രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്താൻ  പ്രത്യേക മാർക്കർ പെൻ

ന്യൂദൽഹി- രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്വന്തം പേന കൈവശം വെച്ച് വോട്ടിംഗ് ചേംബറിലെത്തുന്ന എംപിമാരേയും എംഎൽഎമാരേയും വോട്ട് രേഖപ്പെടുത്താൻ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായി തയാറാക്കിയ പ്രത്യേക മാർക്കർ പെൻ ഉപയോഗിച്ച് മാത്രമേ വോട്ട് രേഖപ്പെടുത്താവൂയെന്നും അല്ലാതെ രേഖപ്പെടുത്തിയ വോട്ടുകൾ അസാധുവാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഹരിയാനയിൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ പേന മഷി വിവാദത്തെ തുടർന്നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉപരാഷ്ടപതി തെരഞ്ഞെടുപ്പിലും പ്രത്യേകം തയ്യാറാക്കിയ മാർക്കർ പെൻ ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. പ്രത്യേകം സീരിയൽ നമ്പർ നൽകിയിട്ടുള്ള വയലറ്റ് മഷിയുള്ള പേനയാവും വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കുക. വോട്ടിംഗ് ചേംബറിൽ കയറുന്നതിന് മുൻപ് എംപിമാരുടേയും എംഎൽഎമാരുടേയും കൈയിലുള്ള മറ്റ് പേനകൾ ഉദ്യോഗസ്ഥർ വാങ്ങിവെക്കും. എന്നിട്ടാണ് മാർക്കർ പേന നൽകുക. വോട്ടിംഗിന് ശേഷം പേന തിരിച്ചു നൽകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എംപിമാർ പച്ചനിറത്തിലുള്ള ബാലറ്റിലും എംഎൽഎമാർ പിങ്ക് നിറത്തിലുള്ള ബാലറ്റിലുമാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.
എംപിമാർ പാർലമെന്റിലും എംഎൽഎമാർ നിയമസഭാ മന്ദിരങ്ങളിലുമാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. ഇന്ന് രാവിലെ 11 മുതലാണ് വോട്ട് രേഖപ്പെടുത്തേണ്ട സമയം. ഈ മാസം 20 ന് വോട്ടെണ്ണും.  


 

Latest News