Sorry, you need to enable JavaScript to visit this website.

ഓണം: പാൽ, മദ്യം വിൽപനയിൽ സർവകാല റെക്കോർഡ്

ഓണക്കാലത്ത് പാൽ, തൈര് വിൽപനയിലും മദ്യം വിൽപനയിലും സർവകാല റെക്കോർഡ്. പൂരാടം, ഉത്രാടം ദിവസങ്ങളിലായി  മിൽമ കേരളത്തിലാകെ 46.60 ലക്ഷം ലിറ്റർ പാലും 5.89 ലക്ഷം  ലിറ്റർ തൈരും വിൽപന നടത്തി. ഇതു മിൽമയുടെ ചരിത്രത്തിലെ റെക്കോർഡ് വിൽപനയാണെന്ന് ചെയർമാൻ പി.എ. ബാലൻ പറഞ്ഞു. ഓണക്കാലത്തെ ഒരാഴ്ച കൊണ്ട് ബിവറേജസ് കോർപറേഷൻ മാത്രം കേരളത്തിൽ 487 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ തവണത്തേതിനേക്കാൾ 30 കോടി രൂപയുടെ  അധിക വിൽപന.  
മിൽമക്ക് കേരളത്തിലെ ക്ഷീര കർഷകരിൽ നിന്നു ക്ഷീര സംഘങ്ങൾ വഴി സംഭരിച്ച പാൽ ഓണക്കാലത്തെ വിൽപനക്ക് മതിയാകാതെ വന്നു. തുടർന്ന് സഹകരണ സ്ഥാപനമായ കർണാടക മിൽക് ഫെഡറേഷനിൽ നിന്നു കൂടുതൽ വിലക്കു പാൽ വാങ്ങിയാണ്  വിതരണം നടത്തിയത്. ഉപഭോക്താക്കൾക്ക് ഓണക്കാലത്ത് കൂടുതൽ ബാധ്യത വരരുതെന്ന ഉദ്ദേശ്യത്തോടയാണ് പാൽ വില വർധന ഓണത്തിനു ശേഷം മതിയെന്നു തീരുമാനിച്ചതെന്നും ഇന്ന് ചേരുന്ന മിൽമ ബോർഡ് യോഗത്തിനു ശേഷം പാൽ വില വർധന സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ചെയർമാൻ  പറഞ്ഞു.
മദ്യസേവകർ ഓണക്കാലത്ത് മദ്യസേവ കാര്യമായി തന്നെ നടത്തിയതാണ് റെക്കോർഡ് വിൽപനക്ക് സഹായിച്ചത്. ഉത്രാട ദിനത്തിൽ മാത്രം 90.32 കോടിയുടെ മദ്യം വിറ്റു. പതിവു പോലെ കൂടുതൽ മദ്യം വിറ്റ് ഇരിങ്ങാലക്കുട ബിവറേജസ് ഔട്‌ലറ്റ് ഒന്നാം സ്ഥാനം നിലനിർത്തി. 1.04 കോടി രൂപയുടെ മദ്യം വിറ്റുകൊണ്ടാണ് ഇരിങ്ങാലക്കുട തങ്ങളുടെ ഒന്നാം സ്ഥാനം ഭദ്രമായി നിലനിർത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ അൽപം കുറവെങ്കിലും ഈ വർഷത്തെ മറ്റ് ഔട്ടലറ്റുകളേക്കാളും മുന്നിൽ തന്നെയായിരുന്നു. കഴിഞ്ഞ തവണ 1.22 കോടി രൂപയുടെ മദ്യം വിറ്റാണ് ഇരിങ്ങാലക്കുട ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് ആലപ്പുഴ കോടതി ജംഗ്ഷനിലെ ഔട്‌ലറ്റാണ്. ഇവിടെ 93.58 ലക്ഷം രൂപയുടെ വിൽപന നടന്നു.  

Latest News