Sorry, you need to enable JavaScript to visit this website.

സാക്കിർ നായിക്കിനെ തിരിച്ചയക്കാൻ മോഡി ആവശ്യപ്പെട്ടിട്ടില്ല; ഒരു രാജ്യത്തിനും നായികിനെ വേണ്ടെന്നും മലേഷ്യൻ പ്രധാനമന്ത്രി

ക്വാലാലംപുർ- പ്രമുഖ മതപ്രഭാഷകൻ സാക്കിർ നായികിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്. ഒരു രാജ്യത്തിനും സാകിർ നായിക്കിനെ വേണ്ടെന്നും അദ്ദേഹത്തെ തിരിച്ചയക്കാനുള്ള രാജ്യം അന്വേഷിക്കുകയാണെന്നും മഹാതീർ വ്യക്തമാക്കി. ബി.എഫ്.എം മലേഷ്യ റേഡിയോക്ക് അനുവദിച്ച അഭിമുഖത്തിലാണ് മഹാതീർ ഇക്കാര്യം പറഞ്ഞത്. ഈ മാസം റഷ്യയിൽ നടന്ന സാമ്പത്തിക ഫോറത്തിൽ മോഡിയെ താൻ നേരിൽ കണ്ടു. അന്നും സാക്കിർ നായികിനെ ഇന്ത്യക്ക് വിട്ടുതരണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടില്ലെന്നും മഹാതിർ മുഹമ്മദ് വ്യക്തമാക്കി. 
മലേഷ്യയിൽ പൊതുപ്രഭാഷണം നടത്താൻ സാക്കിർ നായികിനെ ഇനി അനുവദിക്കില്ലെന്നും മഹാതിർ വ്യക്തമാക്കി. സാകിർ നായിക് ഈ രാജ്യത്തെ പൗരനല്ല. അദ്ദേഹത്തിന് സ്ഥിര താമസത്തിനുള്ള അവകാശമാണ് കഴിഞ്ഞ സർക്കാർ അനുവദിച്ചത്. ആ അനുവാദം ഈ രാജ്യത്തെ നിയമത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും പറയാനുള്ള അനുവാദമല്ല. അദ്ദേഹം ആ നിയമം തെറ്റിച്ചിരുന്നു. അദ്ദേഹത്തിന് ഇപ്പോൾ സംസാരിക്കാനുള്ള അവകാശമില്ല. അദ്ദേഹത്തെ മാറ്റാനുള്ള സ്ഥലം നോക്കുകയാണ് ഞങ്ങൾ. പക്ഷെ ആർക്കും അദ്ദേഹത്തിനെ ആവശ്യമില്ലെന്നും മഹാതിർ കൂട്ടിച്ചേർത്തു. മലേഷ്യയിലുള്ള ചൈനക്കാരെ ചൈനയിലേക്ക് തിരിച്ചയക്കണമെന്ന് സാക്കിർ നായിക് പ്രസംഗിച്ചത് വിവാദമായിരുന്നു.
 

Latest News