Sorry, you need to enable JavaScript to visit this website.

കരൾ പിളർത്തും കാഴ്ചകളുമായി ദുരന്തഭൂമി   

പാതാറിൽ പ്രവാസിയുടെ തകർന്ന വീടും അടിഞ്ഞ് കൂടിയ മരങ്ങളും. 
പാതാറിൽ വെച്ച് മുൻ പ്രവാസിയും എഴുത്തുകാരനുമായ മുസ്തഫ കീത്തടത്തിനെ കണ്ടുമുട്ടിയപ്പോൾ. 
കവളപ്പാറയിലെ മണ്ണിടിച്ചിലിൽ അത്ഭുതകരമായി രക്ഷപ്പെട്ട വീടുകൾ. 

ഒരു മാസത്തെ വാർഷിക ലീവിന് നാട്ടിലേക്ക് പോകാൻ തയാറെടുക്കുമ്പോൾ തന്നെ നാട്ടിലെത്തിയാൽ ചെയ്ത് തീർക്കേണ്ട കാര്യങ്ങളുടെ ഒരു ഏകദേശ രൂപം മനസ്സിൽ കുറിച്ചിട്ടുണ്ടാവും. കല്ല്യാണങ്ങൾ, സൽക്കാരങ്ങൾ, സമ്മേളനങ്ങൾ, ഉല്ലാസയാത്രകൾ തുടങ്ങി പെരുന്നാൾ, ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളും ഒട്ടുമിക്ക പ്രവാസികളുടേയും മനസ്സിൽ ഉണ്ടാവും. അത്തരമൊരു കണക്കുകൂട്ടലിൽ തന്നെയായിരുന്നു ഞാനും ഇക്കുറി നാട്ടിലെത്തിയത്.
  കഴിഞ്ഞ പ്രാവശ്യത്തെ പോലെ തന്നെ നാട്ടിൽ ഓഗസ്റ്റ് ആദ്യം മുതൽ തന്നെ ശക്തമായ മഴ തുടങ്ങിയിരുന്നു. അതിൽ ശക്തമായതും ശക്തമല്ലാത്തതും ഇടക്കിടെ പെയ്ത് തോരുന്നതുമായ മഴകൾ ഉണ്ടായിരുന്നു. 


കഥ മാസിക മഞ്ചേരിയിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പിലേക്കായിരുന്നു എന്റെ ആദ്യ യാത്ര. അവിടെ വെച്ച് മുൻ പ്രവാസികളും സാഹിത്യ മേഖലയിൽ വിവിധ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ചവരുമായ അബു ഇരിങ്ങാട്ടിരി, ഉസ്മാൻ ഇരുമ്പുഴി, കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി എന്നിവരെ വീണ്ടും കാണാനുള്ള ഭാഗ്യമുണ്ടായി. അത് കഴിഞ്ഞ് ജോലി ചെയ്യുന്ന കമ്പനിയിലെ ലീവിന് നാട്ടിൽ വന്ന സുഹൃത്തുക്കളുമായി കോഴിക്കോട് കടപ്പുറത്തൊരു സൗഹൃദ സംഗമം. നീലക്കടലിന് പകരം പ്രക്ഷുബ്ധമായ കറുത്ത കടൽ അന്നാണ് ഞാനാദ്യമായി കണ്ടത്.
അതിനിടയിൽ പെരുന്നാളിനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കേയാണ് ശക്തമായ പേമാരിയുണ്ടായത്. അതോടനുബന്ധിച്ച് മലബാറിൽ വിശിഷ്യാ നിലമ്പൂർ മേഖലയിൽ ശക്തമായ ഉരുൾപൊട്ടലുമുണ്ടായി.  അതോടെ പെരുന്നാൾ ആഘോഷങ്ങളുടെ പൊലിമ കുറഞ്ഞു. പ്രവാസികൾക്ക് അപൂർവമായേ ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കൂ. എനിക്ക് തന്നെ അഞ്ചാറ് വർഷത്തിന് ശേഷം കിട്ടിയ അവസരമായിരുന്നു ഇത്. ദുരന്തത്തിൽ വെറുങ്ങലിച്ച് നിൽക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മതപരമായ ചടങ്ങുകൾക്കപ്പുറം മറ്റു ആഘോഷങ്ങളെല്ലാം മാറ്റിവെക്കുകയായിരുന്നു. 


സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ചില ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാൻ അവസരമുണ്ടായി. ഒന്നുറങ്ങി എഴുന്നേൽക്കുമ്പോഴേക്കും മാറി മറിയുന്ന ജീവിതമാണ് മനുഷ്യന്റേത് എന്ന് ഓരോ ക്യാമ്പും നമ്മെ ബോധ്യപ്പെടുത്തും. 
 ദുരിതം ഏറെ ബാധിച്ച നിലമ്പൂർ മേഖല കണ്ടാൽ അലിയാത്ത മനസ്സുണ്ടാവില്ല. ഓണം-പെരുന്നാൾ വിപണി ലക്ഷ്യമാക്കി തുടങ്ങിയ ഒട്ടനവധി കടകളാണ് വെള്ളം കയറി നശിച്ചത്. അവിടങ്ങളിലെ വസ്തുക്കളെല്ലാം വാരിവലിച്ച് പുറത്തേക്കിട്ടിരിക്കുന്ന കാഴ്ച വേദനയോടെ നോക്കിക്കാണാനേ കഴിയൂ. നിലമ്പൂർ മാത്രമല്ല അതേ ദിശയിലുള്ള ചുങ്കത്തറ, എടക്കര, വഴിക്കടവ് തൊട്ട് നാടുകാണി ചുരത്തിൽ വരെ നാശനഷ്ടത്തിന്റെ വ്യാപ്തി വർധിച്ച് കിടക്കുകയാണ്. 


ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിലും പാതാറിലും വിവരണാതീതമായിരുന്നു ദുരിതങ്ങൾ. ദുരിതാശ്വാസ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് കൊണ്ട് ദുരന്ത മേഖല സന്ദർശിക്കുന്നത് ഒഴിവാക്കണം എന്ന അധികൃതരുടെ മുന്നറിയിപ്പ് ശിരസ്സാ വഹിച്ച് ആദ്യം അങ്ങോട്ട് പോയിരുന്നില്ല. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നിർത്തിവെക്കുകയാണ് എന്ന ഘട്ടത്തിലാണ് മുണ്ടേരിയിലെ ബന്ധുവീട്ടിൽ പോകുന്ന വഴി പാതാറും കവളപ്പാറയും സന്ദർശിച്ചത്. 


ഒറ്റനോട്ടത്തിൽ കവളപ്പാറയിൽ വെറുമൊരു മണ്ണിടിച്ചിൽ മാത്രമായേ തോന്നൂ. എന്നാൽ മരണം സംഭവിച്ചത് മുഴുവൻ അവിടെയാണ്. അതേ സമയം പാതാറിൽ ചെന്നാലാണ് ഉരുൾപൊട്ടലിന്റെ ഭീകരത മനസ്സിലാവുക. വലിയ വലിയ പാറക്കഷ്ണങ്ങളും ഉരുളൻ കല്ലുകളും കുത്തിയൊലിച്ച് വന്ന് വീടുകളും കടകളും ആരാധനാലയങ്ങളും തകർത്തെറിഞ്ഞ കാഴ്ച്ചകൾ. വലിയ വലിയ മരങ്ങൾ കടപുഴകി മാർഗ്ഗതടസ്സം സൃഷ്ടിച്ച കാഴ്ച. അപകട മുന്നറിയിപ്പ് ലഭിച്ചില്ലായിരുന്നുവെങ്കിൽ ഏറ്റവും കൂടുതൽ മരണം ഒരു പക്ഷെ സംഭവിക്കുക പാതാറിലാകുമായിരുന്നു.  


മനുഷ്യന്റെ മാനുഷിക മൂല്യങ്ങൾ തിരിച്ചറിയുന്ന സമയം കൂടിയാണ് ഓരോ ദുരന്തങ്ങളും. അത്രക്കും സഹായഹസ്തങ്ങളാണ് കാസർകോട് മുതൽ കന്യാകുമാരി വരെയും അതിനപ്പുറം തമിഴ്‌നാട്ടിൽ നിന്ന് വരെ നീണ്ട് വന്നത്.  പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെയായിരുന്നു ഓരോ സ്ഥലത്തേയും യുവാക്കൾ ദുരിതമനുഭവിക്കുന്നവർക്കൊരു കൈത്താങ്ങ് എന്നെഴുതിയ ബാനർ വണ്ടിയുടെ മുന്നിൽ കെട്ടി ഒഴുകിക്കൊണ്ടിരുന്നത്. ഒരു മാസത്തെ ലീവ് കഴിഞ്ഞ് തിരിച്ചുപോരുമ്പോഴും ആ ഒഴുക്കിന് ശമനം ഉണ്ടായിട്ടില്ല. പക്ഷെ വാഹനങ്ങളിലെ വിഭവങ്ങൾക്ക് മാറ്റം ഉണ്ടായിരുന്നു. ആദ്യം വന്നിരുന്നത് ഭക്ഷണമടക്കമുള്ള ഉണ്ണാനും ഉടുക്കാനുമുള്ളവയാണെങ്കിൽ പിന്നീടത് പുനരധിവാസത്തിനുള്ള വസ്തുക്കളായിരുന്നു എന്ന് മാത്രം.
ഉദ്ദേശിച്ച ഉല്ലാസയാത്രകൾ നടന്നില്ലെങ്കിലും ദുരിതത്തിന്റെ നെരിപ്പോടിനിടയിലും മനം നിറയെ മഴ ലഭിച്ച സന്തോഷത്തിലായിരുന്നു തിരിച്ച് ജിദ്ദയിലേക്ക് വിമാനം കയറിയത്. 

Latest News