Sorry, you need to enable JavaScript to visit this website.

നിയോമിൽ ജീവനക്കാരുടെ  പാർപ്പിട നിർമാണം തുടങ്ങി

നിയോം പദ്ധതി പ്രദേശത്ത് ജീവനക്കാർക്കുള്ള പാർപ്പിട സമുച്ചയ നിർമാണം എൻജി. നദ്മി അൽനസ്ർ ഉദ്ഘാടനം ചെയ്യുന്നു. 

തബൂക്ക്- സൗദിയിലെ സ്വപ്‌നനഗരിയായ നിയോം സിറ്റിയിൽ ജീവനക്കാർക്കുള്ള പാർപ്പിട സമുച്ചയങ്ങളുടെ നിർമാണ പ്രവൃത്തി ആരംഭിച്ചതായി നിയോം കമ്പനി അറിയിച്ചു. നിയോം കമ്പനി സി.ഇ.ഒ എൻജി. നദ്മി അൽനസ്ർ നിർമാണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പാർപ്പിട സമുച്ചയ നിർമാണത്തിന് കരാർ ഏറ്റെടുത്ത അൽതമീമി ഗ്രൂപ്പ് ഡയറക്ടർ ബോർഡ് ചെയർമാൻ താരിഖ് അൽതമീമി, സാറ്റ്‌കോ കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ മാലിക് അൻതാബി എന്നിവർ സംബന്ധിച്ചിരുന്നു.  
നിലവിൽ വിവിധ പ്രവിശ്യകളിലായി നിയോം പദ്ധതികൾക്കായി ജോലി ചെയ്യുന്ന 30,000 ജീവനക്കാർ പാർപ്പിട സമുച്ചയം യാഥാർഥ്യമാകുന്നതോടെ നിയോം സിറ്റിയിലേക്ക് താമസം മാറും. ഇതിനായുള്ള പദ്ധതികൾ ഇതിനകം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഈ മാസം എട്ടിനാണ് അൽതമീമി ഗ്രൂപ്പുമായും സാറ്റ്‌കോ കമ്പനിയുമായും നിയോം കമ്പനി കരാറിൽ ഒപ്പുവെച്ചത്. ദേശീയ കമ്പനികളെ ചുമതലപ്പെടുത്തി വൻകിട പദ്ധതികൾ നടപ്പിലാക്കണമെന്ന് നിയോം ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദേശം നൽകിയിരുന്നതായി എൻജി. നദ്മി അൽനസ്ർ പറഞ്ഞു. അനേകം സ്വദേശികൾക്ക് നിയോമിൽ തൊഴിൽ അവസരം ഒരുക്കുന്നതിനും കിരീടാവകാശി നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Latest News