Sorry, you need to enable JavaScript to visit this website.

അറാംകോ ആക്രമിച്ചവരെ കണക്ക് ചോദിക്കാതെ വിടില്ല- ഊര്‍ജ മന്ത്രി

ജിദ്ദ- ബഖീഖ്, ഖുറൈസ് ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരോട് കണക്കു ചോദിക്കുക തന്നെ ചെയ്യുമെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ആഗോള വിദഗ്ധരുമായും യു.എന്നുമായും സൗദി അറേബ്യ സഹകരിക്കുന്നുണ്ട്. ആക്രമണങ്ങളിൽ പങ്കാളികളായവരെയും ഇതിന്റെ ഗൂഢാലോചകരെയും വിശദമായ അന്വേഷണത്തിലൂടെ നിർണയിക്കും. 


ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ തടയുമെന്നും മന്ത്രി പറഞ്ഞു. സൗദി അറേബ്യയിൽ നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നവർ ലോക സമ്പദ്‌വ്യവസ്ഥയാണ് തകർക്കുന്നതെന്ന് സൗദി അറേബ്യയും സൗദി അറാംകൊ കമ്പനിയും നേരിട്ട നശീകരണ പ്രവർത്തനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ടു തന്നെ സൗദി അറേബ്യയുടെ സാമ്പത്തിക സുരക്ഷ മാത്രമല്ല, തങ്ങളുടെ സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിൽ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ലോക രാജ്യങ്ങൾക്ക് പ്രയോജനപ്പെടുന്ന ഉൽപന്നങ്ങൾക്കെതിരായ ആക്രമണങ്ങൾ സൗദി അറേബ്യയിൽ നിന്ന് എണ്ണ വാങ്ങാത്ത രാജ്യങ്ങൾ അടക്കം ഇത്തരം ഉൽപന്നങ്ങൾ ആശ്രയിക്കുന്ന എല്ലാ രാജ്യങ്ങളെയും ഒരുപോലെ ബാധിക്കും. 


ഉപയോക്താക്കൾക്കുള്ള എണ്ണ വിതരണം പൂർണ തോതിൽ പുനഃസ്ഥാപിക്കുന്നതിന് സാധിച്ചിട്ടുണ്ട്. കൂറ്റൻ കരുതൽ സംഭരണികളിൽ നിന്ന് പിൻവലിച്ചാണ് എണ്ണ വിതരണം പൂർണ തോതിൽ പുനഃസ്ഥാപിച്ചത്. എണ്ണയുൽപാദനം ഈ മാസാവസാനത്തോടെ പൂർണ തോതിൽ പുനഃസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 
എണ്ണ വിപണിക്കും കപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങൾ ലോക സമ്പദ്‌വ്യവസ്ഥക്കെതിരായ ആക്രമണങ്ങളാണ്. ആക്രമണങ്ങളിലൂടെ സൗദി അറേബ്യയെ മാത്രമല്ല ലക്ഷ്യമിടുന്നത്. മറിച്ച് ഇതിന്റെ പ്രത്യാഘാതങ്ങൾ ആഗോള വിപണിയെയും ബാധിക്കും. ഇത്തരം ആക്രമണങ്ങൾ മുഴുവൻ വികസ്വര, വികസിത രാജ്യങ്ങൾക്കും എതിരായ ആക്രമണങ്ങളാണ്. ഭീകരതക്ക് സഹായം നൽകുന്ന രാജ്യങ്ങളെ ശിക്ഷിക്കുന്നതിന് കൂടുതൽ കർക്കശമായ നിലപാടുകൾ സ്വീകരിച്ച് തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ലോകം മുന്നിട്ടിറങ്ങണമെന്നും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
പെട്രോളിയം ഉൽപന്നങ്ങളുടെ തന്ത്രപ്രധാന കരുതൽ ശേഖരത്തിന്റെ പ്രാധാന്യം ആക്രമണങ്ങൾക്കു ശേഷം എല്ലാവർക്കും മനസ്സിലായി. സൗദിയിലും വിദേശത്തുമായി പെട്രോളിയം ഉൽപന്നങ്ങളുടെ വലിയ കരുതൽ ശേഖരം സൗദി അറാംകോയുടെ പക്കലുണ്ട്. സുരക്ഷ മുൻനിർത്തി ഇത് എത്രയാണെന്ന് സൗദി അറേബ്യ വെളിപ്പെടുത്തില്ല. 
സൗദി അറേബ്യയിൽ എണ്ണ കരുതൽ ശേഖരം വർധിപ്പിക്കണമെന്ന് ഗവൺമെന്റ് എന്നും സൗദി അറാംകോയോട് ആവശ്യപ്പെടാറുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ആശ്രയിക്കാവുന്ന ഫലപ്രദമായ നടപടിയെന്നോണം ആഭ്യന്തര പെട്രോൾ കരുതൽ ശേഖരം വർധിപ്പിക്കുന്നതിന് കമ്പനിയുമായി ഗവൺമെന്റ് ആശയവിനിമയം നടത്തിയിരുന്നു. ഈ നയം വലിയ വിജയമാണെന്ന് പുതിയ സംഭവവികാസങ്ങൾ തെളിയിച്ചു. 
സൗദി അറേബ്യയുടെ പ്രതിദിന എണ്ണ ഉൽപാദനത്തിൽ 57 ലക്ഷം ബാരലിന്റെ കുറവാണ് ആക്രമണങ്ങളുണ്ടാക്കിയത്. ഇതിൽ 45 ലക്ഷം ബാരൽ ബഖീഖ് പ്ലാന്റിൽ നിന്നുള്ളതാണ്. 380 കോടിയിലേറെ ഘന അടി ഗ്യാസ് ഉൽപാദനവും തടസ്സപ്പെട്ടു. സൗദി അറേബ്യയുടെ എണ്ണയുൽപാദനത്തിന്റെ പകുതിയാണ് ആക്രമണത്തിലൂടെ തടസ്സപ്പെട്ടത്. ഇത് ആഗോള തലത്തിലെ ആകെ എണ്ണയുൽപാദനത്തിന്റെ ആറു ശതമാനത്തിന് തുല്യമാണ്. ഇതിന്റെ പകുതിയിലേറെ ഉൽപാദനം പുനഃസ്ഥാപിക്കുന്നതിന് രണ്ടു ദിവസത്തിനിടെ സൗദി അറാംകൊക്ക് സാധിച്ചു. കരുതൽ എണ്ണ ശേഖരത്തിൽ നിന്ന് എണ്ണ പിൻവലിച്ച് ഈ മാസം ഉപയോക്താക്കൾക്കുള്ള എണ്ണ വിതരണ ബാധ്യത പൂർണ തോതിൽ പാലിക്കും. ഈ മാസാവസാനത്തോടെ പ്രതിദിന ഉൽപാദന ശേഷി 11 ദശലക്ഷം ബാരലിലും നവംബർ അവസാനത്തോടെ 12 ദശലക്ഷം ബാരലിലും എത്തിക്കും. വാതക ഉൽപാദനവും ഈ മാസാവസാനത്തോടെ പടിപടിയായി പൂർവസ്ഥിതിയിലാകും. 
ഗ്യാസ് ഉൽപാദനം മുടങ്ങിയത് സൗദിയിൽ വൈദ്യുതി ഉൽപാദനത്തെയോ സമുദ്രജല ശുദ്ധീകരണത്തെയോ ബാധിച്ചിട്ടില്ല. കരുതൽ ശേഖരത്തിൽനിന്ന് പിൻവലിച്ചും മറ്റു ഇന്ധനങ്ങളിലേക്ക് മാറിയും പ്രതിസന്ധി മറികടന്നിട്ടുണ്ട്. പ്രാദേശിക വിപണിയിലെ പെട്രോൾ, ഡീസൽ വിതരണത്തെയും ആക്രമണങ്ങൾ ബാധിച്ചിട്ടില്ല. ഈ മാസത്തെ എണ്ണ കയറ്റുമതി കുറയില്ല. അതുകൊണ്ടു തന്നെ വരുമാനത്തെ ബാധിക്കില്ലെന്നും ഊർജ മന്ത്രി പറഞ്ഞു.

Latest News