Sorry, you need to enable JavaScript to visit this website.

പി.കെ.ശശിയുടെ മടങ്ങിവരവ്  സി.പി.എം വിഭാഗീയതക്ക് ആക്കം കൂട്ടും

പാലക്കാട് - സി.പി.എം ജില്ലാ കമ്മിറ്റിയിലേക്കുള്ള പി.കെ.ശശി എം.എൽ.എയുടെ മടങ്ങിവരവ് ജില്ലാ പാർട്ടി ഘടകത്തിൽ നീറിപ്പുകയുന്ന വിഭാഗീയതക്ക് ആക്കം കൂട്ടും. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയെത്തുടർന്ന് ഒരു വർഷത്തോളം സസ്‌പെൻഷനിലായിരുന്ന എം.എൽ.എ അടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. പാലക്കാട് ലോകസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ശശിയുടെ സാന്നിധ്യം നിർണായകമാവുമെന്നത് ഉറപ്പാണ്. എം.ബി.രാജേഷിനെ തോൽപിക്കാൻ ഗൂഢാലോചന നടന്നുവെന്ന പരാതിയിലൂടെ ഒരു വിഭാഗം ലക്ഷ്യം വെക്കുന്നത് ഷൊർണൂർ എം.എൽ.എയെത്തന്നെയാണ്. ഒരു വർഷത്തോളം പുറത്തു നിന്നുവെങ്കിലും ശശി പാർട്ടിയിൽ കൂടുതൽ ശക്തനാവുകയാണെന്നാണ് റിപ്പോർട്ട്. എം.എൽ.എക്കെതിരെ പരാതിയുന്നയിച്ച യുവതിയുടെ പിന്നിൽ ഉറച്ചു നിന്നിരുന്ന നേതാക്കളെല്ലാം ഇതിനകം ഡി.വൈ.എഫ്.ഐയിൽ വെട്ടിനിരത്തലിന് ഇരയായി. പരാതിക്കാരിയെ ജില്ലാ കമ്മിറ്റിയിൽ നിലനിർത്തിയെങ്കിലും അവർ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട മട്ടാണ്.
പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരാജയം തന്നെയാണ് ജില്ലയിലെ പാർട്ടി വിഭാഗീയതക്ക് എരിവ് പകരുന്ന വിഷയം. പി.കെ.ശശിയുടെ തട്ടകമായ മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ മുപ്പതിനായിരത്തോളം വോട്ടിന്റെ ലീഡ് ലഭിച്ചതാണ് വി.കെ.ശ്രീകണ്ഠന്റെ വിജയത്തിൽ നിർണായകമായത്. പതിനൊന്നായിരത്തിലധികം വോട്ടിനായിരുന്നു യു.ഡി.എഫിന്റെ വിജയം. എം.എൽ.എക്ക് സ്വാധീനമുള്ള ബൂത്തുകളിൽ പാർട്ടി വോട്ടുകൾ വൻതോതിൽ ചോർന്നു എന്നാണ് ശശി വിരുദ്ധർ വാദിക്കുന്നത്. എന്നാൽ എം.എൽ.എ എന്ന നിലയിൽ തന്റെ പ്രവർത്തന മേഖല ഷൊർണൂർ ആയിരുന്നുവെന്നാണ് പി.കെ.ശശിയുടെ വിശദീകരണം. സംസ്ഥാനത്ത് ന്യൂനപക്ഷ മേഖലകളിൽ യു.ഡി.എഫിനനുകൂലമായി ഉണ്ടായ ധ്രുവീകരണത്തിന്റെ പ്രതിഫലനമാണ് മണ്ണാർക്കാട്ട് ഉണ്ടായതെന്നാണ് എം.എൽ.എയെ അനുകൂലിക്കുന്ന സി.പി.എം മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയുടെ വിലയിരുത്തൽ.
തനിക്കെതിരേ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്ന ആരോപണം തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ എം.ബി.രാജേഷ് തന്നെ ഉയർത്തിയിരുന്നു. ജില്ലയിലെ പ്രമുഖനായ ഒരു സ്വാശ്രയ കോളേജ് നടത്തിപ്പുകാരനാണ് അതിനു നേതൃത്വം നൽകിയത് എന്ന് രാജേഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത് ഏറെ വിവാദത്തിനിട നൽകി. ഷൊർണൂർ എം.എൽ.എയുമായി ഏറെ അടുപ്പം പുലർത്തുന്നയാളാണ് ആരോപണവിധേയനായ കോളേജ് നടത്തിപ്പുകാരൻ. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പാലക്കാട്ട് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ രണ്ട് സംഭവങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നായിരുന്നു രാജേഷിനെ അനുകൂലിക്കുന്നവരുടെ ആവശ്യം. ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ച് പീഡനത്തിന് ഇരയായെന്ന പരാതിയുമായി ഒരു യുവതി പോലീസ് സ്റ്റേഷനിലെത്തിയതും കടമ്പഴിപ്പുറത്ത് സി.പി.എമ്മിന്റെ പ്രചാരണജാഥക്കിടെ ബൈക്കിൽ നിന്ന് വടിവാൾ വീഴുന്ന ദൃശ്യം വൈറലായതും യാദൃശ്ചികമല്ലെന്നാണ് മുൻഎം.പിയെ അനുകൂലിക്കുന്നവർ പറയുന്നത്. 
തനിക്കെതിരായി വനിതാ നേതാവ് പരാതി നൽകിയതിനു പിന്നിൽ പ്രമുഖരായ ചില നേതാക്കൾ തന്നെയാണെന്ന പരാതി പി.കെ.ശശി പാർട്ടിക്ക് നൽകിയിട്ടുണ്ട്. എം.ബി.രാജേഷ്, മുൻ എം.എൽ.എമാരായ എം.ചന്ദ്രൻ, എം.ഹംസ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ.സുധാകരൻ, പാർട്ടി പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, രാജേഷിന്റെ ഭാര്യാ സഹോദരൻ കൂടിയായ ഡി.വൈ.എഫ്.ഐ നേതാവ് നിതിൻ കണിച്ചേരി എന്നിവരെയാണ് ശശി പ്രതിക്കൂട്ടിൽ നിർത്തുന്നത്. തെരഞ്ഞെടുപ്പ് സമയം കണക്കിലെടുത്ത് ആ പരാതിയിൽ തീരുമാനം എടുക്കുന്നത് സി.പി.എം പിന്നേക്ക് മാറ്റുകയായിരുന്നു. 
തന്റെ പരാതിയിൽ അന്വേഷണം വേണമെന്ന ആവശ്യം ശശിയുടെ ഭാഗത്ത് നിന്ന് വീണ്ടും ഉയരാൻ ഇടയുണ്ട്.
സസ്‌പെൻഷൻ സമയത്ത് സി.പി.എമ്മിന് സ്വാധീനമുള്ള പലയിടത്തും പി.കെ.ശശിക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു. ചില പ്രമുഖ സംസ്ഥാന നേതാക്കളും എം.എൽ.എക്കൊപ്പം വേദി പങ്കിടാൻ തയ്യാറായിരുന്നില്ല. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പി.കെ.ശശിക്കൊപ്പം ഒന്നിലധികം തവണ പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടു. 

 

Latest News