Sorry, you need to enable JavaScript to visit this website.

പത്ത് ലക്ഷം റിയാല്‍ വാങ്ങി യുവതിയെ കബളിപ്പിച്ചു; അഭിഭാഷകന്‍ അറസ്റ്റില്‍

ജിദ്ദ- സ്വദേശി വനിതയുടെ പക്കൽനിന്ന് അന്യായമായി വാങ്ങിയ പത്ത് ലക്ഷം റിയാൽ തിരികെ നൽകണമെന്ന കോടതി വിധി പാലിക്കാതിരുന്ന അഭിഭാഷകനെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. കേസ് ഒത്തുതീർക്കുന്നതിന് വേണ്ടിയാണ് അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരം യുവതി ഇയാളുടെ ഓഫീസിൽ പണം നൽകിയത്. എന്നാൽ ഈ ആവശ്യം നിറവേറ്റുന്നതിൽനിന്ന് അഭിഭാഷകൻ താൽപര്യം കാണിക്കാതെ പിന്തിരിഞ്ഞു. ഇതേ തുടർന്നാണ് യുവതി തന്റെ പണം തിരികെ ലഭിക്കാൻ ആവശ്യവുമായി ജിദ്ദയിലെ എൻഫോഴ്‌സ്‌മെന്റ് കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയെടുത്തതും. വിധി സംബന്ധിച്ച് പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യാൻ വന്ന വകയിൽ 367 റിയാൽ കൂടി കെട്ടിവെക്കാനും കോടതി അഭിഭാഷകനോട് നിർദേശിച്ചിരുന്നു. എന്നാൽ വിധി നടപ്പിലാക്കാൻ കൂട്ടാക്കാതെ വന്നതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശിച്ചത്. പരാതിക്കാരിയുടെ അക്കൗണ്ടിൽ ഈ തുക എത്തിയിട്ടില്ലെന്ന് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) വിശദീകരണം നൽകിയതിന് ശേഷമായിരുന്നു കോടതിയുടെ വിധി പ്രസ്താവം. 
പണം തിരികെ നൽകുന്നത് വരെ ജയിലിൽ അടക്കണമെന്നാണ് വിധി. സാമ്പത്തിക വെട്ടിപ്പിന്റെ പേരിൽ ഇയാൾക്കെതിരെ അഞ്ച് കോടതി വിധികൾ നിലവിലുണ്ടെന്നാണ് അറിവ്. പോലീസിന്റെ കയ്യിൽനിന്ന് നിരവധി തവണ രക്ഷപ്പെട്ട പ്രതി, പുലർച്ചെ ഒരു ആശുപത്രിയിൽ പരിശോധന നടത്താനെത്തിയപ്പോഴാണ് പിടിയിലായത്. യുവതിയുടെ അഭിഭാഷകൻ ഫോൺ ചെയ്തതിനെ തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

 

Latest News