Sorry, you need to enable JavaScript to visit this website.

കോടിയേരിയിൽ നിന്ന് തലശ്ശേരിയിലേക്ക് ഭൂഗർഭ വൈദ്യുത കേബിൾ 

തലശ്ശേരി- കോടിയേരി വൈദ്യുതി സബ് സ്‌റ്റേഷനിൽ നിന്ന് തലശ്ശേരിയിലേക്ക് ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിന് ആറ് കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. 
കോടിയേരിയിലെ 33 കെ.വി സബ് സ്‌റ്റേഷനിൽനിന്ന് തലശ്ശേരിയിലേക്ക് നാല് കി.മീറ്റർ ദൂരത്തിലാണ് ഹൈടെൻഷൻ കേബിളുകൾ സ്ഥാപിക്കുന്നത്. കേബിളിടുന്നതിന് റോഡ് കീറാൻ അനുമതി വേണം. കോടിയേരി മഞ്ഞോടി റോഡ് നവീകരണം പുനരാരംഭിക്കുന്നതിന് മുമ്പ് റോഡ് കീറി കേബിളിടാനാണ് ഉദ്ദേശിക്കുന്നത്. പണി വേഗത്തിൽ പൂർത്തീകരിച്ച് അടുത്ത വർഷം കമ്മിഷൻ ചെയ്യും. പൊന്ന്യം സ്രാമ്പിയിലെ 110 കെ.വി.സബ് സ്‌റ്റേഷനിൽ നിന്ന് തലശ്ശേരിയിലേക്ക് നിലവിൽ ഭൂഗർഭ കേബിളുണ്ട്. ഇവിടെ നിന്ന് ഒരു കേബിൾ കൂടി സ്ഥാപിക്കാൻ പദ്ധതി രൂപരേഖയായിട്ടുണ്ട്. 
പദ്ധതിക്ക് അംഗീകാരം നേടിയെടുത്ത ശേഷം അടുത്ത വർഷം ഇതിന്റെ പ്രവൃത്തി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. തടസ്സമില്ലാതെ വൈദ്യുത വിതരണം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് ഭൂഗർഭ കേബിളുകളിടുന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് തലശ്ശേരിയിലിലും പദ്ധതി നടപ്പാക്കുന്നത്. വൈദ്യുത കമ്പികൾ പ്രത്യേകം തയ്യാറാക്കിയ പോളിത്തിലിൻ പൈപ്പുകളിലാക്കിയാണ് സ്ഥാപിക്കുന്നത്. 
ഒരു മീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ ഏകദേശം 1,500 രൂപയാണ് ചെലവ്. വൈദ്യുതി പോസ്റ്റ് സ്ഥാപിച്ച് ലൈൻ വലിക്കുന്നതിന് ഇതിന്റെ പകുതി ചെലവേ വരികയുള്ളു. ട്രാൻസ്‌ഫോർമറിന് സമീപത്ത് നിന്ന് 1.2 മീറ്റർ ആഴത്തിൽ കുഴിയെടുത്താണ് പൈപ്പ് സ്ഥാപിക്കുക. പത്ത് സെന്റി മീറ്ററിൽ മണലോ അരിച്ചെടുത്ത മണ്ണോ വിരിച്ച ശേഷമാണ് പൈപ്പ് സ്ഥാപിക്കുക. ശേഷം വീണ്ടും പൈപ്പിന് മുകളിൽ മണലിടും. വൈദ്യുതി കേബിൾ പോകുന്നുണ്ടെന്ന് തിരിച്ചറിയാൻ കേബിളിന് മുകളിൽ കോൺക്രീറ്റ് ഇഷ്ടികകളും നിരത്തും. ടെലിഫോൺ, കുടിവെളള പൈപ്പിടൽ എന്നിവയ്ക്ക് കുഴിയെടുക്കുമ്പോൾ അപകടമൊഴിവാക്കാനാണിത് ചെയ്യുന്നത്. 
ഹൈ ടെൻഷൻ ലൈനിൽ ഓലയോ മരച്ചില്ലയോ തട്ടിയാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടും. മഴക്കാലത്ത് ഇത്തരം വൈദ്യുത തടസ്സം പതിവാണ്. ഭൂഗർഭ കേബിൾ സ്ഥാപിച്ചാൽ ഇവയുണ്ടാകില്ല. മരച്ചില്ലകളിൽ തട്ടിയുളള വൈദ്യുത പ്രസരണ നഷ്ടം, സ്ഥിരമായുളള അറ്റകുറ്റപ്പണികൾ, വൈദ്യുതി കമ്പികൾ പൊട്ടിവീണുളള അപകടങ്ങൾ എന്നിവയക്കും പരിഹാരമാകും. സുരക്ഷിതമല്ലാത്ത തരത്തിൽ വീടുകൾക്ക് സമീപത്ത് കൂടി ലൈനുകൾ വലിക്കുന്നത് ഒഴിവാക്കാനുമാകും.
നഗരത്തിലെ നിശ്ചിത കേന്ദ്രങ്ങളിൽ പവർ ബ്രേക്കറുകൾ സ്ഥാപിക്കുന്ന പദ്ധതിയും കെ.എസ്.ഇ.ബിയുടെ പരിഗണനയിലുണ്ട്. എവിടെയെങ്കിലും വൈദ്യുത തകരാറുണ്ടായാൽ അതിന്റെ പരിധിയിലല്ല കുറച്ച് സ്ഥലത്ത് മാത്രം വൈദ്യുതി ബന്ധം വിച്ഛേദിച്ച് പരിശോധിക്കാനും അറ്റകുറ്റപ്പണി നടത്താനുമാകുമെന്നതാണ് പവർ ബ്രേക്കറിന്റെ പ്രത്യേകത. ചെറിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് മാത്രമെ വൈദ്യുത തടസ്സം നേരിടേണ്ടി വരികയുള്ളു. 
അതും കുറച്ചുനേരത്തേക്ക് മാത്രം. കൺട്രോൾ റൂമിൽ നിന്നു തന്നെ മിനുട്ടുകൾക്കകം തകരാർ കണ്ടെത്താനും പരിഹരിക്കാനുമാകും. റിംഗ് മെയിൻ യൂനിറ്റ് എന്ന ഈ സംവിധാനം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ നടപ്പിലായിട്ടുണ്ട്. ചെലവേറിയതാണെങ്കിലും സുരക്ഷിതമാണ്.
 

Latest News