Sorry, you need to enable JavaScript to visit this website.

തൃശൂരിൽ പിടിയിലായ സീമ പെൺവാണിഭ ബിസിനസിലെ നമ്പർ വൺ; വിദേശത്തും സീമയ്ക്ക് വേരുകൾ

തൃശൂർ- നഗരത്തിലെ ലോഡ്ജിൽ പെൺവാണിഭം നടത്തിയ കേസിൽ കീഴടങ്ങിയ മുഖ്യപ്രതിയും നടത്തിപ്പുകാരിയുമായ തളിക്കുളം കണ്ണോത്ത്പറമ്പിൽ സീമയ്ക്ക് (42) വിദേശത്തും കണ്ണികളെന്ന് പോലീസ്. കേരളത്തിനകത്ത് എല്ലായിടത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സീമയ്ക്ക് പെൺവാണിഭ ബിസിനസിന് ആളുകളുണ്ടെന്ന് പോലീസിന് മനസ്സിലായിട്ടുണ്ട്. ഇതേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. 
ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം പെൺകുട്ടികളെ സീമയും കൂട്ടരും കേരളത്തിലേക്ക് പെൺവാണിഭത്തിനായി എത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്നു പിടിയിലായവരിൽ ആറുപേർ അന്യസംസ്ഥാനക്കാരായ സ്ത്രീകളായിരുന്നു.
സാമ്പത്തിക ലാഭത്തിനായി പെൺവാണിഭം നടത്തിയെന്ന കേസാണ് സീമക്കെതിരെ ചുമത്തുന്നത്. സീമക്കെതിരെ ഏഴോളം പെൺവാണിഭ കേസുകളാണ് ഉള്ളത്.
നഗരത്തിലെ ഫഌറ്റുകൾ കേന്ദ്രീകരിച്ച് നേരത്തെ പെൺവാണിഭം നടത്തിയിരുന്ന സീമ പിന്നീട് വൻ തുക നൽകി ലോഡ്ജുകളിൽ മുറികൾ വാടകക്കെടുത്താണ് ബിസിനസ് നടത്തിയിരുന്നത്. അഞ്ചും ആറും പെൺകുട്ടികളെ ലോഡ്ജുകളിൽ പാർപ്പിച്ച് ആവശ്യക്കാരെ അവിടേക്ക് കൊണ്ടുവന്നായിരുന്നു ബിസിനസ്.
പിടിയിലാകുമ്പോഴെല്ലാം പിഴയടച്ച് തലയൂരുകയാണ് പതിവ്. വൻ തുകയാണ് സീമ ആവശ്യക്കാരിൽ നിന്നും ഈടാക്കാറുള്ളത്. ഇത്തരക്കാരെ തേടിയെത്തുന്നവരുടെ എണ്ണം കൂടുന്നതായും പോലീസ് പറയുന്നു.
തൃശൂർ പെൺവാണിഭ സംഘങ്ങളുടെ ഹബ്ബായി മാറുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. ശിക്ഷ പിഴയിൽ മാത്രം ഒതുങ്ങുന്നതാണ് ഇത്തരം സംഘങ്ങൾ വർധിക്കാൻ കാരണം.
2016 മുതൽ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ പോലീസ് സ്റ്റേഷനുകളിലായി ഏഴ് സമാന കേസുകളുണ്ട് സീമയ്ക്ക്.
നക്ഷത്ര ഹോട്ടലുകളിലാണ് സീമ ഇപ്പോൾ തന്റെ ബിസിനസിനായി എത്തുന്നത്. പെട്ടെന്ന് പോലീസ് റെയ്ഡുകൾ ഇത്തരം നക്ഷത്ര ഹോട്ടലുകളിൽ വരില്ലെന്ന കണക്കു കൂട്ടലിലാണ് ഇതെന്ന് പോലീസ് പറയുന്നു. ഗൾഫിൽ പെൺവാണിഭ ബിസിനസിന്റെ വേരുകൾ ശക്തമാക്കുന്നതിനിടെയാണ് സീമ ഇപ്പോൾ പോലീസ് പിടിയിലായത്. നടത്തിപ്പുകാരി പിടിയിലായെങ്കിലും ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയും വിധം ശക്തമായ വേരുകൾ ഇന്ത്യക്കകത്തും പുറത്തും സീമയും കൂട്ടരും സജ്ജമാക്കിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ബിസിനസ് കൊഴുത്തതോടെ സീമ തന്റെ രൂപത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ചില ട്രീറ്റ്‌മെന്റുകൾ മുഖേനയാണ് സീമ തന്റെ രൂപമാറ്റം വരുത്തിയതെന്നാണ് സൂചന. വിലകൂടിയ ആഡംബര കാറുകളിൽ സഞ്ചരിക്കുന്ന സീമയും കൂട്ടരും അംഗരക്ഷകരുടെ സംരക്ഷണത്തിലാണ് ബിസിനസ് നടത്തുന്നത്. ലോഡ്ജുകളിലെല്ലാം ഈ അംഗരക്ഷകരുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് അറുപതോളം പേരാണ് സീമയുടെ റാക്കറ്റിൽ ഉൾപ്പെട്ട് തൃശൂരിലെ വിവിധ ലോഡ്ജുകളിൽ കഴിയുന്നത്. ഏറ്റവും ചുരുങ്ങിയത് അയ്യായിരം രൂപയാണ് മണിക്കൂറിന് ഈടാക്കാറുള്ളതെന്നും പെൺകുട്ടികൾക്ക് ആയിരം രൂപയാണ് ഇതിൽ നിന്നും കിട്ടുകയെന്നും പറയുന്നു.
ഏതെങ്കിലും പ്രശ്‌നമുണ്ടായാൽ അംഗരക്ഷകർ പെൺകുട്ടികളെ രക്ഷപ്പെടുത്തുകയാണ് പതിവ്. ഇവർക്ക് മുറികൾ വാടകയ്ക്ക് നൽകുന്ന ലോഡ്ജുകാർക്കും ബിസിനസിനെക്കുറിച്ച് അറിയാമെന്നാണ് പോലീസ് കരുതുന്നത്. അപരിചിതർ മുറികളിലേക്ക് വരുന്നതും പോകുന്നതും കണ്ടാൽ പോലും അതേക്കുറിച്ച് ചോദിക്കാൻ ലോഡ്ജുടമകൾ തയാറാകാറില്ലെന്നാണ് പറയുന്നത്.
സീമയുടെ പണത്തിന് മേൽ പരുന്തും പറക്കില്ലെന്നാണ് പെൺവാണിഭ സംഘങ്ങൾക്കിടയിലെ ചൊല്ല്. തൃശൂരിനകത്തും പറത്തുമുള്ള പെൺവാണിഭ ബിസിനസിലെ ലേഡി ഡോൺ എന്നാണ് സീമ അറിയപ്പെടുന്നത്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ചുറ്റിക്കറങ്ങി അവിടെ നിന്നും ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ കണ്ടെത്തി അവരെ കേരളത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയാണ് സീമയും കൂട്ടരും ചെയ്യുന്നത്. 
കഴിഞ്ഞയാഴ്ച തൃശൂർ നഗരത്തിലെ ഫഌറ്റിൽ നിന്നും കാർ ഡ്രൈവർ 62 പവനും അറുപതിനായിരം രൂപയും കവർന്ന സംഭവത്തിൽ പോലീസിന് പരാതി ലഭിച്ചിരുന്നു. സീമ വാടകയ്ക്ക് താമസിച്ചിരുന്ന ഫഌറ്റിൽ നിന്നാണ് സ്വർണവും പണവും കവർന്നത്. ഈ പരാതിയിൽ എത്ര മാത്രം വാസ്തവമുണ്ടെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
പെൺവാണിഭത്തിനായി പെൺകുട്ടികളെ ഗൾഫിലേക്കു കടത്തുന്നുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

Latest News