Sorry, you need to enable JavaScript to visit this website.

ലോകത്ത് ഏറ്റവും വലിയ കുടിയേറ്റക്കാര്‍ ഇന്ത്യക്കാര്‍ തന്നെ; പുതിയ യുഎന്‍ കണക്കുകള്‍ ഇങ്ങനെ

ന്യൂയോര്‍ക്ക്- ആഗോള തലത്തില്‍ ഏറ്റവും വലിയ രാജ്യാന്തര കുടിയേറ്റ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ പുതിയ കണക്കുകള്‍. 2019ലെ കണക്കുകള്‍ പ്രകാരം 1.75 കോടി ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളില്‍ കഴിയുന്നത്. ലോകത്തൊട്ടാകെ 27.2 കോടി ആളുകളാണ് സ്വന്തം രാജ്യം വിട്ട് പുറത്തേക്ക് കുടിയേറിയിരിക്കുന്നതെന്നും യുഎന്‍ സാമ്പത്തിക സാമൂഹ്യ കാര്യ വകുപ്പിന്റെ ജനസംഖ്യാ വിഭാഗം പ്രസിദ്ധീകരിച്ച ഇന്റര്‍നാഷണല്‍ മൈഗ്രന്റ് സ്റ്റോക്ക് 2019 എന്ന റിപോര്‍ട്ടില്‍ പറയുന്നു. വയസ്സ്, ലിംഗം, സ്വന്തം രാജ്യം, മേഖല എന്നിവ വേര്‍ത്തിരിച്ചാണ് ഈ റിപോര്‍ട്ടില്‍ കുടിയേറ്റക്കാരുടെ കണക്കെടുത്തിരിക്കുന്നത്. വിദേശത്ത് ജനിച്ചവരോ വിദേശ രാജ്യങ്ങളില്‍ കഴിയുന്നവരോ ആയവരുടെ ദേശീയ തലത്തിലുള്ള ഔദ്യോഗിക കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ റിപോര്‍ട്ട്.

രാജ്യന്തര തലത്തില്‍ മൊത്തം കുടിയേറ്റക്കാരുടെ മൂന്നിലൊരു ഭാഗവും ഏറ്റവും വലിയ കുടിയേറ്റക്കാരായ 10 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇക്കൂട്ടത്തില്‍ 1.75 കോടി പ്രവാസികളുള്ള ഇന്ത്യയാണ് മുന്നില്‍. കുടിയേറ്റത്തില്‍ ഇന്ത്യയ്ക്കു ശേഷം രണ്ടാമത് മെക്‌സിക്കോ ആണ്. 1.18 കോടി മൊക്‌സിക്കോകാരാണ് രാജ്യത്തിനു പുറത്ത് പ്രവാസി കുടിയേറ്റക്കാരായി കഴിയുന്നത്. ചൈന (1.07 കോടി), റഷ്യ (1.05 കോടി), സിറിയ (82 ലക്ഷം), ബംഗ്ലദേശ് (78 ലക്ഷം), പാക്കിസ്ഥാന്‍ (63 ലക്ഷം), യുക്രൈന്‍ (59ലക്ഷം), ഫിലിപ്പീന്‍സ് (54 ലക്ഷം), അഫ്ഗാനിസ്ഥാന്‍ (51 ലക്ഷം) എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്.

പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെത്തുന്ന വിദേശ കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞിട്ടുമുണ്ട്. 2019ല്‍ ഇന്ത്യയിലെത്തിയത് 51 ലക്ഷം വിദേശ കുടിയേറ്റക്കാരാണ്. 2015ല്‍ ഇത് 52 ലക്ഷമായിരുന്നു. 2010 മുതല്‍ 2019 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വിദേശ കുടിയേറ്റക്കാരുടെ ജനസംഖ്യ 0.4 ശതമാനത്തില്‍ തുടരുകയാണ്.

2.7 ലക്ഷം അഭയാര്‍ത്ഥികളാണ് ഇന്ത്യയിലുള്ളത്. രാജ്യത്തെ വിദേശ കുടിയേറ്റക്കാരുടെ എണ്ണത്തിന്റെ നാലു ശതമാനം മാത്രമം ഇതു വരുന്നുള്ളൂ. ഇന്ത്യയിലെത്തുന്ന വിദേശ കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ വരുന്നത് ബംഗ്ലദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ്.
 

Latest News