പീഡനക്കേസില്‍ ശിക്ഷാവിധി കേട്ട യുവാവ് ജഡ്ജിക്കു മുമ്പില്‍ സ്വയം കഴുത്തറുത്തു

ഭോപാല്‍- ലൈംഗിക പീഡനക്കേസില്‍ 10 വര്‍ഷം തടവിനു ശിക്ഷിച്ച കോടതി വിധി കേട്ട 33കാരന്‍ ജഡ്ജിക്കു മുമ്പില്‍ സ്വയം കഴുത്തറുത്ത് ആത്മഹത്യാ ശ്രമം നടത്തി. കേസില്‍ വിധി പറഞ്ഞ് നിമിഷങ്ങള്‍ക്കുള്ളിലാണ് കോടതി പരിസരത്ത് നാടകീയ സംഭവം. പ്രതി ഓംകാര്‍ മെഹ്‌റ ഒളിപ്പിച്ചു വച്ചിരുന്ന കത്തി പുറത്തെടുത്ത് മൂന്ന് തവണയാണ് സ്വയം കഴുത്തറുക്കാന്‍ ശ്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഗുരുതരാവസ്ഥയിലാണ്.

സാഗര്‍ ജില്ലയിലെ ബിന സ്വദേശിയായ ഓംകാര്‍ ബിന ഓയില്‍ റിഫൈനറിയില്‍ ജോലിക്കാരനായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സമീപവാസിയായ ഒരു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിനാണ് ഓംകാര്‍ ശിക്ഷിക്കപ്പെട്ടത്. 2016ല്‍ അറസ്റ്റിലായ ഓംകാര്‍ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. കേസില്‍ ചൊവ്വാഴ്ചയാണ് അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി 10 വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. ജാമ്യം നേടി പുറത്തായിരുന്നതിനാലാണ് പ്രതി കോടതിയിലേക്ക് കത്തി ഒളിപ്പിച്ചു കടത്തിയതെന്ന് പോലീസ് പറഞ്ഞു.
 

Latest News