Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മദയും സദ്ദാദും സ്വകാര്യവല്‍കരിക്കും; ഡോളര്‍ വിനിമയ നയത്തില്‍ മാറ്റമില്ല

റിയാദ്- അമേരിക്കൻ ഡോളറുമായി സൗദി റിയാലിനെ സ്ഥിരവിനിമയ നിരക്കിൽ ബന്ധിപ്പിച്ച നയത്തിൽ മാറ്റം വരുത്തില്ലെന്നും ഈ നയം സൗദി സമ്പദ്‌വ്യവസ്ഥക്ക് നന്നായി ഗുണം ചെയ്യുന്നതായും കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) ഗവർണർ ഡോ.അഹ്മദ് അൽഖുലൈഫി പറഞ്ഞു. ധനമേഖലാ വികസന പദ്ധതിയുടെ ഭാഗമായി സാമ്പത്തിക തട്ടിപ്പുകൾ അടക്കമുള്ള കാര്യങ്ങളിൽ പൊതുസമൂഹത്തെ ബോധവൽക്കരിക്കുന്നതിന് പുതിയ ഡിപ്പാർട്ട്‌മെന്റ് ആരംഭിക്കുന്നതിന് സാമ ശ്രമിച്ചുവരികയാണ്. ഓൺലൈൻ പെയ്‌മെന്റ് സംവിധാനങ്ങളായ മദയും സദ്ദാദും സ്വകാര്യവൽക്കരിക്കുന്നതിന് ആലോചനയുണ്ട്. സ്വകാര്യവൽക്കരണത്തിന്റെ ആദ്യ ഘട്ടത്തിൽ മദയും സദ്ദാദും സാമക്കു കീഴിൽ തന്നെയാകും. വർഷങ്ങൾക്കു ശേഷം ഇവയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽക്കുകയോ മറ്റു ധനകാര്യ സ്ഥാപനങ്ങൾക്ക് വിൽക്കുകയോ ചെയ്യുന്ന കാര്യം പരിശോധിക്കും. 


ആഗോള തലത്തിൽ പലിശ നിരക്കുകൾ കുറക്കുന്നത് സാമ നിരീക്ഷിച്ചു വരികയാണ്. പലിശ നിരക്ക് കുറക്കൽ 25 അടിസ്ഥാന പോയിന്റിൽ നിന്ന് 50 അടിസ്ഥാന പോയിന്റിലേക്ക് ഉയർന്നേക്കുമെന്ന് സൂചനകളുണ്ട്. പലിശ നിരക്കുകൾ കുറക്കുന്നത് സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കും. ഈ രംഗത്തെ ഏറ്റവും പുതിയ നീക്കങ്ങൾ വിലയിരുത്തുന്നതിനും അതിനനുസൃതമായി സാമ പദ്ധതികൾ തയാറാക്കുന്നതിനും മോണിട്ടറി നയ കമ്മിറ്റി വൈകാതെ യോഗം ചേരും. സൗദി സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന ഏതു പ്രതികൂല ഫലങ്ങളും ബന്ധപ്പെട്ട എല്ലാ കക്ഷികളും വിശകലനം ചെയ്യും. 


പണ ലഭ്യത കുറഞ്ഞാൽ വിപണിയിൽ ഇടപെടുന്നതിൽ സാമക്ക് പരിചയ സമ്പത്തുണ്ട്. പ്രാദേശിക വിപണിയിൽ പണലഭ്യത കുറവുണ്ടാകുമെന്ന് കരുതുന്നില്ല. സാമയുടെ പക്കലുള്ള കരുതൽ വിദേശ ധന ആസ്തി ഏറെ മികച്ചതാണ്. ഏതു സമയത്തും വിപണിയിൽ ഇടപെടാൻ മികച്ച കരുതൽ വിദേശ ധന ആസ്തി സാമക്ക് ശേഷി നൽകുന്നു. സാമയുടെ പക്കലുള്ള കരുതൽ വിദേശ ധന ആസ്തി ഓഗസ്റ്റിൽ 50,700 കോടി റിയാലായി ഉയർന്നിട്ടുണ്ട്.
സൗദിയിൽ പുതുതായി രണ്ടു ബാങ്കുകൾ കൂടി തുറക്കാൻ സാമക്ക് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഒരു ഡിജിറ്റൽ ബാങ്ക് തുറക്കാനും അപേക്ഷ ലഭിച്ചിട്ടുണ്ട്. ഈ വർഷം സൗദി അറേബ്യ 1.9 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വളർച്ച ഇതിൽ നിന്ന് ഏറെ അകലെയായിരിക്കില്ല. േ

പോയിന്റ്‌ ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള വിൽപനയിൽ മൂന്നു വർഷത്തിനിടെ ശ്രദ്ധേയമായ വളർച്ചയുണ്ടായിട്ടുണ്ട്. ഈ രംഗത്ത് 19 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ബാങ്കുകളിലെ നിക്ഷേപങ്ങൾ 3.7 ശതമാനം തോതിൽ വർധിച്ചു. സ്വകാര്യ മേഖലക്കുള്ള വായ്പകൾ 3.4 ശതമാനം തോതിൽ വർധിച്ചെന്നും ഡോ.അഹ്മദ് അൽഖുലൈഫി പറഞ്ഞു. 

 

Latest News