Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക്‌ പുതിയ രീതിയിലുള്ള സന്ദർശക വിസ സ്റ്റാമ്പ് ചെയ്യാൻ തുടങ്ങി; വിസ കാലാവധി ദീർഘിപ്പിക്കാം

റിയാദ് - സൗദി അറേബ്യയിലേക്ക് പുതിയ രീതിയിലുള്ള സന്ദർശക, ഉംറ വിസകൾ വിദേശ രാജ്യങ്ങളിലെ കോൺസുലേറ്റുകളിൽ നിന്ന് സ്റ്റാമ്പ് ചെയ്തു തുടങ്ങി. 300 റിയാൽ ഫീസോടെ ഫാമിലി, ബിസിനസ് സന്ദർശക വിസകൾ സിംഗ്ൾ എൻട്രിയിൽ ഒരു മാസവും മൾട്ടിപ്ൾ എൻട്രിയിൽ മൂന്നു മാസവും താമസിക്കാവുന്ന നിലയിലാണ് ഇഷ്യു ചെയ്യുന്നത്. തിങ്കളാഴ്ച മുതൽ സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വിസ സർവീസ് പ്ലാറ്റ് ഫോം ആയ ഇൻജാസ് വെബ് പോർട്ടലിൽ പഴയ ഫീസ് നിരക്കുകൾ പിൻവലിച്ച് പുതിയ നിരക്കുകൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അതേസമയം സൗദിയിലെത്തിയ ശേഷം സിംഗ്ൾ, മൾട്ടിപ്ൾ സന്ദർശക വിസകളുടെ കാലാവധി ആവശ്യപ്രകാരം ദീർഘിപ്പിച്ചു നൽകുമെന്ന് ജവാസാത്ത് വിഭാഗം മലയാളം ന്യൂസിനോട് പറഞ്ഞു. 
ഈ മാസം ആദ്യ വാരത്തിലാണ് സൗദിയിലെ സന്ദർശക, ഉംറ, ഹജ് വിസകൾ ഏകീകരിച്ച് പരിഷ്‌കരണം നടപ്പാക്കിയതായി റോയൽ കോർട്ട് അറിയിച്ചത്. മൂന്നു മാസ സമയ പരിധി (വിസ സ്റ്റാമ്പ് ചെയ്തതിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കാനുള്ള സമയപരിധി)യിൽ ഒരു മാസം സൗദിയിൽ താമസിക്കാനുള്ള സിംഗ്ൾ എൻട്രി വിസ, ഒരു വർഷ സമയ പരിധിയിൽ മൂന്നു മാസ മൾട്ടിപ്ൾ എൻട്രി വിസ എന്നിങ്ങനെ ബിസിനസ്, ഫാമിലി സന്ദർശക വിസകളെ 300 റിയാൽ ഫീസിൽ ഏകീകരിച്ചതാണ് പരിഷ്‌കരണത്തിൽ പ്രധാനമായുള്ളത്. അഥവാ ഇതുവരെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശക വിസയുടെ ഫീസിനത്തിൽ വലിയ അന്തരമുണ്ടായിരുന്നു. 2016 ഒക്ടോബർ മുതൽ എല്ലാ രാജ്യങ്ങളിലുള്ളവർക്കും സന്ദർശക വിസ സ്റ്റാമ്പ് ചെയ്യാൻ രണ്ടായിരം റിയാലാക്കി സൗദി അറേബ്യ പ്രഖ്യാപനം നടത്തി. മൂന്നു മാസത്തേക്കുള്ള സിംഗ്ൾ എൻട്രി സന്ദർശക വിസക്ക് 2000 റിയാലും ആറു മാസ മൾട്ടിപ്ൾ വിസക്ക് 3000 റിയാലും ഒരു വർഷത്തെ മൾട്ടിപ്ൾ വിസക്ക് 5000 റിയാലുമാണ് ഫീസ് ഏർപ്പെടുത്തിയിരുന്നത്.  രണ്ട് വർഷത്തിന് ശേഷം ഇന്ത്യയടക്കമുള്ള ഏതാനും രാജ്യങ്ങൾക്ക് ഫീസിൽ ഇളവ് വരുത്തുകയും ചെയ്തു. അതോടെ ഇന്ത്യയിൽ നിന്നുള്ളവർക്ക് സിംഗ്ൾ എൻട്രിക്ക് 305 റിയാലും മൾട്ടിപഌന് 500 റിയാലുമാക്കി. അപ്പോഴും അറബ് രാജ്യങ്ങളടക്കമുള്ള പല രാജ്യങ്ങൾക്കും 2000 റിയാൽ തന്നെയായിരുന്നു ഫീസ് നിശ്ചയിച്ചിരുന്നത്. ഈ ഫീസ് ക്രമത്തിൽ പൂർണമായും മാറ്റം വരുത്തി എല്ലാ രാജ്യക്കാർക്കും 300 റിയാൽ ഫീസ് എന്ന നിലയിൽ ഏകീകരിച്ചിരിക്കുകയാണ് പുതിയ പ്രഖ്യാപനം വഴി. അതോടൊപ്പം ഇതുവരെയുണ്ടായിരുന്ന മുന്നു മാസം താമസിക്കാവുന്ന സിംഗ്ൾ എൻട്രി വിസ, ആറ് മാസം, രണ്ടു വർഷം എന്നിങ്ങനെ കാലാവധിയുള്ള മൾട്ടിപ്ൾ എൻട്രി വിസ എന്നിവയെല്ലാം പിൻവലിക്കുകയും ചെയ്തു. ടൂറിസ്റ്റുകളെ ആകർഷിക്കാൻ പല വിദേശ രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്ന വിസ രീതിയാണ് സൗദി അറേബ്യ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
അതേസമയം 30 ദിവസത്തേക്ക് സന്ദർശക വിസയിൽ സൗദിയിലെത്തുന്നവർക്ക് 180 ദിവസം വരെ വിസ കാലാവധി അബ്ശിർ സിസ്റ്റം വഴി ഫീസടച്ച് ദീർഘിപ്പിക്കാൻ അവസരമുണ്ടാകുമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു. മൾട്ടിപ്ൾ എൻട്രി വിസയിലെത്തുന്നവർക്ക് ആദ്യത്തെ 90 ദിവസം കഴിയുന്നതിന് മുമ്പ് അബ്ശിർ വഴി ഫീസടച്ച് പുതുക്കാനുമാകും. പിന്നീടുള്ള മൂന്നു മാസങ്ങളിൽ അവർ രാജ്യത്തിന് പുറത്തുപോയി വരേണ്ടതാണ്. അഥവാ സിംഗ്ൾ എൻട്രിയിലെത്തുന്നവർക്ക് ആറ് മാസം വരെ കാലാവധി നീട്ടുന്നതിന് ഫീസും ഇൻഷുറൻസ് തുകയും പുതിയ പരിഷ്‌കരണപ്രകാരം കണ്ടെത്തേണ്ടതുണ്ട്.
നേരത്തെ മൂന്നു മാസത്തെ സിംഗിൾ വിസ ലഭിക്കുകയും വിസ സ്റ്റാമ്പ് ചെയ്യാൻ കാലതാമസം നേരിട്ട് ഇന്നലെ കോൺസുലേറ്റിൽ സമർപ്പിക്കുകയും ചെയ്തവർക്കും ഒരു മാസത്തെ വിസയാണ് ലഭിച്ചത്. കോൺസുലേറ്റ് സിസ്റ്റത്തിൽ പുതിയ വ്യവസ്ഥ വന്നതിനാലാണ് അവർക്ക് മൂന്നു മാസ വിസ ലഭിക്കാതെ പോയത്. എന്നാൽ നേരത്തെ മൂന്നു മാസ വിസ സ്റ്റാമ്പ് ചെയ്തവർക്ക് സൗദിയിലേക്ക് വരുന്നതിൽ തടസ്സമുണ്ടാകില്ല.
 

Latest News