Wednesday , February   19, 2020
Wednesday , February   19, 2020

മുഴുനീള സഹകാരികളും 'മലയാള' നിരാഹാരവും

'ഒരു പേരിലെന്തിരിക്കുന്നു'വെന്ന് ഷേക്‌സ്പിയർക്കു ചോദിക്കാം. അദ്ദേഹത്തിനു നഷ്ടപ്പെടാനൊന്നുമില്ലായിരുന്നു. കോൺഗ്രസിന്റെ കാര്യം അങ്ങനെയല്ല. ഇനി കുറച്ചു മാത്രമേ നഷ്ടപ്പെടാനുള്ളൂ. അതുകൊണ്ട് 'പ്രേരക്' എന്ന പുതുപുത്തൻ നിർദേശത്തെ ചുരുട്ടിക്കൂട്ടി ദൂരെയെറിഞ്ഞ് സോണിയാജി 'സഹചാരി'യെ തെരഞ്ഞെടുത്തു. ഒരു വൻ വിപത്തിനെയാണ് ഒഴിവാക്കിയത്. ഗ്രഹങ്ങൾ തമ്മിൽ പോലും കൂട്ടിമുട്ടാൻ ഇടയുള്ള കാലമാണ്. ബാഹ്യാകാശത്ത് 'ഉൽക്ക'കൾ ആരുമായി എവിടെ വെച്ചു കൂട്ടിയിടിക്കണമെന്ന് അന്വേഷിച്ചലയുന്നു. പരീക്ഷണ പേടകങ്ങൾ പലതും അനാഥ പ്രേതങ്ങളായി ചുറ്റി സഞ്ചരിക്കുന്നു. എന്നാൽ ഇവറ്റകളേക്കാൾ ഭീകരമാണ് കോൺഗ്രസിന്റെ അവസ്ഥ. വാളും കോപ്പുമൊക്കെ നഷ്ടപ്പെട്ട പടനായകരെ കുഞ്ചൻ നമ്പ്യാർ അന്നു വർണിക്കാൻ കാരണം, അക്കാലത്ത് കോൺഗ്രസ് ഇല്ലായിരുന്നരുന്നതുകൊണ്ടു മാത്രമാണ്. ഇന്ന് ഓരോ ദിവസവും പത്രം നിവർത്തിയാൽ ഓരോ കോൺഗ്രസ് നേതാവും കൊഴിഞ്ഞു പോകുന്ന വാർത്തയാണ്. ഇക്കണക്കിനു പോയാൽ ഒറ്റ രോമവുമില്ലാത്ത ഏതെങ്കിലും കഷണ്ടിത്തല പോലെയാകും പാർട്ടി. അഞ്ചാറു ശിരോരോമങ്ങൾ പോലെ സോണിയാജിയും ഫാമിലിയും പിന്നെ ആന്റണിയും കുറച്ചു കേരള നേതാക്കളും അവശേഷിക്കുന്നു. 


വിശ്വകോൺഗ്രസ് നേതാവും സർവകലാശാല വല്ലഭനുമായ ശശി തരൂർ വിശേഷിപ്പിച്ച ആ 'നാഥനില്ലാ കളരി' അതിന്റെ ചുവടുവെപ്പും വായ്ത്താരിയുമായി കഴിയുന്നു. ഒഴിവാക്കാൻ മറ്റു നിവൃത്തിയില്ല. 'പ്രേരക്' മാരെ നിയമിക്കുക തന്നെ. പക്ഷേ, ഇന്റർവ്യൂ മാറ്റിവെച്ചു. സംഘ്പരിവാർ കളിയാക്കിയത്രേ, ഞങ്ങളുടെ 'പ്രചാരകി'നെ കോപ്പിയടിച്ചതല്ലേ നിങ്ങളെ 'പ്രേരക്' എന്ന്! സുപ്രീം കോടതിയുടെ 'സ്റ്റേ ഓർഡറി'നേക്കാൾ ഭയക്കണം സംഘികളുടെ പരിഹാസം. അതിനൊപ്പം അപകടകാരിയെന്നും കിടപിടിക്കാൻ കഴിയുന്നതെന്നും കണ്ടെത്തിയിരുന്നിട്ടുള്ളത് പാലായിലെ ജോസ് കെ. മാണി ഗ്രൂപ്പിന്റെ കൂക്കിവിളി മാത്രമാണ് എന്നത്രേ രാഷ്ട്രീയ വിശാരദന്മാരുടെ അഭിപ്രായം. ഏതായാലും 'പ്രേരക്' പിൻവലിച്ചു 'സഹചാരി'യാക്കി. അതിൽ ഒൽപരം പിശകുണ്ട്. 'സഹചാരി'ക്ക് ശബ്ദതാരാവലിയിലെ അർഥം കൂടെ നടക്കുന്നവൻ എന്നാണ്. ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള അന്നത്തെ കോൺഗ്രസിനെ മാത്രമേ മനസ്സിൽ കണ്ടതുള്ളൂ! കോൺഗ്രസുകാർ കൂടെ നടക്കുന്നത് നേതാക്കളുടെ കൂടെ മാത്രമാണ്. ശിങ്കിടികൾ എന്നു പ്രാചീന മലയാളം. ഏതു മീഡിയ വഴി നോക്കിയാലും അവർ തന്നെയാകും കാണപ്പെടുക. ഇന്നത്തെ പാർട്ടിയുടെ അവസ്ഥ കണ്ടാൽ 'സഹചാരി'ക്ക് 'ഗഗനചാരി'യോടാണ് ഏറെ സാമ്യം തോന്നുക. ശൂന്യകാശ സഞ്ചാരമാണ് തൽക്കാലം വർഷ ഫലം. ഇനി, സഹചാരി 'ഫുൾടൈം' ആണെങ്കിലോ? തെരുവീഥികളിലെയും പല വീടുകളിലെയും സി.സി.ടി.വികൾക്കു പണിയാകും. ഖദറിട്ടാൽ ഏതു നിമിഷവും 'സഹാചാര ഭ്രംശ'മുണ്ടാകും. അപകടം മുൻകൂട്ടി അറിഞ്ഞിട്ടാകാം, പാർട്ടിയാപ്പീസുകളിൽ ക്യാമറ സംവിധാനം ഒഴിവാക്കിയിട്ടുണ്ട്. പണ്ടു പണ്ട് കോൺഗ്രസിലുണ്ടായിരുന്ന സേവാദൾ വർഗത്തിന്റെ ശവകുടീരം പോലും കണ്ടെത്താൻ കഴിയാത്ത നിലയ്ക്ക് 'സഹചാരി'വർഗം വേണ്ടതു തന്നെയാണ്. പുതിയ തലമുറയെ കാണാനില്ലാത്ത സ്ഥിതിക്ക്, വരുന്ന അമ്പതു കൊല്ലത്തേക്ക് പഴയ വീഞ്ഞു തന്നെയാകും, പുതിയ 'സഹചാരി' കുപ്പിയിൽ എന്നുറപ്പിക്കാം.
*** *** ***
'ഉണ്ടിരുന്ന അച്ചിക്ക് ഉദിദം പെരുത്തു'വെന്ന് ഒരു ചൊല്ലുണ്ട്. ഇത്രയും കാലം തോന്നാതിരുന്ന ഭാഷാഭിമാനം സടകുടഞ്ഞെഴുന്നേറ്റത് തിരുവോണ നാളിലായിരുന്നുവെന്നത് ചില ഭാഗ്യദോഷികളുടെ വിധിയെന്നേ പറയാവൂ! അന്നേ ദിവസം പട്ടിണി കിടക്കുക എന്ന ആചാരം കഴിഞ്ഞ കാലത്ത് അനുഷ്ഠിച്ചിരുന്നത് കശുവണ്ടി കോർപറേഷനുകളിലെ തൊഴിലാളികളായിരുന്നു. നാഴി അരിയെങ്കിലും വാങ്ങാൻ ഗതിയുണ്ടായിരുന്നുവെങ്കിൽ അവർ ആ പണിക്കു പോകുമായിരുന്നില്ല. മന്ത്രിമാരും കൂട്ടരും സുഖമായി സദ്യയുണ്ട് ചീട്ടും കളിച്ചിരിക്കുമ്പോൾ ഗേറ്റിനു പുറത്ത് നിരാഹാരമിരിക്കുന്ന അക്കൂട്ടർ ഇപ്പോൾ ഓർമ മാത്രമായി. എങ്കിലും 'തിരുവോണപ്പട്ടിണി' അന്യം നിന്നുപോകാതെ നോക്കണമല്ലോ. വമ്പന്മാർ തന്നെ രംഗത്തു വന്നു.

തിരുവോന്തരം മുതൽ കോഴിക്കോടു വരെ 17 കേന്ദ്രങ്ങളിൽ ഐക്യ മലയാള പ്രസ്ഥാനം അങ്ങു നിരന്ന് കസേരയിലിരുന്നു. സുഗതകുമാരി, അടൂർ, എം.ടി തുടങ്ങി വിവിധ രംഗങ്ങളിലെ മന്നാധി മന്നന്മാർ. ഇവരിൽ പലർക്കും ആരോഗ്യ കാരണങ്ങളാൽ സദ്യയൂണ് നിഷിദ്ധമാണെന്ന് അറിയാത്തവരില്ല. അതിനാൽ തന്നെ, വീട്ടുകാരുടെ അധ്വാന ക്ലേശം അമ്പതു ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു മേൽപടി നിരാഹാര പ്രകടനത്തിന്. പി.എസ്.സിയെയാണ് ഇക്കുറി കഴുത്തിനു പിടിച്ചത്. 'ശ്രേഷ്ഠഭാഷ' പരിപാടിക്കു ജീവൻ വീണ കാലത്ത് സർക്കാരിന്റെ എഴുത്തിടപാടുകളിലായിരുന്നു ചവിട്ടു നാടകം. ഇടപാടു മലയാളത്തിലാക്കിയതോടെ നാട്ടുകാർ ഓട്ടമായി. പല പ്രയോഗങ്ങളും തിരിച്ചറിയാൻ ഹെർമൻ ഗുണ്ടർട്ട് കൂടെയുണ്ടാകണമെന്ന സ്ഥിതി. അന്നത്തെ സർക്കാർ ഇടപാടുകൾ പൂർണമായും മലയാള 'ലായനി'യിൽ മുക്കിയെടുക്കാൻ ഒന്നുമടിച്ചു. ദേവികളും കാസർകോടു ഭാഗങ്ങളിൽ വേറെയും ചില ഭാഷകളിൽ എഴുത്തും കുത്തുമുണ്ട്. പിന്നീടാണ് നവോത്ഥാന സർക്കാർ കസേര മേൽ ഏറിയത്. സാംസ്‌കാരിക നായകർ പറഞ്ഞാൽ പിന്നെ അതിന്മേൽ അപ്പീലില്ല. ഭാഷാ പ്രേമം നിമിത്തം തലങ്ങും വിലങ്ങും പാഞ്ഞ ദേഹികൾ ഒടുവിൽ പി.എസ്.സിയെ കണ്ടുപിടിച്ചു 'മലയാളം എന്തെന്നറിയാത്ത പി.എസ്.സി തന്നെ എന്തിനാണ്? പിരിച്ചുവിടുകയാണ് നല്ലതെന്ന അടൂർ ഗോപാലകൃഷ്ണന്റെ വചനത്തോളം ശക്തി അദ്ദേഹത്തിന്റെ ഒരു സിനിമയിലെ ഡയലോഗിൽ പോലും ഉണ്ടായിട്ടില്ല എന്നു കേട്ടവർ കേട്ടവർ പറഞ്ഞു നടന്നു. രഹസ്യമായി ചോദിച്ചാൽ അടൂരും അതു തന്നെ പറയുമായിരിക്കും. ഏതായാലും യൂനിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥി മല്ലന്മാർ പോലീസ് പരീക്ഷാ ഗുസ്തിയിൽ ആദ്യ റാങ്കുകളൊക്കെ കൈക്കലാക്കി പബ്ലിക് സർവീസ് കമ്മീഷനെ മലർത്തിയടിച്ച കാലമാണ്. ഒന്നു പ്രതിഛായ മിനുക്കാൻ വഴി അന്വേഷിച്ച് കഴിയുമ്പോഴാണ് സാഹിത്യ സാംസ്‌കാരിക നായകന്മാരുടെ വരവ്. അതൊരു പിടിവള്ളിയാണ്. തൽക്കാലം പി.എസ്.സിക്കു മുഖം മിനുക്കാം. അടുത്ത ചോദ്യപേപ്പർ ചോർച്ച വരെ. പിള്ളേരെ കരുതിയിരിക്കുക!
*** *** ***
പശു എന്നു കേട്ടാൽ ചിലർക്കു ഷോക്കടിച്ചതുപോലെ എന്ന പ്രസ്താവനയുടെ കൂടെ പ്രധാനമന്ത്രിയുടെ പേര് ചേർത്തതു നന്നായി. അല്ലെങ്കിൽ, പി.എസ്. വെൺമണി ശ്രീധരൻ പിള്ളയെന്നോ, കുമ്മനമെന്നോ ഒക്കെ സംശയിക്കുമായിരുന്നു. സമ്പദ്ഘടന തകരാറിലാണെന്നും മൂക്കുകുത്തി വീഴുകയാണെന്നും മൗനി ബാബയായ മൻമോഹൻ സിംഗ്ജി വാതുറന്നു പറഞ്ഞ വിസ്മയത്തിലായിരുന്നു വായനക്കാർ. ഈ 'അന്തരാളഘട്ട'ത്തിൽ പോലും യു.പിയിലെ മഥുരയിൽ ചെന്ന് പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്ന പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞത് ഒരു സൗഭാഗ്യമാണ്. ആഫ്രിക്കയിലെ റുവാണ്ട എന്ന രാജ്യത്തെ പശുവളർച്ച നിരക്കാണ് അദ്ദേഹത്തിന്റെ മനസ്സു നിറയെ. മറ്റു പല മന്ത്രിമാരുമാകട്ടെ, ചിന്തകളിൽ രാവും പകലും ചാണകവും ഗോമൂത്രവുമാണ് ചുമന്നു നടക്കുന്നത്. ഏറെ താമസിയാതെ അലോപ്പതി - ഹോമിയോപ്പതി ലാബുകളും ഫാർമസികളും പൂട്ടുമെന്നു കരുതണം. മേൽപടി രണ്ട് വിഭവങ്ങളുടെയും ഔഷധ ഗുണമാണ് പ്രചരിക്കുവാൻ പോകുന്നത്. ഇപ്പോൾ തന്നെ, വടക്കേ ഇന്ത്യയിൽ നിന്നു വന്നെത്തുന്ന ട്രെയിനുകളുടെ ചില ബോഗികളിൽ ചാണക ഗന്ധം പലരും സംശയിക്കുന്നുണ്ട്. അണുനാശിനിയെന്ന നിലയിൽ, കഴുകി ചാണക വെള്ളം തളിക്കുന്ന ഏർപ്പാട് പണ്ടേയുണ്ടായിരുന്നു. പുതിയ പരീക്ഷണം ട്രെയിനിലാണോ എന്നു തന്നെ സംശയിക്കണം.
*** *** ***
നവോത്ഥാന സമിതി ജംബോ ജെറ്റ് വിമാനം പോലെ പറന്നുയരുന്നതിനിടയിലാണ് ഹൈജാക്ക് ഭീഷണി ഉയർന്നത്. മുൻകൂട്ടി സംശയിച്ചിരുന്ന പലരും ജനാലയും ബാത്ത് റൂമുമൊക്കെ തുറന്ന് കൈയിൽ കിട്ടിയ പാരഷൂട്ടുമായി പുറത്തു ചാടി. രണ്ടാം നവോത്ഥാന നായകനായ മുഖ്യമന്ത്രിക്കാകട്ടെ, എന്തു വന്നാലും കുലുക്കമില്ല എന്ന മട്ടിൽ സ്‌പെഷ്യൽ ക്ലാസിൽ തന്നെ ഇരിപ്പാണ്. ഇടം വലം ഭാഗത്തായി വെള്ളാപ്പള്ളിയും പുന്നലയുമുണ്ട്. മലമത സംരക്ഷണം വ്രതമാക്കിയതിനാൽ സി.പി. സുഗതനും കൂട്ടരും പുറത്തു ചാടി പാരഷൂട്ടിൽ തൂങ്ങി വാനിൽ പറക്കുകയാണ്. സംഘ്പരിവാറുകാർ അവരെ കൈക്കൊള്ളുമോ എന്നാണ് താഴെ നിൽക്കുന്നവർ ഉറ്റുനോക്കുന്നത്. പത്തുകൊല്ലം മുമ്പ് പാസാക്കിയ ഒരു പ്രമേയത്തിന്റെ വള്ളി കാലിൽ കുരുങ്ങിക്കിടപ്പാണ് അവരും.

Latest News