Sorry, you need to enable JavaScript to visit this website.

എന്‍ജിഒകള്‍ക്ക് വിദേശ ഫണ്ട്; ജീവനക്കാര്‍ മതപരിവര്‍ത്തന കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണം

ന്യൂദല്‍ഹി- സന്നദ്ധ സംഘടനകള്‍ക്ക് (എന്‍.ജി.ഒകള്‍) വിദേശത്തു നിന്നും ധനസാഹയം സ്വീകരിക്കണമെങ്കില്‍ നടത്തിപ്പുകാരും ജീവനക്കാരും മതപരിവര്‍ത്തന കേസില്‍ നിയമനടപടി നേരിടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2011ലെ വിദേശ ധനസഹായ നിയന്ത്രണ ചട്ടങ്ങള്‍ ഭേതഗതി ചെയ്ത് തിങ്കളാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കയത്. ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതിനോ വര്‍ഗീയ സംഘര്‍ഷത്തിനോ നിയമ നടപടികള്‍ നേരിടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് സന്നദ്ധ സംഘടനകളുടെ പ്രധാന നടത്തിപ്പുകാരും ഭാരവാഹികളും അംഗങ്ങളും സത്യവാങ്മൂലം നല്‍കണം. നേരത്തെ ഡയറക്ടര്‍മാരോ അല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരോ മാത്രം സത്യവാങ്മൂലം നല്‍കിയാല്‍ മതിയായിരുന്നു. 

പുതിയ ഉത്തരവ് പ്രകാരം ഇനി മുതല്‍ അപേക്ഷകര്‍ മാത്രമല്ല, സന്നദ്ധ സംഘടനയുടെ ഓരോ അംഗങ്ങളും പണം വഴിമാറ്റി ചെലവിടുന്നില്ലെന്ന് നിര്‍ബന്ധമായും സത്യവാങ്മൂലം നല്‍കണം. വിദേശ സന്ദര്‍ശനത്തിനിടെ എന്തെങ്കിലും അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങള്‍ ഉണ്ടാകുന്ന പക്ഷം വിദേശത്തെ ആശുപത്രി, താമസ കാര്യങ്ങളെ കുറിച്ച് സന്നദ്ധ സംഘടനാ അംഗം ഒരു മാസത്തിനകം സര്‍ക്കാരിനെ അറിയിക്കുകയും വേണം. നേരത്തെ ഇതിനു രണ്ടു മാസം വരെ കാലവാധി നല്‍കിയിരുന്നു. ഒരു ലക്ഷം രൂപ വരെയുള്ള വ്യക്തിഗത സമ്മാനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സ്വീകരിക്കാമെന്നും പുതിയ ഉത്തരവിലുണ്ട്. നേരത്തെ 25000 രൂപയ്ക്കു മുകളിലുള്ള എല്ലാ സമ്മാനങ്ങളും വെളിപ്പെടുത്തേണ്ടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിനു ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷമായി സര്‍ക്കാര്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് സന്നദ്ധ സംഘടനകള്‍ക്കു മേലുള്ള നിയന്ത്രണം കര്‍ക്കശമാക്കി വരികയാണ്. ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നേരത്തെ 18,000 സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി കേന്ദ്രം റദ്ദാക്കിയിരുന്നു.
 

Latest News