Sorry, you need to enable JavaScript to visit this website.

ഓമാനൂരില്‍ നിരപരാധികളെ തല്ലിച്ചതച്ച കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍

കൊണ്ടോട്ടി- വിദ്യാര്‍ഥിയുടെ നുണക്കഥ വിശ്വസിച്ച്, ഓമാനൂരില്‍ കാറിലെത്തിയ യുവാക്കളെ ആള്‍ക്കൂട്ടം അക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. നാല്‍പതോളം പേര്‍ക്കെതിരെ കേസ്. ഓമാനൂര്‍ സ്വദേശികളായ കണ്ണന്‍തൊടി ഫൈസല്‍ (43), കൂനുമ്മല്‍ ദുല്‍ഫുഖര്‍ അലി (24), മണിപ്പാട്ടില്‍ മുഅതസ്ഖാന്‍ (23) എന്നിവരെയാണ് വാഴക്കാട് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൊണ്ടോട്ടി കുറുപ്പത്ത് സഫറുല്ല, ചീരോത്ത് റഹ്മത്തുല്ല എന്നിവരാണ് തിങ്കളാഴ്ച നാട്ടുകാരുടെ ആക്രമണത്തിന് ഇരയായത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
പ്രതികള്‍ക്കെതിരെ വധശ്രമം, കലാപം സൃഷ്ടിക്കല്‍, ആക്രമണത്തിന് സംഘം ചേരല്‍, വാഹനം തകര്‍ക്കല്‍, റോഡ് തടസ്സപ്പെടുത്തല്‍ തുടങ്ങി എട്ടു കേസുകളാണ് ചുമത്തിയത്. കണ്ടാലറിയുന്ന നാല്‍പത് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ബാക്കിയുള്ളവരുടെ ലിസ്റ്റ് തയാറാക്കി വരികയാണെന്നു പോലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും മഫ്ടിയിലെ പോലീസ് പകര്‍ത്തിയതുമടക്കം അമ്പതോളം വീഡിയോകളാണ് പോലീസ് ശേഖരിച്ചത്. കുടുതല്‍ അറസ്റ്റ് ഉടനെയുണ്ടാകും. മറ്റുള്ളവര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് ബസ് സ്റ്റോപ്പിലിരുന്ന തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന് പതിനാലുകാരനായ വിദ്യാര്‍ഥി പരാതി പറഞ്ഞതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഇതോടെ കാറു കണ്ടെത്താന്‍ നാട്ടുകാര്‍ രംഗത്തെത്തി. സി.സി.ടി.വി പരിശോധിച്ചപ്പോള്‍ ആ സമയം അതുവഴി കടന്നു പോയ കാര്‍ കുട്ടി കാട്ടിക്കൊടുത്തു. തുടര്‍ന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോയ കാറെന്ന് നിമിഷ നേരം കൊണ്ട് വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും ഫോട്ടോ പ്രചരിച്ചു. ഓമാനൂരില്‍വെച്ച് കാറിന് ബൈക്ക് വിലങ്ങിട്ട് തടഞ്ഞ് നിര്‍ത്തി കാറില്‍നിന്ന് രണ്ടുപേരെയും വലിച്ചിറക്കി ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രക്തം ഛര്‍ദിച്ചിട്ടും അടിനിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്നു യുവാക്കള്‍ പറഞ്ഞു.
കാറും ആള്‍ക്കൂട്ടം അടിച്ച് തകര്‍ത്തു. വാഴക്കാട് പോലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റാന്‍ ശ്രമിച്ചതോടെ തടിച്ചുകൂടിയവരില്‍ ചിലര്‍ പോലീസിനെ തടയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസ് ജീപ്പ് വേണമെന്ന ആവശ്യമുയര്‍ന്നതോടെ കൊണ്ടോട്ടി സി.ഐ എന്‍.ബി.ഷൈജു സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
കാറിന് തൊട്ടുപിറകെ വന്ന ബൈക്കുകാരനെയും നാട്ടുകാര്‍ ആക്രമിച്ചിരുന്നു. കാറിലുണ്ടായിരുന്നവര്‍ നിരപരാധികളെന്ന് തിരിച്ചറിഞ്ഞ് തടയാന്‍ വന്ന അനന്തായൂര്‍ സ്വദേശിയെയാണ് ആള്‍ക്കൂട്ടം അക്രമിച്ച് പരിക്കേല്‍പിച്ചത്. പരീക്ഷാപ്പേടിയില്‍ ഒമ്പതാം ക്ലാസുകാരനായ വിദ്യാര്‍ഥി മെനഞ്ഞ തട്ടിക്കൊണ്ടുപോകല്‍ കഥയായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്നും ഇത് കാരണം വീട്ടുകാര്‍ തന്നെ വഴക്ക് പറയുമെന്നും അടിക്കുമെന്നും പേടിച്ചാണ് ഒന്‍പതാം ക്ലാസുകാരന്‍ നുണക്കഥ മെനഞ്ഞതെന്ന് പിന്നീട് കുട്ടിയെ ചോദ്യം ചെയ്തതില്‍നിന്ന് പോലീസിന് വ്യക്തമായി.

 

Latest News