Friday , November   15, 2019
Friday , November   15, 2019

ഹൂത്തി ആക്രമണം:  എണ്ണ വിതരണം ഉടൻ സാധാരണ ഗതിയിലാകും -മന്ത്രി

റിയാദ്- സൗദി അറാംകോ കേന്ദ്രങ്ങൾക്ക് നേരെ ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണം എണ്ണ ഉത്പാദനത്തെ ബാധിച്ചെങ്കിലും വിതരണം ഉടൻ സാധാരണ ഗതിയിലാകുമെന്ന് സൗദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ 3:31 നും 3:42 നുമാണ് സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണപ്പാടമായ ഖുറൈസിനും ലോകത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കുന്ന അബ്‌ഖൈഖ് ഓയിൽ പ്ലാന്റിനും നേരെ ഹൂത്തി ഭീകരർ ഡ്രോൺ ആക്രമണം നടത്തിയത്.  


ഈ രണ്ട് കേന്ദ്രങ്ങളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സ്‌ഫോടനങ്ങൾ കാരണം ഏകദേശം 5.7 മില്യൺ ബാരൽ ക്രൂഡ് ഓയിൽ വിതരണം തടസ്സപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇത് അറാംകോയുടെ ആകെ എണ്ണ ഉത്പാദനത്തിന്റെ 50 ശതമാനം വരും. എങ്കിലും ഉപയോക്താക്കൾക്ക് നിലവിൽ നൽകിവരുന്ന വിഹിതത്തിന്റെ ഒരംശം സ്റ്റോക്കിൽ നിന്നെടുത്ത് വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. 


ഹൂത്തി ആക്രമണത്തെ തുടർന്ന് ഉപോത്പന്നമായ പെട്രോളിയം ഗ്യാസ് വിതരണവും തടസ്സപ്പെട്ടുവെന്ന് അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. പ്രതിദിനം രണ്ട് ബില്യൺ ക്യുബിക് ഫീറ്റ് വാതകമാണ് ഈ രണ്ട് കേന്ദ്രങ്ങളിലുമായി ഉത്പാദിപ്പിച്ചിരുന്നത്. ഇതിൽനിന്ന് ഏഴ് ലക്ഷം ബാരൽ പ്രകൃതിവാതകം (എൽ.പി.ജി) നിർമാണം നടന്നിരുന്നു. ഈഥൈൻ ഗ്യാസിന്റെയും എൽ.പി.ജിയുടെയും വിതരണവും ഹൂത്തി ആക്രമണത്തെ തുടർന്ന് 50 ശതമാനമായി കുറഞ്ഞുവെന്നും മന്ത്രി വിശദമാക്കി. 
എന്നാൽ പ്രാദേശിക വിപണിയിൽ ജലം, വൈദ്യുതി എന്നിവയുടെ വിതരണം സ്വാഭാവികമായി നടക്കുമെന്നും ഹൂത്തി ഭീകരാക്രമണം ഇതിനെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. അറാംകോയുടെ ഒരു ജീവനക്കാരന് പോലും പരിക്കേറ്റിട്ടില്ല. കമ്പനി ഉദ്യോഗസ്ഥർ ഇപ്പോഴും ആക്രമണത്തിന്റെ കെടുതികൾ വിലയിരുത്തി വരികയാണെന്നും മന്ത്രി വിശദീകരിച്ചു. രാജ്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം സൗദി അറേബ്യയെ മാത്രം ലക്ഷ്യം വെച്ചാണെന്ന് കരുതുന്നില്ലെന്നും മറിച്ച് ആഗോള തലത്തിൽ എണ്ണ വിതരണം തടസ്സപ്പെടുത്തുക എന്ന ഗൂഢോദ്ദേശ്യവും ഇതിന് പിന്നിലുണ്ടെന്നും പുതുതായി ചുമതലയേറ്റ മന്ത്രി ആരോപിച്ചു. ആക്രമണം ആഗോള സാമ്പത്തിക മേഖലക്ക് തന്നെ ഭീഷണിയാണ്. ഓയിൽ പ്ലാന്റുകൾക്കും സാധാരണ ജനങ്ങൾക്കും പമ്പിംഗ് സ്റ്റേഷനുകൾക്കും അറേബ്യൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾക്കും നേരെ അടുത്തിടെ നടന്ന ആക്രമണങ്ങൾ ഈ വാദത്തെ സാധൂകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ഭീകരാക്രമണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടന്നു വരികയാണെന്ന് യെമനിൽ ഔദ്യോഗിക ഗവൺമെന്റിനെ സഹായിക്കുന്ന സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൂത്തി ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നും നഷ്ടം നികത്താൻ ജീവനക്കാർ അങ്ങേയറ്റം പരിശ്രമിക്കുന്നതായും സൗദി അറാംകോ പ്രസിഡന്റ് എൻജി. അമീൻ ഹസൻ അൽനാസർ അറിയിച്ചു. 48 മണിക്കൂറിന് ശേഷം തുടർ വിവരങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.  

അപലപിച്ച് യു.എൻ

ജനീവ- സൗദിയിലെ എണ്ണ സംഭരണശാലക്ക് നേരെ ഹൂത്തികൾ നടത്തിയ ആക്രമണത്തെ യു.എൻ അപലപിച്ചു. മേഖലയിൽ സംഘർഷമുണ്ടാക്കാനുള്ള നീക്കത്തെ അംഗീകരിക്കാനാവില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട് സൗദി നടത്തുന്ന അന്വേഷണത്തിന് മുഴുവൻ സഹായവും കുവൈത്ത് വാഗ്ദാനം ചെയ്തു. എണ്ണ മേഖലകളിൽ കുവൈത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.