേഷണം ഉര്‍ജ്ജിതം. പോലീസും കേന്ദ്ര ഏജന്‍സികളും കപ്പല്‍ശാല ആഭ്യന്തരമായും സംഭവം അന്വേഷിക്കുന്നുണ്ട്. കൊച്ചി ക്രൈം ഡിറ്റാച്‌മെന്റ് എ.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായി കപ്പല്‍ശാലയിലെ ജീവനക്കാരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. കപ്പല്‍ശാലയിലെ സുരക്ഷാ വീഴ്ച അതീവ പ്രാധാന്യത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ പരിഗണിക്കുന്നത്. തിരിച്ചറിയല്‍ രേഖകള്‍ ചുരുങ്ങിയത് രണ്ടിടത്തെങ്കിലും പരിശോധിച്ചു മാത്രം ആളുകളെ കയറ്റിവിടുന്ന അതീവ സംരക്ഷണ മേഖലയില്‍ നിന്ന് സുപ്രധാന കംപ്യൂട്ടര്‍ ഭാഗം എങ്ങിനെ കടത്തി എന്നാണ് അന്വേഷിക്കുന്നത്. മോഷ്ടിക്കപ്പെട്ട ഹാര്‍ഡ് ഡിസ്‌കില്‍ തന്ത്രപ്രധാന വിവരങ്ങളൊന്നുമില്ലെന്നാണ് സൂചന. കപ്പല്‍ശാലയുടെ സുരക്ഷാ ചുമതല കേന്ദ്ര വ്യവസായ സുരക്ഷാ സേനയായ സിഐഎസ്എഫിനാണ്.

20,000 കോടി ചെലവില്‍ നിര്‍മിക്കുന്ന ഐഎന്‍എസ് വിക്രാന്തിന്റെ പണി 2021ലാണ് പൂര്‍ത്തിയാകുക. പത്തു വര്‍ഷം മുമ്പാണ് ഇതിന്റെ നിര്‍മാണം കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ തുടങ്ങിയത്. ഷിപ്യാര്‍ഡിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്ര ഷിപ്പിങ് സഹമന്ത്രി വ്യാഴാഴ്ച കൊച്ചിയിലെത്തുന്നുണ്ട്. മോഷണ സംഭവവും മന്ത്രിയുടെ നേതൃത്തില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും.

Latest News