Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥിയുടെ കള്ളക്കഥ വിശ്വസിച്ച് യുവാക്കള്‍ക്ക് മര്‍ദനം; മൂന്ന് പേര്‍ അറസ്റ്റില്‍, 40 പേര്‍ക്കെതിരെ കേസ്

മലപ്പുറം- വിദ്യാര്‍ഥി പറഞ്ഞ കള്ളക്കഥ വിശ്വസിച്ച് രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 40 പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. കൊണ്ടോട്ടി ഓമാനൂരിലാണ് സംഭവം. കൊണ്ടോട്ടി കുറുപ്പത്ത് സഫറുല്ല, ചീരോത്ത് റഹ്മത്തുല്ല എന്നിവരാണ് നാട്ടുകാരുടെ മര്‍ദനത്തിനിരയായത്.  ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മര്‍ദനത്തില്‍ പങ്കെടുത്ത മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
കാറിലെത്തിയ ചിലര്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നു പതിനാലുകാരനായ വിദ്യാര്‍ഥി പറഞ്ഞതു വിശ്വസിച്ചാണു നാട്ടുകാര്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ വിദ്യാര്‍ഥി നുണപറഞ്ഞതാണെന്ന് പോലീസ് കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയിലാണ് നുണക്കഥ ചമച്ചത്.
ഇവരാണ് തട്ടിക്കൊണ്ടുപോയതെന്ന് കുട്ടി പറഞ്ഞതിനു പിന്നാലെയായിരുന്നു മര്‍ദനം. നിരപരാധികളെന്ന് തിരിച്ചറിഞ്ഞ് തടയാന്‍ വന്നവരെയും ആക്രമിച്ചു.
ഓമാനൂരില്‍ സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിയാണ് തന്നെ കൈകള്‍ കയറുകൊണ്ടു ബന്ധിച്ചു കാറില്‍ തട്ടികൊണ്ടുപോവാന്‍ ശ്രമിച്ചെന്നും കുതറി ഓടി രക്ഷപ്പെട്ടതാണന്നും നാട്ടുകാരെ അറിയിച്ചത്. ഇതിനുപിന്നാലെ നാട്ടുകാര്‍ സി.സി.ടി,വി പരിശോധിച്ചപ്പോള്‍ ആ സമയം അതുവഴി കടന്നു പോയ കാര്‍ കുട്ടി കാണിച്ചു കൊടുക്കുകയും ചെയ്തു.
പോലീസ് വിളിച്ചതിനെ തുടര്‍ന്ന്  വാഴക്കാട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ വരും വഴി കാര്‍ നാട്ടുകാര്‍ തടഞ്ഞു. കാറിനുള്ളില്‍ ഉണ്ടായിരുന്ന യുവാക്കളാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ഥി ആവര്‍ത്തിച്ചതോടെ നാട്ടുകാര്‍ വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു കാര്‍ തകര്‍ക്കുകയും ചെയ്തു.

 

Latest News