റിയാദ്- സമുദ്ര ഗതാഗത സുരക്ഷയും കപ്പൽ പാതകളുടെ സുരക്ഷയും ഉറപ്പു വരുത്തുന്നതിനുള്ള അന്താരാഷ്ട്ര സഖ്യത്തിൽ സൗദി അറേബ്യയും ചേർന്നു. സമുദ്ര ഗതാഗത സുരക്ഷക്കുള്ള അന്താരാഷ്ട്ര സഖ്യത്തിൽ ചേരാൻ സൗദി അറേബ്യ തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
സ്വതന്ത്രമായ കപ്പൽ ഗതാഗതവും അന്താരാഷ്ട്ര വ്യാപാരവും ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ സാഹചര്യം ഒരുക്കിയും സഖ്യത്തിൽ പങ്കാളികളായ രാജ്യങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിച്ചും, വാണിജ്യ കപ്പലുകൾക്ക് സംരക്ഷണം നൽകുന്നതിനാണ് അന്താരാഷ്ട്ര സഖ്യം ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര കപ്പൽ പാതകളിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് അന്താരാഷ്ട്ര സഖ്യം പ്രവർത്തിക്കും. ഹുർമുസ് കടലിടുക്ക്, ബാബൽ മന്ദബ് കടലിടുക്ക്, ഒമാൻ കടൽ, അറേബ്യൻ ഉൾക്കടൽ എന്നിവിടങ്ങളിൽ വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് അന്താരാഷ്ട്ര സഖ്യം പ്രവർത്തിക്കുന്നത്.
കപ്പൽ ഗതാഗതത്തിനും അന്താരാഷ്ട്ര വ്യാപാരത്തിനും നേരിടുന്ന വെല്ലുവിളികൾ ചെറുക്കുന്നതിനും ആഗോള ഊർജ സുരക്ഷ ഉറപ്പു വരുത്തുന്നതിനും പ്രാദേശിക, അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനാണ് അന്താരാഷ്ട്ര സഖ്യത്തിൽ സൗദി അറേബ്യ ചേർന്നതെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ അംഗങ്ങളാണ്.
ഹുർമുസ് കടലിടുക്കിലും യു.എ.ഇ തീരത്തും ഒമാൻ ഉൾക്കടലിൽ വെച്ചും സമീപ കാലത്ത് എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് പല തവണ ആക്രമണങ്ങളുണ്ടായിരുന്നു. ഇറാനും ഇറാന്റെ പിണിയാളുകളായ ഹൂത്തികളും ഹിസ്ബുല്ലയും അടക്കമുള്ള ഭീകര ഗ്രൂപ്പുകളുമാണ് കപ്പലുകൾക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിലെന്ന് അമേരിക്കയും സഖ്യ രാജ്യങ്ങളും കുറ്റപ്പെടുത്തുന്നു.
മെയ് മാസത്തിൽ യു.എ.ഇയിലെ ഫുജൈറക്കു സമീപം ആക്രമണത്തിനിരയായ നാലു കപ്പലുകളിൽ രണ്ടെണ്ണം സൗദി എണ്ണ ടാങ്കറുകളായിരുന്നു. യു.എ.ഇ ജലാതിർത്തിയിലൂടെ കടന്നു പോകുന്നതിനിടെ സമുദ്ര മൈനുകൾ ഉപയോഗിച്ചാണ് സൗദി എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണങ്ങളുണ്ടായത്. മേഖലയിൽ എണ്ണ ടാങ്കറുകൾ അടക്കമുള്ള വാണിജ്യ കപ്പലുകൾക്കു നേരെ ആക്രമണങ്ങൾ വർധിച്ചതോടെയാണ് സമുദ്ര ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിന് അമേരിക്ക മുൻകൈയെടുത്ത് അന്താരാഷ്ട്ര സഖ്യം സ്ഥാപിച്ചത്.






