ഹൈദരാബാദ്-ആന്ധ്രപ്രദേശ് മുന്‍ നിയമസഭാ സ്പീക്കറും തെലുഗുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഡോ.കോഡെല ശിവപ്രസാദ് റാവു (72) വിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ സ്വവസതിയില്‍ തൂങ്ങിയ നിലയില്‍ കണ്ട റാവുവിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അതിനിടെ, റാവു തൂങ്ങിമരിക്കാനിടയില്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് അനന്തരവന്‍ കാഞ്ചി സായ് രംഗത്തു വന്നു. ഇതേത്തുടര്‍ന്ന് ആദ്യം ആത്മഹത്യയാണെന്ന നിഗമനത്തിലെത്തിയിരുന്ന പോലീസ് സംശയാസ്പദ മരണത്തിനു കേസെടുത്തു.
ഹൈദരാബാദിലെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് ആത്മഹത്യ ഒരിക്കലും വിശ്വസിക്കാനാകില്ലെന്ന് റാവുവിന്റെ കസിന്‍ കാഞ്ചി സായ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മകന്‍ ശിവറാം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതിനെ കുറിച്ച് മുമ്പ് റാവു സംസാരിച്ചിരുന്നുവെന്ന് കാഞ്ചി സായ് പറഞ്ഞു. മകന്‍ കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും പോലീസ് ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്തിടെ ആന്ധ്രയിലെ നിയമസഭ മന്ദിരത്തില്‍നിന്ന് കാണാതായ ഫര്‍ണിച്ചറുകളും എ.സികളും ശിവപ്രസാദ് റാവുവിന്റെ വസതിയില്‍ കണ്ടെത്തിയത് വിവാദമായിരുന്നു.
നിയമസഭ മന്ദിരം ഹൈദരാബാദില്‍നിന്ന് അമരാവതിയിലേക്ക് മാറ്റുന്നതിന്റെ മറവില്‍ ശിവപ്രസാദ് റാവു ഫര്‍ണിച്ചറുകള്‍ കടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ നിയമസഭ മന്ദിരം മാറ്റുന്നതിന്റെ ഭാഗമായി ഫര്‍ണിച്ചറുകള്‍ തന്റെ വസതിയില്‍ താല്‍ക്കാലികമായി സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
2014 ലാണ് ആന്ധ്രപ്രദേശ് സ്പീക്കറായി നിയമിതനായത്. തെലങ്കാന സംസ്ഥാന രൂപവത്കരണത്തിന് ശേഷം ആന്ധ്രയുടെ ആദ്യത്തെ സ്പീക്കറായിരുന്നു അദ്ദേഹം. നര്‍സാരോപേട്ട് നിയോജക മണ്ഡലത്തില്‍നിന്ന് അഞ്ചു തവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു തവണ സത്തേനപള്ളിയില്‍നിന്നും നിയമസഭയിലെത്തി. 1987 മുതല്‍ 88 വരെ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്നു. 1996 മുതല്‍ 1999 വരെ ജലസേചന, പഞ്ചായത്ത് രാജ് വകുപ്പുകളും കൈകാര്യം ചെയ്തു.
ആന്ധ്രയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച റാവു ഗുണ്ടൂര്‍ മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കി. 1983 ലാണ് തെലുഗുദേശം പാര്‍ട്ടിയിലൂടെ സജീവ രാഷ്ട്രീയത്തിലെത്തുന്നത്.