Sorry, you need to enable JavaScript to visit this website.

ഭാഷാ ഭ്രാന്ത് നാശത്തിന്റെ പുതുവഴി

ഭാഷാ സംസ്ഥാനങ്ങൾ ഇന്ത്യയുടെ ഐക്യത്തെ ശക്തിപ്പെടുത്തുക മാത്രമാണുണ്ടായത്. മറിച്ചുള്ള ചിന്ത സ്വന്തം പാർട്ടിക്കാരെക്കൊണ്ട് പോലും അംഗീകരിപ്പിക്കാനാവില്ലെന്ന് ഏറ്റവും അവസാനം ബി.ജെ.പി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയിൽനിന്ന് വന്ന പ്രതികരണം വ്യക്തമാക്കുന്നു. അമിത് ഷായുടെ ഹിന്ദി വാദത്തോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ് 'രാജ്യത്തെ എല്ലാ ഭാഷകളും തുല്യമാണ്. കർണാടകയെ സംബന്ധിച്ച് കന്നഡയാണ് മുഖ്യം. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല.' ശരിക്കും ഹരജി പുറത്തെ മറുപടി.

ഭാഷാ ഭ്രാന്തിന്  ഇന്ത്യയിൽ ഇടമില്ല. ഭാഷയുടെ പേരിലൊരു യുദ്ധത്തിനൊന്നും ഇന്ത്യയിൽ ഇനി ഒരു തരിമ്പ് സ്ഥലമില്ലെന്നുറപ്പ്.  തമിഴ്‌നാട്ടിലും, കർണാടകയിലുമെല്ലാം കുറച്ച് കരി ഓയിൽ ചെലവാകും എന്നതൊഴിച്ചാൽ ഒരു ഫലവും കൊണ്ടുവരാത്ത സംഗതി. ഹിന്ദി ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിൽനിന്ന് ഹിന്ദി ഇന്ത്യയുടെ പൊതു ഭാഷയാക്കണമെന്ന നിർദ്ദേശം വന്നയുടൻ തന്നെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആ നിലപാടിനെ ഭോഷ്‌ക് എന്ന രൂക്ഷ പദത്തിലാണ് വിശേഷിപ്പിച്ചത്. പ്രധാന വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും മുഖ്യമന്ത്രി ശരിയാംവണ്ണം വിലയിരുത്തി കഴിഞ്ഞു. കാര്യങ്ങൾ കൂടുതൽ തിരിച്ചറിഞ്ഞതു കൊണ്ടാണോ എന്നറിയില്ല, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തന്റെ തീവ്ര ഹിന്ദി പക്ഷ നിലപാടു പറയുന്ന ട്വീറ്റ് പിന്നീട് മയപ്പെടുത്തി.  ഭരണഘടനയിൽ ഹിന്ദിയുടെ കാര്യം എപ്രകാരം പറഞ്ഞുവെന്ന് ഓർമ്മിപ്പിക്കുന്ന ഗവർണർ ഭരണഘടന ഹിന്ദിയെ രാഷ്ട്രഭാഷയായി കാണുന്നില്ലെന്ന് എടുത്തു പറയുന്നുണ്ട്. അതേസമയം ഹിന്ദി ഔദ്യോഗിക ഭാഷയാക്കുന്ന ഉത്തരവാദിത്തം ഭരമേൽപ്പിക്കപ്പെട്ടിട്ടുണ്ടെന്ന ഭരണഘടന ആർട്ടിക്കിൾ 351ലെ ഭാഗം അദ്ദേഹം ട്വീറ്റിൽ ചേർത്തിരിക്കുന്നു. 
ഭാഷകളുടെ കാര്യത്തിൽ ഇന്ത്യ ലോകത്തിലെ വലിയ അത്ഭുതങ്ങളിലൊന്നായിരിക്കും. ആയിരക്കണക്കിന് ഭാഷകളാണ് ഇന്ത്യയിൽ നിലവിലുള്ളത്. ഇവയിൽ പലതിനും ലിപി പോലുമില്ല. വാമൊഴിയായി എത്രയോ തലമുറകളിലേക്ക് ആ ഭാഷ ജീവിക്കുന്നു. ഔദ്യോഗിക ഭാഷകൾ 22 എണ്ണമുണ്ട്. ഇവയെയെല്ലാം പിടിച്ച് ഒരു കൂട്ടിലടക്കാമെന്ന് ചിന്തിക്കുന്നതു പോലെ ഫലശൂന്യമായ കാര്യമെന്തുണ്ട്? 130 കോടിയിലധികം വരുന്ന ഇന്ത്യൻ ജനതയിൽ പകുതി പോലുമില്ലാത്ത ഉത്തരേന്ത്യൻ ജനതയാണ് (55 കോടി) ഹിന്ദി മാതൃഭാഷയായവർ. അവർ ഹിന്ദി വാദം കേട്ട് പഴയതുപോലെ ആവേശഭരിതരാകുമോ? കണ്ടറിയേണ്ട കാര്യമാണ്. ആധുനിക കേരളത്തിന്റെ എഴുത്തച്ഛനായ എം.ടി.വാസുദേവൻ നായർ 'ഒരു രാജ്യം ഒരു ഭാഷ' എന്ന നിർദ്ദേശത്തെ ഏകാധിപത്യപരം എന്നാണ് വിശേഷിപ്പിച്ചത്. ഭാഷ അടിച്ചേൽപ്പിച്ചതിന്റെ പേരിലാണ് സോവിയറ്റ് സാമ്രാജ്യം തകർന്നതെന്ന എം.ടിയുടെ ഓർമ്മപ്പെടുത്തലിൽ എല്ലാം അടങ്ങിയിരിക്കുന്നു. അധികാരം തലക്ക് പിടിച്ചപ്പോൾ സോവിയറ്റ് യൂനിയൻ നേതൃത്വത്തിന്റെ തലയിലുദിച്ച ഭ്രാന്തൻ ആശയമായിരുന്നു ജനതക്കാകെ റഷ്യൻ ഭാഷ മതിയെന്നത്. അതാകട്ടെ സോവിയറ്റ് ഏകാധിപതി സ്റ്റാലിൻ ജീവിതത്തിലുടനീളം മനസ്സിൽ കൊണ്ടുനടന്ന ആശയവുമായിരുന്നു.  
ഭാഷാ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യൻ നയം ഇന്ത്യയുടെ ഐക്യത്തെ ബാധിച്ചേക്കുമോ എന്ന് സ്റ്റാലിൻ  ഭയന്നിരിക്കാം എന്നാണ് ഇതേപ്പറ്റി ചരിത്രകാരൻ രാമചന്ദ്രഗുഹ നിരീക്ഷിച്ചത്. ഇന്ത്യക്ക് പക്ഷെ ഒന്നും സംഭവിച്ചില്ല. സോവിയറ്റ് യൂനിയനിൽ എന്തുണ്ടായെന്ന് എം.ടി ഇങ്ങിനെ എഴുതുന്നു  'അബ്ബായി എന്ന കവിയുടെ നൂറാം ജന്മ വാർഷികം ആഘോഷിക്കുന്ന വേളയിലാണ് എല്ലാ കവിതകളും റഷ്യൻ ലിപിയിലാകണമെന്ന നിയമം വന്നത്. തങ്ങളുടെ ഭാഷയെ കൊന്നു കളയുന്നതിലുള്ള പ്രതിഷേധത്തിൽ നിന്നായിരുന്നു ഖസാഖിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം'
ഖസാഖിസ്ഥാൻ പിരിഞ്ഞതോടെ സോവിറ്റ് യൂനിയനും ലോകത്തിനും എന്ത് സംഭവിച്ചു എന്ന് ലോകം അനുഭവിച്ചറിഞ്ഞു.  ആ വേർപിരിയലിന് മറ്റ് കാരണങ്ങളും ഉണ്ടെങ്കിലും തുടക്കം ഭാഷ വഴി മനുഷ്യരെ മുറിവേൽപ്പിച്ചപ്പോഴായിരുന്നു. ഭാഷയും സംസ്‌കാരവുമെല്ലാം എല്ലാ മനുഷ്യർക്കും ജീവന് തുല്യമാണ്.  ജനങ്ങൾ ഹിന്ദി പഠിക്കണമെന്നതാണ് ഇപ്പറയുന്നതിന്റെയൊക്കെ അടിസ്ഥാന താൽപര്യമെന്ന് ആരും വിശ്വസിക്കില്ല. കേരളത്തിലെ ജനങ്ങൾ എത്രയോ വർഷമായി ഹിന്ദി പഠിക്കുന്നവരാണ്. ഹിന്ദി പഠിച്ചില്ലെങ്കിൽ ആർക്കും പത്താം ക്ലാസ് പാസാകാൻ കഴിയില്ല. സെൻട്രൽ സിലബസിൽ പഠിക്കുന്നവർ ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠിച്ചു തുടങ്ങുന്നുണ്ട്. യാഥാർഥ്യം ഇതായിരിക്കെ ഉയരുന്ന ഹിന്ദി വാദത്തിന്റെ ലക്ഷ്യം മറ്റെന്തൊക്കെയോ ആണ്. അതിൽ പ്രധാനം ശ്രദ്ധ തിരിക്കൽ തന്ത്രമല്ലാതെ മറ്റൊന്നുമായിരിക്കില്ല. ഏക ഭാഷാ വാദമുന്നയിക്കുന്നവർക്ക് മുന്നിൽ അയൽ രാജ്യമായ പാക്കിസ്ഥാന്റെ അനുഭവമെങ്കിലും പാഠമാകേണ്ടതാണ്. 1950 കളിൽ പാക്കിസ്ഥാനിൽ ഉറുദു അടിച്ചേൽപ്പിക്കാൻ ശ്രമമുണ്ടായപ്പോൾ വലിയ കലാപങ്ങൾ തന്നെ നടന്നു. 
ഒടുവിൽ ആ രാജ്യത്തിന്റെ പിളർപ്പിനുപോലും കാരണമായത് (ബംഗ്ലാദേശ് രൂപീകരണം) ഭാഷയായിരുന്നുവെന്ന് എല്ലാവരും മറക്കുന്നു. ഭാഷാ സംസ്ഥാനങ്ങൾ ഇന്ത്യയുടെ ഐക്യത്തെ ശക്തിപ്പെടുത്തുക മാത്രമാണുണ്ടായത്. മറിച്ചുള്ള ചിന്ത സ്വന്തം പാർട്ടിക്കാരെക്കൊണ്ട് പോലും അംഗീകരിപ്പിക്കാനാവില്ലെന്ന് ഏറ്റവും അവസാനം കർണാടകയിലെ ബി.ജെ.പി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയിൽ നിന്ന് വന്ന പ്രതികരണം വ്യക്തമാക്കുന്നു. അമിത് ഷായുടെ ഹിന്ദി വാദത്തോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: 'രാജ്യത്തെ എല്ലാ ഭാഷകളും തുല്യമാണ്. കർണാടകയെ സംബന്ധിച്ച് കന്നഡയാണ് മുഖ്യം. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല.' ശരിക്കും ഹരജിപുറത്തെ മറുപടി.

Latest News