ഖത്തർ ഭീകരത: വിശദമായ റിപ്പോർട്ട് ഫ്രാൻസിന് കൈമാറും

ജിദ്ദ - ഖത്തർ ഭീകരതക്ക് പിന്തുണ നൽകുന്നതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഫ്രാൻസിന് കൈമാറുമെന്ന് സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ അറിയിച്ചു. അയൽ രാജ്യങ്ങളിൽ ഭീകരതയും സംഘർഷവും പ്രോത്സാഹിപ്പിക്കുന്നതിൽ ഖത്തറിനുള്ള പങ്ക് റിപ്പോർട്ടിൽ വിശദീകരിക്കും.
 ഫ്രഞ്ച് വിദേശ മന്ത്രി ജീൻ ഈവ്‌സ് ലെ ഡ്രിയാനൊപ്പം ജിദ്ദയിൽ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആദിൽ അൽജുബൈർ. ഖത്തർ റിപ്പോർട്ട് അമേരിക്കക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. കൂടുതൽ സൗഹൃദ രാജ്യങ്ങൾക്ക് റിപ്പോർട്ട് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ഖത്തർ പ്രതിസന്ധിക്ക് ഗൾഫ് സഹകരണ കൗൺസിലിനകത്തു തന്നെ  പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. ഖത്തർ നേതാക്കൾ വിവേകം കാണിക്കുകയും അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും വേണം. ഭീകരതയെയും തീവ്രവാദത്തെയും പിന്തുണക്കുന്നതും ഭീകരർക്ക് അഭയം നൽകുന്നതും അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്ന നടപടിയല്ല. 
അറബ്-ഇസ്രായിൽ സംഘർഷം, യെമൻ സംഘർഷം തുടങ്ങി മേഖലയിലെ പ്രശ്‌നങ്ങളിൽ ഫ്രാൻസ് സ്വീകരിക്കുന്ന നിലപാടുകൾ സൗദി അറേബ്യ വില മതിക്കുന്നു.  സിറിയ, ഇറാഖ് പ്രശ്‌നങ്ങളിൽ ഫ്രാൻസ് സഹകരിക്കുന്നുമുണ്ട്. മൊസൂൾ നഗരം ഐ.എസ് ഭീകരരിൽനിന്ന് മോചിപ്പിക്കാൻ ഇറാഖ് ഗവൺമെന്റ് നടത്തിയ ശ്രമങ്ങൾ പ്രശംസനീയമാണ്. ഐ.എസിനെ ഇറാഖിൽ നിന്ന് പൂർണമായും തുടച്ചുനീക്കണം.  യെമൻ സംഘർഷവും ഖത്തർ പ്രതിസന്ധിയും ഫ്രഞ്ച് വിദേശ മന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. ഭീകരതയെയും തീവ്രവാദത്തെയും പിന്തുണക്കാതിരിക്കുക, ഭീകരതക്ക് സാമ്പത്തിക സഹായം നൽകാതിരിക്കുക, മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കാതിരിക്കുക, സംഘർഷങ്ങൾക്ക് പ്രേരിപ്പിക്കാതിരിക്കുക, ഭീകരർക്ക് അഭയം നൽകാതിരിക്കുക, അയൽ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നിവ ഖത്തർ അടക്കം എല്ലാ രാജ്യങ്ങളും പാലിക്കേണ്ട ചില അടിസ്ഥാന തത്വങ്ങളാണ്. 
ഖത്തർ പ്രതിസന്ധി ആശങ്കാജനകമാണെന്ന് ഫ്രഞ്ച് വിദേശ മന്ത്രി പറഞ്ഞു. രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ  പ്രത്യാഘാതങ്ങളുണ്ടാകും. ഭീഷണികളും വെല്ലുവിളികളും നേരിടുന്നതിന് മേഖലയിലെ രാജ്യങ്ങൾ ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. പ്രതിസന്ധി പരിഹരിക്കുന്നതിന് എല്ലാ രാജ്യങ്ങളുമായും ആശയ വിനിമയം നടത്തുന്നുണ്ട്. ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും പ്രതിസന്ധി പരിഹരിക്കണം. ഭീകരർക്കെതിരെ കോട്ട പോലെ ഉറച്ചു നിൽക്കാൻ ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായിരിക്കണം. 
ഭീകര വിരുദ്ധ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന് ഇപ്പോഴത്തെ പ്രതിസന്ധി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഖത്തർ പ്രതിസന്ധിക്ക് ഗൾഫ് രാജ്യങ്ങൾ തന്നെ പരിഹാരം കാണണം. ഭീകര, തീവ്രവാദ വിരുദ്ധ പോരാട്ടം ആഗോള തലത്തിൽ കൂട്ടായി നടത്തേണ്ടതാണ്. 
ഖത്തർ പ്രതിസന്ധിയിൽ മധ്യവർത്തിയുടെ റോൾ വഹിക്കാൻ ഫ്രാൻസ് ആഗ്രഹിക്കുന്നില്ല. പ്രതിസന്ധി പരിഹരിക്കുന്നതിന് സഹായകമായ ശ്രമങ്ങൾ നടത്താനാണ് ഫ്രാൻസ് ആഗ്രഹിക്കുന്നതെന്നും വിദേശ മന്ത്രി പറഞ്ഞു. 
 

Latest News