ഓടിപ്പോകാതിരിക്കാന്‍ കുട്ടികളെ ചങ്ങലയില്‍ ബന്ധിച്ചു; മദ്രസാ മാനേജര്‍ അറസ്റ്റില്‍

ഭോപ്പാല്‍- മധ്യപ്രദേശിലെ ഭോപ്പാലില്‍ വിദ്യാര്‍ഥികളെ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയ മദ്രസയില്‍നിന്ന് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
മദ്രസാ മാനേജര്‍ കുട്ടികളെ പീഡിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് അസി.പോലീസ് സൂപണ്ട് സഞ്ജയ് സാഹു പറഞ്ഞു. അറസ്റ്റ് ചെയ്ത മദ്രസ മാനേജരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും എ.എസ്.പി പറഞ്ഞു.
മദ്രസയില്‍ തന്നെ താമസിച്ച് പഠിക്കുന്ന പത്ത് വയസ്സായ വിദ്യാര്‍ഥിയെ ഞായറാഴ്ച രാവിലെയാണ് ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ പ്രദേശവാസികള്‍ കണ്ടത്. സമീപത്ത് ഉറങ്ങുകയായിരുന്ന ഏഴു വയസ്സുകാരനേയും ചങ്ങലയില്‍ ബന്ധിച്ചിരുന്നു. ചങ്ങലക്ക് പൂട്ടിട്ടിരുന്നതിനാല്‍ കട്ടര്‍ ഉപയോഗിച്ചാണ് കുട്ടികളെ മോചിപ്പിച്ചത്.
മദ്രസയില്‍നിന്ന് ഓടിപ്പോകുന്നത് പതിവാക്കിയതിനാല്‍ രക്ഷിതാക്കളുടെ അനുമതിയോടെയാണ് പത്ത് വയസ്സുകാരനെ ചങ്ങലയില്‍ ബന്ധിച്ചതെന്ന് മാനേജര്‍ അവകാശപ്പെട്ടു. ഒരു വീട്ടില്‍ നടത്തുന്ന മദ്രസയില്‍ 22 കുട്ടികളാണ് താമസിച്ച് പഠിക്കുന്നത്. ചങ്ങലയില്‍ ബന്ധിക്കപ്പെട്ട രണ്ട് കുട്ടികള്‍  രണ്ട് മാസം മുമ്പാണ് ഇവിടെ എത്തിയത്. സംസ്ഥാന മദ്രസാ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത മദ്രസ രജിസ്റ്റര്‍ ചെയ്ത എജുക്കേഷണല്‍ സൊസൈറ്റിക്കു കീഴിലുള്ളതാണ്.
കുട്ടികളെ ഭോപ്പാല്‍ ടിടി നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചൈല്‍ഡ് ഫ്രന്റ്‌ലി കോര്‍ണറിലേക്ക് മാറ്റി.

 

Latest News