Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫാറൂഖ് അബ്ദുള്ളയെ ഹാജരാക്കണമെന്ന ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസ്; പി.എസ്.എ ചുമത്തി സർക്കാർ

ന്യൂദൽഹി- ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ കോടതിക്ക് മുമ്പാകെ ഹാജരാക്കണമെന്ന തമിഴ്‌നാട്ടിലെ എം.ഡി.എം.കെ നേതാവ് വൈക്കോയുടെ ഹരജിയിൽ സുപ്രീം കോടതി കേന്ദ്രത്തിന്റെ മറുപടി തേടി. ഫാറൂഖ് അബ്ദുള്ളയെ അന്യായമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന വൈക്കോയുടെ പരാതിയിലാണ് സുപ്രീം കോടതിയുടെ നടപടി. ഒരു തരത്തിലുള്ള നിയമപിൻബലവുമില്ലാതെയാണ് കേന്ദ്രത്തിന്റെ നടപടിയെന്നും വൈക്കോ പരാതിയിൽ ആരോപിക്കുന്നു. എന്നാൽ ഫാറൂഖ് അബ്ദുള്ളയുടെ കാര്യത്തിൽ ഇടപെടാൻ വൈക്കോക്ക് ഒരു അവകാശവുമില്ലെന്നും വൈക്കോ ഫാറൂഖ് അബ്ദുള്ളയുടെ ബന്ധവല്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു. രാജ്യസഭ എം.പി കൂടിയായ വൈക്കോയുടെ പരാതിയിൽ ഈ മാസം മുപ്പതിന് വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. 
അതേസമയം, ഫാറൂഖ് അബ്ദുള്ളയുടെ കസ്റ്റഡി പൊതുസുരക്ഷാ നിയമപ്രകാരമുള്ള വകുപ്പിലേക്ക് കേന്ദ്രം മാറ്റി. വിചാരണ കൂടാതെ രണ്ടുവർഷംവരെ ഒരാളെ തടവിൽ വെയ്ക്കാൻ അനുവദിക്കുന്ന നിയമമാണ് പി.എസ്.എ. ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ പി.എസ്.എ ചുമത്താനുള്ള തീരുമാനം ഞായറാഴ്ച രാത്രിയാണ് സ്വീകരിച്ചത്. അതായത്  ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ അന്യായ തടങ്കലിനെതിരെ എം.ഡി.എം.കെ നേതാവ് വൈക്കോ നൽകിയ ഹേബിയസ് കോർപ്പസ് ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. ഫാറൂഖ് അബ്ദുള്ളയടക്കമുള്ളവരുടെ അറസ്റ്റിനെ ന്യായീകരിക്കുന്ന രേഖകളില്ലെങ്കിൽ സുപ്രീം കോടതിയിൽ കേന്ദ്രത്തിന് അത് തിരിച്ചടിയാകുമെന്ന് കണ്ടാണ് ഇത്തരമൊരു നീക്കം.

ജമ്മു കശ്മീരിൽ ഷേഖ് അബ്ദുള്ള സർക്കാറിന്റെ കാലത്ത് 1978ലാണ് പി.എസ്.എ ആദ്യമായി പ്രഖ്യാപിച്ചത്. കശ്മീരിലെ യുവാക്കൾക്കെതിരെ വ്യാപകമായി ഈ നിയമം ഉപയോഗിച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി ഒഴിവാക്കിയ ഓഗസ്റ്റ് അഞ്ചു മുതൽ ഫാറൂഖ് അബ്ദുള്ള വീട്ടു തടങ്കലിലാണ്.
 

Latest News