Sorry, you need to enable JavaScript to visit this website.

മദ്യക്കടത്തിനും ഇൻഷുറൻസ് വെട്ടിപ്പിനും  പിടിയിലായ രണ്ടു മലയാളികൾ ജയിൽ മോചിതരായി 

ദമാം- മദ്യം കടത്തിയതിനും, ഇൻഷുറൻസ് തുക വെട്ടിപ്പിന് സ്വന്തം സ്ഥാപനം കത്തിച്ചും കേസിലകപ്പെട്ട് ദമാം സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന രണ്ട് മലയാളികൾ തടവ് ശിക്ഷയിൽ ഇളവ് ലഭിച്ച് ജയിൽ മോചിതരായി നാട്ടിലേക്ക് മടങ്ങി. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷിഹാസ്, പുനലൂർ സ്വദേശി അബ്ദുൽ റഷീദ് എന്നിവരാണ് ആറു മാസത്തെ തടവിന് ശേഷം മോചിതരായത്. രണ്ടു വർഷമായിരുന്നു ഇരുവരുടേയും ശിക്ഷ. 
ആറ് മാസം മുൻപാണ് മട്ടാഞ്ചേരി സ്വദേശി ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബസമേതം ബഹ്‌റൈനിൽ നിന്നും സൗദിയിലേക്ക് സ്വന്തം വാഹനത്തിൽ കോസ്‌വേയിലൂടെ മദ്യം കടത്തിയത്. 65 കുപ്പി മദ്യവുമായി പിടിക്കപ്പെട്ടതോടെ ജയിലിലകപ്പെടുകയായിരുന്നു. ബഹ്റൈൻ വിസക്കാരനായതിനാൽ കുടുംബത്തെ ബഹ്‌റൈനിലേക്ക് തിരിച്ചയച്ചു. കോടതിയിൽ ഹാജരാക്കിയ ഷിഹാസിന് ദമാം ക്രിമിനൽ കോടതി രണ്ടു വർഷം തടവാണ് വിധിച്ചിരുന്നത്.  
കൊല്ലം പുനലൂർ സ്വദേശി അബ്ദുൽ റഷീദ് കുടുംബവുമായി നല്ല നിലയിൽ പ്രവാസ ജീവിതം നയിക്കുന്നതിനിടയിൽ സാമ്പത്തികമായി പ്രതിസന്ധിയിലായി. ഇതിൽനിന്ന് എളുപ്പവഴിയിൽ കരകയറാൻ ഇൻഷുറൻസ് നഷ്ടപരിഹാരത്തിനായി സ്വന്തം സ്ഥാപനമായ വർക്‌ഷോപ്പിന് തീക്കൊളുത്തുകയായിരുന്നു. ഇരുട്ടിൽ മുഖംമൂടിയണിഞ്ഞ് വർക്ക്ഷോപ്പിലെത്തി കത്തിക്കുന്നത് സി.സി.ടി.വിയിൽ പതിഞ്ഞത് പോലീസ് പരിശോധിച്ചതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു. തുടർന്ന് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി രണ്ടു വർഷം തടവ് ശിക്ഷ വിധിച്ച് ദമാം സെൻട്രൽ ജയിലിലാക്കി. രണ്ടു പേരുടെയും ഭാര്യമാരുടെ സങ്കട ഹരജി സാമൂഹ്യ പ്രവർത്തകൻ മണിക്കുട്ടൻ വഴി ദമാം ജയിൽ മേധാവിക്ക് സമർപ്പിച്ചതോടെയാണ് ശിക്ഷാ കാലാവധിയിൽ ഇളവു ലഭിച്ച് ഇരുവർക്കും മോചനം സാധ്യമായത്. 
എളുപ്പത്തിൽ പണം സമ്പാദിക്കാൻ നിയമവിരുദ്ധമായ കുറുക്കു വഴികൾ ചില പ്രവാസികൾ തേടുന്നതാണ് ഇത്തരം കേസുകളുണ്ടാവാൻ കാരണമെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. 
ഇതിനായി സ്വന്തം കുടുംബങ്ങളെ പോലും കൂട്ട് പിടിക്കുന്ന പ്രവണത കൂടി വരികയാണ്. കുടുംബവുമായി മദ്യക്കടത്തിലും മറ്റു അനാശ്യാസമായ പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ പോലീസ് പരിശോധനയിൽ ഇളവു ലഭിക്കുമെന്നാണ് ഇക്കൂട്ടർ കരുതുന്നത്. ഒന്നോ രണ്ടോ തവണ രക്ഷപ്പെടുമെങ്കിലും പിന്നീട് പിടിക്കപ്പെടുമെന്നതിന് തെളിവാണ് ഈ കേസുകളെന്നും ഇത്തരം പ്രവർത്തികളിൽനിന്ന് വിട്ടു നിൽക്കണമെന്നും സാമൂഹ്യ പ്രവർത്തകർ അഭ്യർഥിച്ചു. 
 

Latest News