Sorry, you need to enable JavaScript to visit this website.

ഫലസ്തീൻ ജനതയുടെ  അവകാശം സംരക്ഷിക്കും -സൗദി

റിയാദ്- ഫലസ്തീൻ ജനതയുടെ അവകാശ സംരക്ഷണത്തിന് മുസ്‌ലിം രാജ്യങ്ങൾ എക്കാലവും മുന്നിലുണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഡോ.ഇബ്രാഹിം അൽഅസ്സാഫ്. കിഴക്കൻ ഖുദ്‌സ് ആസ്ഥാനമായി 1967 ലെ അതിർത്തി പ്രകാരം പൂർണാധികാരമുള്ള രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഫലസ്തീന്റെ ഏത് നീക്കത്തെയും പിന്തുണക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജിദ്ദയിൽ ചേർന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ തങ്ങളുടെ രാജ്യത്തോട് ചേർക്കുമെന്ന ഇസ്രായിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ചർച്ച ചെയ്യാനായിരുന്നു ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചത്.


അന്താരാഷ്ട്ര വ്യവസ്ഥകളെയും നിയമങ്ങളെയും കാറ്റിൽ പറത്തി അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പ്രദേശങ്ങളും ചാവുകടലിന്റെ വടക്കുഭാഗവും ജോർദാൻ താഴ്‌വരയും ഇസ്രായിലുമായി കൂട്ടിച്ചേർക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനത്തെ യോഗം അപലപിക്കുകയും ഫലസ്തീന് സമ്പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഫലസ്തീനിലെ അധിനിവേശാരംഭം മുതൽ ഇസ്രായിൽ അതിന്റെ നയങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. ഫലസ്തീനികളെ അവരുടെ ഭൂമിയിൽനിന്ന് ആട്ടിയോടിക്കാനും അവിടെ ഇസ്രായിലുകളെ കുടിയിരുത്താനും ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഭരണാധികാരികൾ ഫലസ്തീൻ ഭൂമിയുടെ ഘടനയിൽ മാറ്റം വരുത്തുകയാണ്. ഇത് യു.എൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നതിന് പുറമെ ഇത്തരമൊരു പ്രഖ്യാപനം പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് തുരങ്കം വെക്കുകയും ചെയ്യും. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾ ഫലസ്തീനികൾക്ക് തിരിച്ചു നൽകാതെയും ഫലസ്തീനികൾക്ക് പൂർണ തോതിലുള്ള അവകാശങ്ങൾ ലഭിക്കാതെയും പശ്ചിമേഷ്യയിൽ സമാധാനം സാധ്യമാകില്ലെന്നാണ് സൗദി അറേബ്യയുടെ അഭിപ്രായം. ഇസ്രായിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ലോക രാജ്യങ്ങളും സംഘടനകളും അപലപിക്കുകയും നിരാകരിക്കുകയും വേണം. ഈ ദിശയിലുള്ള ഏതു നടപടികളും അസാധുവാണെന്നും അതിന് ഫലസ്തീനികളുടെ ചരിത്രപരമായ അവകാശങ്ങളെ ബാധിക്കുന്ന ഒരുവിധ നിയമ പിൻബലവുമുണ്ടാകില്ലെന്നും പരിഗണിക്കപ്പെടണം. ചരിത്ര, ഭൂമിശാസ്ത്രപരമായ യാഥാർഥ്യങ്ങൾ മാറ്റിമറിക്കുന്നതിനും ഫലസ്തീനികളുടെ അവകാശങ്ങൾ ഹനിക്കുന്നതിനും ഏകപക്ഷീയമായി ഇസ്രായിൽ നടത്തുന്ന തുടർച്ചയായ ശ്രമങ്ങൾ ചെറുക്കുന്ന കാര്യത്തിൽ ഒരു സാഹചര്യവും അറബ് സമൂഹത്തെ പിന്തിരിപ്പിക്കില്ല. അറബ് സമാധാന പദ്ധതി വഴി പശ്ചിമേഷ്യൻ സംഘർഷത്തിന് ശാശ്വതവും നീതിപൂർവവുമായ സമാധാനമുണ്ടാക്കുന്നതിനുള്ള താൽപര്യം അറബ് രാജ്യങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. 
വെല്ലുവിളികൾ നേരിടാൻ മുസ്‌ലിം ലോകം പ്രത്യേകിച്ച് ഫലസ്തീൻ ജനത ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. മേഖലയിൽ ഇസ്രായിൽ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ ഉത്തരവാദിത്തം ലോക സമൂഹം ഏറ്റെടുക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News