സ്വകാര്യ ഗ്രൂപ്പുകൾ മുഖേന 40,000 പേർ
നെടുമ്പാശ്ശേരി - വെട്ടിക്കുറച്ച ഹജ് ക്വാട്ട പുനഃസ്ഥാപിച്ചതോടെ ഇന്ത്യയിൽ നിന്ന് ഇത്തവണ അതാത് സംസ്ഥാന ഹജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 1,30,000 ത്തോളം പേർ ഹജ് കർമം നിർവഹിക്കാൻ മക്കയിലെത്തും. 21 എംബാർക്കേഷൻ പോയൻറുകളാണ് ഇതിനായി സജ്ജീകരിക്കുക. ഇവർക്ക് പുറമെ 40,000 ത്തോളം പേർ സ്വകാര്യ ഹജ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലും ഹജിന് പോകും. മക്കയിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻ വർഷങ്ങളിൽ ക്വാട്ടയിൽ 20 ശതമാനം കുറവ് വരുത്തിയിരുന്നു. ഈ വർഷം ഇത് പുനഃസ്ഥാപിച്ചതോടെയാണ് കൂടുതൽ പേർക്ക് തീർഥാടനത്തിനായി അവസരം ഒരുങ്ങിയത്. രാജ്യ വ്യാപകമായി ലഭിച്ച 4,48,268 അപേക്ഷകരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ അർഹരായവരെ തെരഞ്ഞെടുത്തത്. ഈ വർഷം ബഹുഭൂരിഭാഗം അപേക്ഷകളും ഓൺ ലൈൻ വഴിയാണ് സമർപ്പിക്കപ്പെട്ടത്. ഓരോ സംസ്ഥാനത്തെയും മുസ്ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ആനുപാതികമായി ക്വാട്ട വീതിച്ചു നൽകുന്നത്. ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ഈ വർഷവും ഹജ് കർമത്തിനായി പുറപ്പെടുന്നത്. 29,017 പേരാണ് അവിടെ നിന്നും യാത്രക്ക് തയ്യാറാകുന്നത്.ആകെ ലഭിച്ച 51,375 അപേക്ഷകരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. എന്നാൽ ഈ വർഷവും അപേക്ഷകരുടെ എണ്ണത്തിൽ കേരളം തന്നെയാണ് ഒന്നാം സ്ഥാനത്ത്. 95,238 അപേക്ഷകരാണ് കേരളത്തിൽ നിന്നും ഈ വർഷം ഉണ്ടായിരുന്നത്.ഇതിൽ നിന്നും 11,197 പേരെയാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഒഴിവു വരുന്ന മുറയ്ക്ക് വെയിറ്റിംഗ് ലിസ്റ്റിൽ നിന്നും ഏതാനും പേർക്ക് കൂടി അവസരം ലഭിക്കാൻ സാധ്യതയുണ്ട്. തുടർച്ചയായ അഞ്ചാം വർഷം അപേക്ഷകരെ പൂർണമായും ഉൾപ്പെടുത്തുന്നതിനായി കേരളത്തിനും ഗുജറാത്തിനും കേന്ദ്ര ഹജ് കമ്മിറ്റി പ്രത്യേക ക്വാട്ട അനുവദിച്ചു നൽകിയിരുന്നു. ഈ വിഭാഗത്തിൽ കേരളത്തിന് 4506 ഉം ഗുജറാത്തിന് 6468 സീറ്റുകളുമാണ് അധികമായി ലഭിച്ചത്. ഇത് കൂടാതെ പ്രത്യേക പരിഗണനയിൽ ജമ്മു കശ്മീരിന് 1500 ഉം ലക്ഷദ്വീപിന് 250 ഉം സീറ്റുകൾ കൂടുതലായി അനുവദിച്ചിരുന്നു. ഇതോടെ കശ്മീരിൽ നിന്നും 7960 പേർക്കും, ലക്ഷദ്വീപിൽ നിന്നും 298 പേർക്കും ഈ വർഷം ഹജ് കർമ്മത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
ലക്ഷദ്വീപിൽ നിന്നും ആകെയുള്ള 366 അപേക്ഷകരിൽ നിന്നാണ് 298 പേർക്ക് അവസരം ലഭ്യമാകുന്നത്. ബംഗാൾ, ബിഹാർ, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നും അനുവദിക്കപ്പെട്ട ക്വാട്ടയിലും കുറവായിരുന്നു അപേക്ഷകർ എന്നതിനാൽ ബാക്കിയുള്ള സീറ്റുകൾ അപേക്ഷകർ കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് വീതിച്ചുനൽകുകയായിരുന്നു. ബംഗാൾ 17,026, ബിഹാർ 12,125, അസം 7535 എന്നിങ്ങനെയായിരുന്നു അനുവദിക്കപ്പെട്ട ക്വാട്ട. എന്നാൽ ബംഗാൾ 9940, ബിഹാർ 6963, അസം 4270 എന്നിങ്ങനെ അപേക്ഷകർ മാത്രമാണ് ഉണ്ടായിരുന്നത്. ജാർഖണ്ഡ്, ത്രിപുര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും അനുവദിക്കപ്പെട്ട ക്വാട്ടയിലും താഴെയാണ് അപേക്ഷകരുടെ എണ്ണം.