Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

മരട് ഫഌറ്റുകൾ ഉയർത്തുന്ന ചോദ്യങ്ങൾ 

കേരളത്തിലെ ഏറ്റവും സജീവ പ്രശ്‌നമായ മരടിലെ ഫഌറ്റുകൾ മാറിയിരിക്കുന്നു. തീർച്ചയായും ചില ന്യായങ്ങളൊക്കെ ഫഌറ്റുടമകളുടെ ഭാഗത്തുണ്ടെങ്കിലും അത് ഇത്ര വലിയ പ്രശ്‌നമായി മാറാൻ കാരണം കൊച്ചി നഗരത്തിലെ ആഡംബര ഫഌറ്റുകളാണെന്നതും ഇന്ന് വികസനത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്നവയിൽ പെട്ടതാണ് ഇത്തരം കെട്ടിടങ്ങൾ എന്നതുമാണ്. സുപ്രിം കോടതി വിധി പ്രകാരം, തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച  മരടിലെ ഫഌറ്റുകൾ ഒഴിയാനുള്ള നോട്ടീസ് കാലാവധി അവസാനിച്ചിരിക്കുന്നു. ഫഌറ്റ് ഉടമകൾ  നഗരസഭാ ഓഫീസിനു മുന്നിൽ അനശ്ചിതകാല സമരം തുടങ്ങി. സമരത്തെ പിന്തുണച്ച് സി.പി.എമ്മും കോൺഗ്രസ്സുമടക്കമുള്ള പാർട്ടികൾ രംഗത്തുണ്ട്. കോടിയേരി ബാലകൃഷ്ണനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ളവർ സമരത്തെ പിന്തുണച്ച് സ്ഥലത്തെത്തി. തങ്ങൾ എല്ലാവിധ കുടിയൊഴിപ്പിക്കലുകൾക്കും എതിരാണെന്നാണ് കോടിയേരി അവരോട് പറഞ്ഞത്. എന്നാൽ മുത്തങ്ങയിലും മൂലമ്പിള്ളിയിലും ദേശീയപാത വികസനത്തിലും ഗെയ്‌ലിലുമെല്ലാം സി.പി.എമ്മിന്റെ നിലപാടെന്തായിരുന്നു എന്നത് കേരളം മറന്നിട്ടില്ല. 
ഫഌറ്റുകൾ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഉടമകൾ നൽകിയ തിരുത്തൽ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. കൂടാതെ ഹൈക്കോടതിയെയും സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഫഌറ്റുടമകൾ. വിഷയത്തിൽ ഇടപെടണമെന്നഭ്യർഥിക്കാൻ സംസ്ഥാനത്തെ മുഴുവൻ എം.പിമാരും പ്രധാനമന്ത്രിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും ഫലവത്താകാൻ സാധ്യത കുറവാണ്. കെട്ടിടം പൊളിക്കാൻ വിദഗ്ധരായ ഏജൻസികളെ കണ്ടെത്തുന്നതിനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് പോകുകയാണ്. 
2006 ൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി മരട് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് ഹോളിഡേ ഹെറിറ്റേജ്, ജയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്‌മെന്റ് തുടങ്ങിയ അഞ്ചു ഫഌറ്റുകൾക്ക് നിർമ്മാണാനുമതി നൽകിയത്. തുടർന്ന് യു.ഡി.എഫ് ഭരണത്തിൽ വന്നപ്പോൾ കുടിപ്പാർപ്പവകാശവും നൽകി. എന്നാൽ ആ സമയത്തുതന്നെ കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റി യുടെ അനുമതിയില്ലാതെയാണ് തീരദേശത്ത് ഫഌറ്റ് നിർമ്മിക്കാൻ അനുമതി നൽകിയതെന്ന് പഞ്ചായത്ത് വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഫഌറ്റുകൾ പൊളിച്ചുനീക്കാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ ഉടമകൾക്ക് അതോറിറ്റി നോട്ടീസ് നൽകി. എന്നാൽ മറുപടി നൽകാതെ ഫഌറ്റ് ഉടമകൾ ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ നൽകി അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. പിന്നീട് സി.സെഡ്.എം.എ ഹൈക്കോടതിവരെ പോരാടിയെങ്കിലും വിജയം ഫഌറ്റുടമകൾക്കായിരുന്നു. എന്നാൽ സുപ്രീം കോടതിയിലെ അപ്പീലിൽ വിധി തിരിച്ചാവുകയായിരുന്നു. വിശദമായ വാദം കേട്ടശേഷം 2019 മെയ് എട്ടിന് മരടിൽ നിർമ്മിച്ച അഞ്ച് പാർപ്പിട സമുച്ചയങ്ങളും ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി വിധിച്ചു. കൂടുതൽ ഹരജികൾ എത്തിയതോടെ വിധി നടപ്പാക്കിയില്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തു. 
തീർച്ചയായും ഈ വിഷയത്തിലെ ഒന്നും രണ്ടും പ്രതികൾ അനധികൃത നിർമ്മാണത്തിന് അനുമതി നൽകിയ നഗരസഭയും (അന്നു പഞ്ചായത്ത്) കേസിൽ തീരുമാനമുണ്ടാകാതെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയ നിർമ്മാണ കമ്പനിയും തന്നെ. അവരിവിടെ രക്ഷപ്പെട്ടിരിക്കുകയാണ്. കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയുടെ അനുമതി വാങ്ങാതെയായിരുന്നു നിർമ്മാണമാരംഭിച്ചത്. അപ്പോഴും അന്നുമുതലേ കോടതിയിൽ കിടക്കുന്ന വിഷയമാണെന്ന് ഉടമകൾക്കും അറിയാമായിരുന്നു. എന്നിട്ടും അവർ നിർമ്മാണവുമായി മുന്നോട്ടുപോയി. ഒരു വസ്തുവോ സേവനമോ വാങ്ങുമ്പോൾ അതിന്റെ എല്ലാവിധ റിസ്‌ക്കുകളെക്കുറിച്ചും ഉപഭോക്താവ് അറിഞ്ഞിരിക്കണമെന്നാണ് നിയമം പറയുന്നത്. തെറ്റായതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ തന്ന് വിൽപനക്കാർ വഞ്ചിച്ചാൽ മാത്രമേ ആ ഉത്തരവാദിത്വം വിൽപന നടത്തുന്ന ആൾക്ക് ഉണ്ടാകുകയുള്ളു. അതിനാൽ തന്നെ ഇവിടെ ഉടമകൾക്കും ഉത്തരവാദിത്തമുണ്ട്. അവർ നഗരസഭക്കെതിരേയോ നിർമ്മാണ കമ്പനിക്കെതിരേയോ ഒന്നും പറയുന്നുമില്ല. അപ്പോഴും ഫഌറ്റുടമകളുടെ ഭാഗം കോടതി കേട്ടിട്ടില്ല എന്ന വാദം ശരിയാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല ഇപ്പോഴത്തെ നിയമമനുസരിച്ച് അവിടെതന്നെ കെട്ടിട പണിക്ക് തടസ്സമില്ലെങ്കിൽ എന്തിനിത് പൊളിക്കുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്. 
വികസനത്തിന്റെ പേരിൽ പാരിസ്ഥിതിക നിയമങ്ങൾ നിരന്തരമായി ലംഘിക്കുകയും അതിനെല്ലാം നിയമ സംരക്ഷണം ലഭിക്കുകയും ചെയ്യുമ്പോൾ ഇത്തരമൊരു വിധി ഒരു ഷോക് ട്രീറ്റ്‌മെന്റ് തന്നെയാണ്. ആ അർത്ഥത്തിൽ അതു നടപ്പാക്കപ്പെടുക തന്നെയാണ് വേണ്ടത്. ഭാവിയിലെങ്കിലും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കുറയാൻ അതു സഹായകരമായേക്കാം. അപ്പോഴും ഈ പൊളിക്കൽ പ്രക്രിയ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. ഈ വിഷയം പഠിക്കുന്ന ചെന്നൈ ഐ.ഐ.ടിയിൽനിന്ന് മറുപടി ലഭിച്ചിട്ടുമില്ല. 
അവസാനമായി ഇതുമായി ബന്ധപ്പട്ട് മലയാളികളുടെ ചില ഇരട്ടത്താപ്പുകളും തെറ്റായ നിലപാടുകളും ചൂണ്ടാകാട്ടാതിരിക്കാനാവില്ല. ഒന്ന് പലരും ചൂണ്ടിക്കാട്ടിയ പോലെ അതിക്രൂരമായ രീതിയിൽ കുടിയിറക്കപ്പെടുകയും ഇനിയും നീതി ലഭിക്കാതിരിക്കുകയും ചെയ്യുന്ന മൂലമ്പിള്ളി നിവാസികളോടുള്ള നിലപാടല്ല മുഖ്യധാരാ പ്രസ്ഥാനങ്ങൾക്കും പൊതുസമൂഹത്തിനും പൊതുവിൽ മരട് ഫഌറ്റുടമകളോടുള്ളതാണ് എന്നതാണ്. ആ വിമർശനം ശരിയാണ്. ആ കുടിയിറക്കൽ വികസനത്തിനും ഇത് പരിസ്ഥിതിക്കും വേണ്ടിയാണല്ലോ. അതേസമയം ചില പുരോഗമനക്കാർ മൂലമ്പിള്ളിക്കാർക്ക് ലഭിക്കാത്ത നീതി ഇവർക്കും വേണ്ട എന്നു പറയുന്നതിൽ എന്തർത്ഥമാണുള്ളത്? മൂലമ്പിള്ളിക്കാരാണോ ഇവരുടെ ശത്രു? നീതി ലഭിക്കാനുള്ള അവകാശമുണ്ടെങ്കിൽ ഇവർക്കുമത് ലഭിക്കണം. അതുപോലെതന്നെയാണ് ഫഌറ്റുകളിൽ താമസിക്കുന്നവർ ജനശത്രുക്കളാണെന്ന മനോഭാവവും. പല ഫഌറ്റ് സമുച്ചയങ്ങളേക്കാൾ വലിയ കൊട്ടാര സദൃശമായ വീടുകൾ നിർമ്മിച്ചവർ പോലും ഇത്തരത്തിൽ പറയുന്നതു കേട്ടു. കേരളത്തിലെ പ്രകൃതിക്കും കാലാവസ്ഥക്കും ഇന്ന് ഏറ്റവും അനുയോജ്യം ചെറുകിട ഫഌറ്റുകൾ തന്നെയാണ്. ഭൂമിക്ക് ഏറെ ക്ഷാമമുള്ള കേരളത്തിൽ തിരശ്ചീനമായ കെട്ടിട നിർമ്മാണത്തേക്കാൾ പാരിസ്ഥിതികമായി മെച്ചം ലംബമായുള്ള കെട്ടിട നിർമ്മാണം തന്നെയാണ്. രണ്ടായാലും നിയമങ്ങൾ പാലിക്കണമെന്നതിൽ സംശയമില്ല. അതേസമയം വീടുകളായും ഫഌറ്റുകളായും പത്തു ലക്ഷത്തിൽപരം കെട്ടിടങ്ങൾ പൂട്ടിക്കിടക്കുന്നുമുണ്ട്. ഇനിയും അത്തരം നിർമ്മാണങ്ങൾ ഉണ്ടാകരുത്. 
കേരളത്തിൽ അടിയന്തരമായി നിയന്ത്രണം കൊണ്ടുവരേണ്ട രണ്ടു മേഖലകളാണ് വാഹനങ്ങളും കെട്ടിടങ്ങളും. അത്തരം ചിന്തക്കും ആ ദിശയിലുള്ള നിയമ നടപടികൾക്കും ഈ സംഭവം സഹയകരമാകുകയാണ് വേണ്ടത്. 

Latest News