Sorry, you need to enable JavaScript to visit this website.

കൊച്ചി കപ്പല്‍ ശാലയില്‍ സുരക്ഷാ വീഴ്ച; ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയി

കൊച്ചി-  നാവികസേനക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലില്‍ മോഷണം. കംപ്യൂട്ടര്‍ തകര്‍ത്ത്  നാല് ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിച്ചു. ചില അനുബന്ധ ഉപകരണങ്ങളും കാണാതായിട്ടുണ്ട്. കേസന്വേഷണ ചുമതല കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി.ക്ക് കൈമാറി.

നിര്‍മാണ ജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. നിര്‍മാണം അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് മോഷണം നടന്നത്. സുരക്ഷാ വീഴ്ചയടക്കം അന്വേഷിക്കുമെന്ന് സൗത്ത് പോലീസ് അറിയിച്ചു.

ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയതായി തിങ്കളാഴ്ച വൈകിട്ടാണ് പോലീസിന് കപ്പല്‍ശാലയുടെ പരാതി ലഭിച്ചത്. 2009-ലാണ് കപ്പലിന്റെ പണി കൊച്ചി കപ്പല്‍ശാലയില്‍ ആരംഭിച്ചത്. 2021-ല്‍ പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

കനത്ത സുരക്ഷയുള്ള കപ്പല്‍ശാലയിലെ മോഷണം അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. അട്ടിമറി സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. കപ്പല്‍ നേവിക്ക് കൈമാറാത്തതിനാല്‍ നേവിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കല്ല മോഷണം പോയതെന്നാണ് കരുതുന്നത്. കപ്പല്‍ശാലയുടെ ഉടമസ്ഥതയിലുള്ളതാണ് നഷ്ടപ്പെട്ട ഹാര്‍ഡ് ഡിസ്‌കുകള്‍.

കപ്പല്‍ നാവികസേനക്ക് കൈമാറാത്തതിനാല്‍ സേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും ഹാര്‍ഡ് ഡിസ്‌കിലില്ലെന്ന് നാവികസേന അറിയിച്ചു.

 

Latest News