Sorry, you need to enable JavaScript to visit this website.

അയോധ്യ കേസ് വാദം ഒക്ടോബര്‍ 18നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി; മധ്യസ്ഥ ശ്രമം തുടരാം

ന്യൂദല്‍ഹി- അയോധ്യാ-ബാബരി ഭൂമിത്തര്‍ക്ക കേസില്‍ ഒക്ടോബര്‍ പതിനെട്ടിനകം വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. ഇതോടെ പരാതിക്കാര്‍ക്ക് ആവശ്യമെങ്കില്‍ കേസില്‍ മധ്യസ്ഥ ശ്രമം തുടരാനുള്ള സാധ്യതകള്‍ വീണ്ടും തുറന്നു. വാദം കേള്‍ക്കല്‍ ഈ തിയതിക്കകം പൂര്‍ത്തിയാക്കാന്‍ ഒരുമിച്ച് പരിശ്രമിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ആവശ്യമെങ്കില്‍ അധിക സമയമെടുത്തോ ശനിയാഴ്ചകളിലോ കോടതിക്ക് വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.  27 ദിവസമായി കോടതി ദിവസവും കേസില്‍ വാദം കേട്ടുകൊണ്ടിരിക്കുകയാണ്.

ചീഫ് ജസ്റ്റിസ് ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17നു മുമ്പ് കേസില്‍ വിധി പറയേണ്ടതുണ്ട്. അല്ലാത്ത പക്ഷം മുഴുവന്‍ നടപടികളും വീണ്ടും ആവര്‍ത്തിക്കേണ്ടി വന്നേക്കും. തങ്ങളുടെ വാദം അവതരിപ്പിക്കുന്നതിനു സമയക്രമം നല്‍കാന്‍ എല്ലാ ഹരജിക്കാരോടും കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതു പരിശോധിച്ച ശേഷമാണ് ഒക്ടോബര്‍ 18നം വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

മധ്യസ്ഥ ശ്രമത്തിലൂടെ കേസ് തീര്‍പ്പാക്കാന്‍ കക്ഷികള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അങ്ങനെ ആകാമെന്നും കോടതി പറഞ്ഞു. മധ്യസ്ഥ സമിതി ശ്രമം തുടരുകയാണെങ്കില്‍ കേസ് വിധി പറയാന്‍ മാറ്റിയാലും സമിതിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം ലഭിച്ചേക്കും. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എഫ്.എം കലീഫുല്ല, ശ്രീ  ശ്രീ രവിശങ്കര്‍, അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരടങ്ങിയ സമിതിയെയാണ് മധ്യസ്ഥതയ്ക്കായി സുപ്രീം കോടതി നിയോഗിച്ചിട്ടുള്ളത്. ഇവര്‍ മാര്‍ച്ചില്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
 

Latest News