ഗുവാഹത്തി- അസമില്‍ ഗര്‍ഭിണിയേയും രണ്ട് സഹോദരിമാരേയും പോലീസ് ഔട്ട്‌പോസ്റ്റില്‍ നഗ്നരാക്കി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തു. മര്‍ദനത്തെ തുടര്‍ന്ന് ഗര്‍ഭം അലസിയതായും യുവതി പരാതിപ്പെട്ടിരുന്നു.
അസമിലെ ഡാരംഗ് ജില്ലയിലാണ് കിരാത സംഭവം. പോലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെയും പരാതിയില്‍ പറഞ്ഞ വനിതാ കോണ്‍സ്റ്റബിളിനെതിരെയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി അസം ഡി.ജി.പി കുലധര്‍ സൈകിയ പറഞ്ഞു. ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ എട്ട് ദിവസമായിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് മര്‍ദനത്തിനിരയായ സ്ത്രീകള്‍ മാധ്യമങ്ങളെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി.
സഹോദരനോടൊപ്പം ഒളിച്ചോടിയ സ്ത്രീയുടെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സെപ്റ്റംബര്‍ ഒമ്പതിന് പോലീസ് തങ്ങളെട പിടിച്ചു കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു. ഒളിച്ചോടിയ ദമ്പതികള്‍ വ്യത്യസ്ത മതക്കാരാണ്. അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ഐ.ജി ബി.സിങ്കയോട് ആവശ്യപ്പെട്ടതായി ഡിജിപി പറഞ്ഞു.






