Sorry, you need to enable JavaScript to visit this website.

നിക്കാഹിനുശേഷം മരുമകന്‍ ജയിലില്‍; വിട്ടുകിട്ടാന്‍ കശ്മീരി പിതാവിന്റെ നെട്ടോട്ടം


ശ്രീനഗര്‍- മകളുടെ വിവാഹം നടത്താന്‍ മരുമകനെ തടങ്കലില്‍നിന്ന് വിട്ടയക്കണമെന്ന ആവശ്യവുമായി ഒരു കശ്മീരി പിതാവ്. നിക്കാഹ് നടത്തിയ രേഖയുമായി നാസിര്‍ അഹ് മദ് ഭട്ട് ശ്രീനഗറിലെ ആറ് പത്രം ഓഫീസുകളിലെത്തി. ഒരേ ഒരു ആവശ്യമാണ്, മകളുടെ വിവാഹം നടത്തണം, മരുകനെ ദയവായി വിട്ടയക്കണം.
 
വടക്കന്‍ കശ്മീരില്‍ ബാരാമുല്ല ജില്ലയിലെ റഫിയാബാദ് സ്വദേശിയായ ഭട്ട് 60 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ശ്രീനഗറിലെത്തിയത്. പത്രങ്ങളില്‍ വാര്‍ത്തയായാല്‍ ഒരുപക്ഷേ സഹായം ലഭിച്ചേക്കുമെന്ന് ബന്ധുവാണ് ഉപദേശിച്ചത്.
നിക്കാഹ് നടത്തിയ ഭട്ടിന്റെ മകളുടെ വിവാഹം ഈ മാസം എട്ടിന് നടക്കേണ്ടതായിരുന്നു. ബിസിനസ് ബിരദധാരിയും ഗ്രാമത്തലവനുമാണ് വരന്‍ തന്‍വീര്‍ അഹമ്മദ്. ആറു മാസം മുമ്പ് തന്നെ വിവാഹത്തിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ ദിവസമാണ് തന്‍വീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. അക്രമം തടയുന്നതിന്റെ ഭാഗമായി മറ്റു രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്ത കൂട്ടത്തില്‍ തന്‍വീറിനെയും കരുതല്‍ തടങ്കലിലാക്കിയതാണെന്നാണ് അധികൃതരടെ വിശദീകരണം.

ആശയ വിനിമയ സംവിധാനങ്ങളെല്ലാം വിഛേദിച്ചിരുന്നതിനാല്‍ സംഭവം നടന്ന് നാലു ദിവസത്തിനു ശേഷമാണ് സര്‍ക്കാര്‍ ജീവനക്കാരനായ ഭട്ട് അറസ്റ്റ് വിവരം അറിഞ്ഞത്. കുടുംബത്തിലെ ഏക വരുമാനക്കാരനാണ് തന്‍വീര്‍. മാതാവിനും പിതാവിനും താങ്ങും തണലുമായി തന്‍വീര്‍ മാത്രമേയുള്ളൂ. സഹോദരിമാരെല്ലാം വിവാഹിതരായി പലയിടങ്ങളിലാണ്. അതിനാല്‍ തന്നെ തന്‍വീറിന്റെ കുടുംബം ദുരിതത്തിലാണ്.

വിവാഹം നടത്താന്‍ അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ ആ കുടുംബത്തിന് സഹായമായി തന്റെ മകള്‍ സുരയ്യ ഉണ്ടാകുമല്ലോയെന്ന് ഭട്ട് പറയുന്നു. നിയമപരമായി വിവാഹതിരാണെങ്കിലും ഭര്‍തൃ ഗൃഹത്തിലേക്ക് പോകണമെങ്കില്‍ വിവാഹ ചടങ്ങുകള്‍ കൂടി കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരുമകന്‍ കരുതല്‍ തടങ്കിലിലാണോ ദേശ സുരക്ഷാ നിയമം ചുമത്തിയിട്ടുണ്ടോ എന്നൊന്നും അറിയില്ലെന്ന് ഭട്ട് പറഞ്ഞു. നിരവധി പേരെ കശ്മീരില്‍നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജയിലുകളിലേക്ക് മാറ്റിയിരുന്നു.

 

Latest News