Sorry, you need to enable JavaScript to visit this website.

സൗദിവല്‍ക്കരണം നടപ്പാക്കിയതില്‍ അല്‍ഖസീം പ്രവിശ്യ മുന്നില്‍

ബുറൈദ- സൗദി യുവതിയുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കിയതിൽ അൽഖസീം പ്രവിശ്യ മുൻപന്തിയിൽ. സ്വകാര്യമേഖലയിൽ പരമാവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് സ്വദേശികളെ നിയോഗിക്കണമെന്ന തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശത്തിന് ഇദംപ്രഥമ പരിഗണന നൽകേണ്ടതുണ്ടെന്ന് ഗവർണർ ഡോ. ഫൈസൽ ബിൻ മിശ്അൽ രാജകുമാരൻ വ്യക്തമാക്കി. 
ദേശീയ സാമ്പത്തികരംഗം അഭിവൃദ്ധിപ്പെടുന്നതിൽ ഇത് നിർണായകമാണെന്നും പ്രവിശ്യയിലെ സ്വദേശിവത്കരണ പദ്ധതികളുടെ സൂപ്പർവിഷൻ കമ്മിറ്റി അധ്യക്ഷൻ കൂടിയായ ഗവർണർ പറഞ്ഞു. അൽഖസീമിൽ 97.69 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കിയതായി കഴിഞ്ഞ മാസം, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.   
തദ്ദേശീയർക്ക് തൊഴിൽ നൽകുന്നതിന് മൂന്ന് വർഷമായി പ്രവിശ്യാ തൊഴിൽ മന്ത്രാലയവുമായി കൈകോർത്ത് നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. ഈ നേട്ടം സാധ്യമാക്കിയതിന് പിന്നിൽ പ്രവർത്തിച്ച തൊഴിൽ മന്ത്രാലയം അടക്കമുള്ള മുഴുവൻ സർക്കാർ സംവിധാനങ്ങളെയും ഗവർണർ മുക്തകണ്ഠം പ്രശംസിച്ചു.

 

Latest News