Sorry, you need to enable JavaScript to visit this website.

ധന മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായം എണ്ണ വിലയിൽ തട്ടിത്തകരാം

കേന്ദ്രത്തിന്റെ പുതിയ സാമ്പത്തിക സഹായം ഇന്ത്യൻ ഓഹരി ഇൻഡക്‌സുകളിൽ ഇന്ന് ആവേശം ജനിപ്പിച്ചേക്കാമെങ്കിലും സൗദി അറേബ്യ ക്രൂഡ് ഓയിൽ ഉൽപാദനം അമ്പത് ശതമാനം വെട്ടിക്കുറക്കാൻ നിർബന്ധിതമായത് എണ്ണ വില ബാരലിന് പത്ത് ഡോളർ വരെ ഉയരാൻ ഇടയാക്കും.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമാക്കാൻ ധനമന്ത്രാലയം വൻ സാമ്പത്തിക പദ്ധതികളാണ് വാരാന്ത്യം പ്രഖ്യാപിച്ചത്. കയറ്റുമതിക്കാർക്ക് മുൻഗണന മേഖല വായ്പ (പിഎസ്എൽ) മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചാണ് 36,000 കോടി രൂപ മുതൽ 68,000 കോടി രൂപ വരെ അധിക ഫണ്ട് നൽകുക. ഈ നീക്കം രൂപയുടെ മൂല്യം മെച്ചപ്പെടുത്താത്താൻ ഇടയുണ്ട്. എന്നാൽ എണ്ണ വിപണിയുടെ ചൂടിന് മുന്നിൽ പിടിച്ചു നിൽക്കാൻ ഇന്ത്യൻ നാണയം കുറെ ഏറെ വിയർപ്പ് ഒഴുക്കേണ്ടിവരും. പിന്നിട്ടവാരം 71.95 ൽ നിന്ന് വിനിമയ നിരക്ക് 71.01 ലേയ്ക്ക് കരുത്ത് നേടി. ഈ വാരം തുടക്കത്തിൽ രൂപ 70.60 ലേക്കും തുടർന്ന് 70.20 ലേയ്ക്കും മികവിന് ശ്രമിക്കാം. അതേ സമയം വാരത്തിന്റെ രണ്ടാം പകുതിയിൽ തിരിച്ചടി നേരിട്ടാൽ രൂപ 71.90-72.20  റേഞ്ചിലേക്ക് തളരും.  
സൗദി അറാംകോയുടെ ഓയിൽ പ്ലാന്റിനും എണ്ണ പാടത്തിനും നേരയുണ്ടായ ഹൂത്തി ആക്രമണം മൂലം പ്രതിദിന എണ്ണ ഉൽപാദനത്തിൽ 50 ശതമാനം കുറവ് സംഭവിക്കും. അതായത് നിത്യേന ഏകദേശം 5.7 ദശലക്ഷം ബാരൽ അസംസ്‌കൃത ക്രൂഡ് ഉൽപാദനം കുറയും, ഇത് ആഗോള പ്രതിദിന എണ്ണ ഉൽപാദനത്തിന്റെ അഞ്ച് ശതമാനം വരും. 
യുഎസ് ചൈന വ്യാപാര പ്രശ്‌നത്തിൽ അയവ് കണ്ടതോടെ വാരമധ്യം ക്രൂഡ് വില ബാരലിന് 60.52 ഡോളറിൽ നിന്ന് 60.14 ലേയ്ക്ക് ഇടിഞ്ഞു. എണ്ണ വില ഇടിഞ്ഞത് ഏഷ്യൻ ഓഹരി വിപണികളിൽ ഈ വാരം വൻ ആവേശം ഉളവാക്കുമെന്ന നിഗമനത്തിലായിരുന്നു ഓപറേറ്റർമാർ. കറൻസി, സ്‌റ്റോക്ക് മാർക്കറ്റുകളിൽ ഇത് ഒരു ബുൾ തരംഗം സൃഷ്ടിക്കുമെന്നും വിലയിരുത്തി. എന്നാൽ അപ്രതീക്ഷിതമായി എണ്ണ ഉൽപാദനം സ്തംഭിച്ചതിനാൽ ഇന്ന് ഓപണിങ് വേളയിൽ ക്രൂഡ് വില 60.14 ൽ നിന്ന് 63.15 ഡോളറിലേയ്ക്ക് കുതിക്കും. വിലക്കയറ്റം കണ്ട് പരിഭ്രമിച്ച് ഫണ്ടുകളും ഊഹക്കച്ചവടക്കാരും ഷോട്ട് കവറിങിന് മത്സരിച്ചാൽ എണ്ണ 67.23 ഡോളറിലേയ്ക്ക് ചുവടുവെക്കും. ഇതിനിടയിൽ വിപണിയുടെ അടിയൊഴുക്ക് മാറിമറിഞ്ഞാൽ ബുള്ളിഷ് ട്രെന്റിൽ ക്രൂഡ് ഓയിൽ വില 74.74 ഡോളർ തടസ്സം മറികടന്ന് ഈ വർഷത്തെ ഏറ്റവും ഉയർന്ന തലങ്ങളിലേക്ക് നീങ്ങാം. ഇന്ത്യൻ ഓഹരി ഇൻഡക്‌സുകളെയും നാണയത്തെയും ഇത് കടുത്ത സമ്മർദത്തിലാക്കും.   
ബി എസ് ഇ, എൻ എസ് ഇ സൂചിക ഇന്ന് തുടക്കത്തിൽ കുതിച്ചു കയറാം. എന്നാൽ മുന്നേറ്റത്തിന് അൽപായുസ്സ് മാത്രമേ കണക്കാക്കാനാവൂ. നിഫ്റ്റി സൂചിക 129 പോയന്റ് പ്രതിവാരം നേട്ടത്തിലാണ്. 10,946 ൽ നിന്നുള്ള കുതിപ്പിൽ സൂചിക 11,084 വരെ കയറി. മുൻവാരം സൂചിപ്പിച്ച 11,107 ലെ തടസ്സം മറികടക്കാനായില്ല. വാരാന്ത്യം നിഫ്റ്റി 11,075 പോയന്റിലാണ്. ഈ വാരം 11,193-11,220 ൽ പ്രതിരോധമുള്ളതിനാൽ ഓപറേറ്റർമാർ ഉയർന്ന റേഞ്ചിൽ പുതിയ ഷോട്ട് പൊസിഷനുകൾ സൃഷ്ടിക്കാം. അത്തരം ഒരു നീക്കം നിഫ്റ്റിയെ വരും ആഴ്ചകളിൽ 10,966-10,857  ലേയ്ക്ക് തളർത്താം.
ബോംബെ സൂചിക 36,982 ൽ നിന്ന് ഒരു വേള 37,430 പോയന്റിലേക്ക് മുന്നേറിയ ശേഷം ക്ലോസിങിൽ 37,385 ലാണ്. ഈ വാരം 37,012 ലെ സപ്പോർട്ട് നിലനിർത്തി 37,594-37,803 ലേയ്ക്ക് ഉയരാൻ ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാൽ 38,385 വരെ സൂചിക ഉയരാം. ആഭ്യന്തര ഫണ്ടുകൾ ഉയർന്ന റേഞ്ചിൽ പ്രോഫിറ്റ് ബുക്കിങിന് മുൻ തൂക്കം നൽകാം. ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ ചലനങ്ങൾ വിദേശ ഓപറേറ്റർമാരെ വിൽപനക്കാരാക്കാം. 
മുൻനിരയിലെ പത്ത് കമ്പനികളിൽ ആറ് എണ്ണത്തിന്റെ വിപണി മൂല്യം ഉയർന്നു. മൊത്തം 50,580.35 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, കോട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവക്ക് നേട്ടം. ടിസിഎസ്, എച്ച്.യു.എൽ, ഇൻഫോസിസ്, ഐടിസി തുടങ്ങിവയുടെ വിപണി മൂലധനത്തിൽ കുറവ് സംഭവിച്ചു. 
   അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 2019-20 സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രവചനം 0.3 ശതമാനം കുറച്ചു. വളർച്ച പ്രതീക്ഷിച്ചത് ഏഴര ശതമാനമാണെങ്കിലും പുതിയ സാഹചര്യത്തിൽ 7.2 ശതമാനമായി കുറയും. 

 

Latest News