Sorry, you need to enable JavaScript to visit this website.

വീണ്ടും യുദ്ധവെറി ഉയരുമ്പോൾ

സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത അഹമ്മദാബാദിലെ ജസ്റ്റിസ് പി.ഡി. ദേശായി സ്മാരക പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടിയ കാര്യം നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിന്നു പ്രവർത്തിക്കുന്നവരും അതേക്കുറിച്ച് പഠിക്കുന്നവരും ചർച്ച ചെയ്യുന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട, ഓർമിക്കേണ്ട അടിസ്ഥാന വസ്തുതയാണ്. നമ്മുടെ ഭരണഘടനയിൽ രേഖപ്പെടുത്താത്ത ഒരു മൗലികാവകാശമുണ്ടെന്നും അത് വിയോജിക്കാനുള്ള അവകാശമാണെന്നുമാണ് ജസ്റ്റിസ് ദീപക് ഗുപ്ത ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് അടക്കമുള്ള സുപ്രീം കോടതി ജഡ്ജിമാരും പ്രധാനമന്ത്രി തൊട്ടുള്ള ഭരണ-നിർവഹണ മേലാളന്മാരും സമകാലിക പരിതഃസ്ഥിതിയിൽ സ്വയം വിമർശനപരമായി പരിശോധിക്കേണ്ട ഭരണഘടനയുടെയും ഇന്ത്യൻ ജനാധിപത്യത്തിന്റെയും മർമത്തേക്കാണ് അദ്ദേഹം വിരൽ ചൂണ്ടിയത്. 
ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളെ പറ്റിയും ചുമതലകളെക്കുറിച്ചും അനുഛേദങ്ങൾ ഉദ്ധരിച്ച് വാദിക്കാറുണ്ട്.  വിയോജിക്കാനുള്ള പൗരന്റെ അവകാശത്തെപ്പറ്റി നമ്മുടെ ഭരണഘടനയിൽ എഴുതിവെച്ചിട്ടില്ല. വിയോജിപ്പുകൾ നിലനിർത്തി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മുന്നോട്ടു പോയ നമ്മുടെ വിവിധ കക്ഷികളിലും വിഭാഗങ്ങളിലും പെട്ട ദേശീയ നേതാക്കൾക്ക് വിയോജിപ്പിനുള്ള അവകാശം ഭരണഘടനയിൽ രേഖപ്പെടുത്തേണ്ടതായി തോന്നിക്കാണില്ല. പ്രത്യേകിച്ചും എഴുതപ്പെടാത്ത ബ്രിട്ടന്റെ ഭരണഘടനയടക്കമുള്ള വിവിധ ഭരണഘടനാ മാതൃകകൾ പരിശോധിച്ച് നമ്മുടെ ഭരണഘടനയ്ക്ക് രൂപം നൽകിയപ്പോൾ.
എന്നാലിന്ന് രാജ്യത്തെ നിയമ നിർമാണ - ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരുടെ വീക്ഷണത്തിൽ വന്ന അടിസ്ഥാനപരവും അപകടകരവുമായ മാറ്റം ജസ്റ്റിസ് ദീപക് ഗുപ്തയുടെ ഓർമപ്പെടുത്തൽ അനിവാര്യമാക്കുന്നു. അതു കൂടുതൽ ബോധ്യപ്പെടുത്താനാണ് അദ്ദേഹം ഇത്ര കൂടി എടുത്തുപറഞ്ഞത് 'നിയമ നിർമാണ സഭ, ഭരണ നിർവഹണ വിഭാഗം, നീതി നിർവഹണ വിഭാഗം, സായുധസേന എന്നിവയെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല. ഇത് അടിച്ചമർത്തിയാൽ പിന്നെ ഇന്ത്യ ഒരു പട്ടാള രാജ്യം മാത്രമായിത്തീരും.'  
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു തുടങ്ങി തെരഞ്ഞെടുപ്പിൽ പ്രചാരണത്തിലാവോളം ആഞ്ഞടിച്ച ഇത്തരം നിലപാടുകളെ തെറ്റാണെന്നു പരോക്ഷമായി ചൂണ്ടിക്കാട്ടുകയാണ് ജസ്റ്റിസ് ദീപക് ഗുപ്ത യഥാർത്ഥത്തിൽ ചെയ്തത്. നമ്മുടെ ഭരണഘടനയും അതിലെ അനുഛേദങ്ങളും പൗരന്മാരുടെ മേൽ അടിച്ചേൽപിക്കാനുള്ള ശിക്ഷ വ്യവസ്ഥയുടെ കൈപ്പുസ്തകമാണെന്ന് ഭരണാധികാരികൾ ഇപ്പോൾ കരുതുന്നുണ്ടെന്നു തോന്നുന്നു. ഇന്ത്യയെ പരമാധികാര -ജനാധിപത്യ റിപ്പബ്ലിക്കായി രൂപപ്പെടുത്തിയത് 'ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ' ആണെന്ന് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നു. നമ്മുടെ ഭരണാധികാരികളെ യുഗയുഗാന്തരം നയിക്കേണ്ട തത്വങ്ങളെന്തെന്ന് ആമുഖത്തിൽ അക്കമിട്ടു പറഞ്ഞിട്ടുമുണ്ട്. അതിൽ വ്യക്തിയുടെ അന്തസ്സും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സവിശേഷമാണ് എന്നത് ലോകത്താകെയുള്ള ജനാധിപത്യ വിശ്വാസികളും ഭരണഘടനാ വിദഗ്ധരും പ്രത്യേകം എടുത്തുകാട്ടിയിട്ടുള്ളതാണ്.  
എന്നാൽ നമ്മുടെ ജനാധിപത്യത്തിന്റെയും ഭരണഘടനാ തത്വങ്ങളുടെയും ആ അവശ്യ മർമത്തിനാണ് കേന്ദ്ര ഗവണ്മെന്റ് തുടർച്ചയായി ആഘാതമേൽപിക്കുന്നത്. പ്രത്യേകിച്ചും ജമ്മു - കശ്മീരിനെ വിഭജിച്ചും ജനങ്ങളെ കർഫ്യൂവിന്റെ കരാള തടങ്കലിൽ വീർപ്പുമുട്ടിച്ചും സൈനിക ശക്തിയാൽ ഒരു ജനതയുടെയാകെ പ്രതികരണ ശേഷിയെ അടിച്ചമർത്തിയും ചെയ്ത്. ജസ്റ്റിസ് ഗുപ്ത പറഞ്ഞതു പോലെ നമ്മുടെ രാജ്യം ഒരു പട്ടാള രാജ്യമായി മാറുകയാണ്. 
ഇതിനെതിരായ പ്രതികരണം ദുർബലമായ പ്രതിപക്ഷ പാർട്ടികളുടെ നൈരാശ്യ പ്രകടനമായി പ്രധാനമന്ത്രി കാണുന്നത് തിരുത്തപ്പെടാൻ വൈകുന്ന ഗുരുതരമായ തെറ്റായിരിക്കും. വിഖ്യാതമായ ഇന്ത്യൻ സിവിൽ സർവീസിൽനിന്ന് ഒരു മലയാളി ഉൾപ്പെടെ കശ്മീർ നടപടിക്കു ശേഷം രാജിവെച്ചത് വരാൻ പോകുന്ന കൊടുങ്കാറ്റിനു മുമ്പുള്ള സൂചനയായി കാണേണ്ടതുണ്ട്. പ്രതിവർഷം പത്തു ലക്ഷത്തിലേറെ പേർ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷകളെഴുതുന്ന നാട്ടിൽ അകൽച്ചയുടെയും ഒഴിഞ്ഞുപോക്കിന്റെയും പ്രവണതയെ അവഗണിച്ചിട്ടും പരിഹസിച്ചിട്ടും കാര്യമില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകൾ മുമ്പെങ്ങുമില്ലാത്ത വിധം വിട്ടുവീഴ്ചകൾക്ക് വിധേയമാകുന്ന സാഹചര്യത്തിൽ ജോലിയിൽ തുടരുന്നത് അധാർമികമാണെന്ന് തമിഴ്‌നാട്ടിൽനിന്നുള്ള ശശികാന്ത് സെന്തിൽ പറഞ്ഞു. അരുണാചൽ പ്രദേശ്, ഗോവ, മിസോറം, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവ ചേർന്ന കേഡറിൽനിന്നുള്ള മലയാളി കണ്ണൻ ഗോപിനാഥൻ കശ്മീർ നടപടിയോടുള്ള ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനാണ് ഐ.എ.എസിൽനിന്ന് രാജിവെച്ചത്. ദൽഹിയിൽനിന്ന് ഉത്തരപൂർവ സംസ്ഥാനത്തേക്ക് സ്ഥലംമാറ്റിയ കഷിഷ് മിത്തലും രാജിവെച്ചു. തെരഞ്ഞെടുപ്പിനു മുമ്പ് കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ഗാർഗ് രാജിവെച്ചതോടെയാണ് ഈ പ്രതിഷേധ നീക്കങ്ങൾ ഇന്ത്യൻ ഭരണ-നിർവഹണ വിഭാഗത്തിൽ പരമ്പരയായത്. കോടിക്കണക്കിൽ ജനങ്ങൾ മനസ്സേറ്റിയിട്ടുള്ള പ്രതിഷേധത്തെയാണ് ഇവരും പ്രകടമാക്കിയതെന്ന് തിരിച്ചറിയേണ്ടതുണ്ട്. 
ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും യഥാർത്ഥ ഉടമകൾ ജനങ്ങളാണെന്നാണ് ഭരണഘടന ആമുഖത്തിലൂടെ പ്രഖ്യാപിക്കുന്നത്. തങ്ങളുടെ പ്രതിനിധികളെ സ്വയം അധികാരപ്പെടുത്തിയ പ്രവൃത്തിയിൽ അവർക്കു പിഴയ്ക്കുമ്പോൾ  ചൂണ്ടിക്കാണിക്കാനും തിരുത്തണമെന്ന്               ശബ്ദമുയർത്താനും പൗരന്മാർക്ക് അവകാശമുണ്ട്. അതിലൂടെ മാത്രമേ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കപ്പെടുകയും മുന്നോട്ടു പോവുകയുമുള്ളൂ. 
നമുക്ക് അയൽദേശങ്ങളുമായി അതിർത്തിയും അതുമായി തർക്കങ്ങളും അതേസമയം അതിർത്തി സംരക്ഷിക്കാൻ സൈന്യവും ഉണ്ടെന്നതു വസ്തുതയാണ്. ഈ സൈന്യം എന്തു ചെയ്യണമെന്നത്  ഭരണ കർത്താക്കളായ രാഷ്ട്രീയ നേതാക്കളുടെ തീരുമാനത്തിനു വിധേയമാണ്. അവർക്ക് പിഴവുകളും തെറ്റുകളും സംഭവിക്കുമ്പോൾ അതിനെ വിമർശിക്കാനും തിരുത്തിക്കാനും പൗരസമൂഹത്തിനും അവരുടെ പ്രതിനിധികൾക്കുമുള്ള അവകാശവും സ്വാതന്ത്ര്യവും അംഗീകരിച്ചേ തീരൂ. അത്തരം വിമർശമുയർത്തുന്നവർ  ശത്രുരാജ്യങ്ങളുടെ ഭരണകർത്താക്കളുടെയോ സേനയുടെയോ താൽപര്യങ്ങളെ പ്രതിഫലിപ്പിക്കുന്നവരാണെന്നും നമ്മുടെ സൈന്യത്തിന്റെ മനോവീര്യം തകർക്കുന്നവരാണെന്നും പ്രചരിപ്പിക്കുന്നത് തെറ്റും അപകടകരവുമാണ്. 
കഴിഞ്ഞ തെരഞ്ഞെടുപ്പിലും തുടർന്നും പ്രധാനമന്ത്രിയടക്കമുള്ളവരും ദേശീയ മാധ്യമങ്ങളിൽ മിക്കതും പ്രതിപക്ഷ പാർട്ടി നേതാക്കളെ അത്തരം കരിംപട്ടികയിൽ പെടുത്തി തങ്ങൾക്കനുകൂലമായ ദേശീയ വികാരം ഉണർത്താൻ പരിശ്രമിക്കുകയുണ്ടായി. വീണ്ടും ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും നടക്കാനിരിക്കേ അത്തരം സത്യവിരുദ്ധവും ഏകപക്ഷീയവുമായ പ്രചാരണങ്ങളിൽ അവർ മുഴുകുകയാണ്. പാക് അധീന കശ്മീർ പിടിച്ചെടുക്കുകയാണ് അടുത്ത അജണ്ടയെന്ന് കേന്ദ്ര സർക്കാരിലെ ഒരു മന്ത്രി പ്രസ്താവിച്ചു. തങ്ങൾ തയാറാണെന്നും തീരുമാനിക്കേണ്ടത് സർക്കാരാണെന്നും കരസേന മേധാവിയും കൂട്ടിച്ചേർത്തു.  പാക്കിസ്ഥാനുമായുള്ള യുദ്ധ ജ്വരം പടർത്താൻ ഇത്  കാരണമായിട്ടുണ്ട്. 
ഇത്തരമൊരു നിർണായക ഘട്ടത്തിൽ രാജ്യം എത്തിനിൽക്കേ ദേശവിരുദ്ധരെന്ന ചാപ്പകുത്തലിനെതിരെ മുന്നോട്ടു വരാൻ കോൺഗ്രസും ഇടതുപക്ഷവും അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ ഇനിയും മുതിർന്നിട്ടില്ല. അവർ രാജ്യദ്രോഹികളാണോ അല്ലയോ എന്നത് ജനങ്ങൾക്ക് കൃത്യമായി അറിയാമെന്ന് പറയാനും അവർ തയാറായിട്ടില്ല. മറിച്ച് കരുതുന്നുണ്ടെങ്കിൽ രാജ്യദ്രോഹ കുറ്റം ചുമത്തി തങ്ങളെ ജയിലിലടക്കൂ എന്ന് അവർ ആവശ്യപ്പെടേണ്ടതുണ്ട്.  
1964 ൽ ഷെയ്ക്ക് അബ്ദുള്ള ജയിലിൽ തുടരുകയും കശ്മീർ പ്രശ്‌നം വിവാദ ചർച്ചയാകുകയും ചെയ്ത ഘട്ടത്തിൽ ജയപ്രകാശ് നാരായൺ നടത്തിയ ഒരു ഇടപെടലുണ്ട്. കശ്മീരിൽ നമ്മളുടെ സുവർണാവസരം എന്ന പേരിൽ തന്റെ നിലപാട് ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൽ ഒരു ലേഖനത്തിലൂടെ അദ്ദേഹം അവതരിപ്പിച്ചു.*  അന്ന് കശ്മീരുമായി ബന്ധപ്പെട്ടുയർന്ന വാദകോലാഹലങ്ങളിൽ ഉയർന്നുനിന്നിരുന്നത് കശ്മീർ പ്രശ്‌നം എന്നെന്നേക്കുമായി പരിഹരിച്ചു കഴിഞ്ഞതാണെന്ന വാദമാണ്. എന്നാൽ യു.എന്നിലടക്കം പ്രശ്‌നം നിലനിൽക്കുകയും പതിനൊന്നു വർഷത്തോളം ജയിലിടച്ച ഷെയ്ക്ക് അബ്ദുള്ളയെപ്പോലുള്ള ഒരാൾ പറയുകയും ചെയ്യുമ്പോൾ വസ്തുതകളെ സധൈര്യം നേരിടാനും സ്വാതന്ത്ര്യ പ്രസ്ഥാനത്തെ നയിച്ച തത്വങ്ങളുടെയും അടിസ്ഥാന ആശയങ്ങളുടെയും അടിസ്ഥാനത്തിൽ പ്രശ്‌നം കൈകാര്യം ചെയ്യാനും നാം തയാറാകുകയാണ് വേണ്ടതെന്ന് ജെ.പി വാദിച്ചു. സ്വാതന്ത്ര്യാനന്തര വർഷങ്ങളിലെ ചരിത്രം ചോദ്യം ചെയ്യാനാവാത്ത മറ്റൊരു വസ്തുത കൂടി ബോധ്യപ്പെടുത്തുന്നുണ്ടെന്നും ജയപ്രകാശ് പറഞ്ഞു. ഇന്ത്യക്കോ പാക്കിസ്ഥാനോ പരസ്പര സഹകരണവും സൗഹൃദവുമില്ലാതെ ഒരിക്കലും നിലനിൽക്കാനോ വളരാനോ കഴിയില്ല എന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള മറിച്ചുള്ള ബന്ധം ദക്ഷിണ - പൂർവ്വ ഏഷ്യയിലെ അധികാര സന്തുലനം തന്നെ തകർക്കുമെന്ന് ജയപ്രകാശ് ചൂണ്ടിക്കാട്ടി. ഷെയ്ഖ് അബ്ദുള്ളയെ വിശ്വാസത്തിലെടുത്തുകൊണ്ട് പ്രധാനമന്ത്രി നെഹ്‌റു പ്രശ്‌നത്തിന് ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ശക്തിയുക്തം ഉപദേശിക്കുകയും ചെയ്തു.
കേന്ദ്രത്തിലെ ഭരണകക്ഷിയായ കോൺഗ്രസിന്റെ നേതാക്കളെ അന്ന് ജെ.പിയുടെ ഇടപെടൽ പ്രകോപിപ്പിച്ചു. ഇത്തരം പ്രസ്താവനകൾ ജെ.പി തുടർന്നാൽ തങ്ങളുടെ ക്ഷമ നശിക്കുമെന്ന മുന്നറിയിപ്പുമായി യു.പി കോൺഗ്രസ് അധ്യക്ഷൻ എ.പി ജെയ്‌നും എ.ഐ.സി.സി സെക്രട്ടറിയടക്കം 27 എം.പിമാരും പ്രകോപനപരമായ പ്രസ്താവനയിറക്കി. നേതാക്കൾ ഇങ്ങനെ തുടങ്ങിയാൽ കോപാകുലരായ കോൺഗ്രസ് യുവാക്കൾ തന്നെ കൊല ചെയ്യാൻ ആഹ്വാനം ചെയ്യുമെന്ന് ജെ.പി പ്രതികരിച്ചു. രാജ്യദ്രോഹിയെങ്കിൽ തന്നെ ജയിലിലടക്കാനും. അങ്ങനെയെങ്കിലും അൽപം വിശ്രമം  കിട്ടുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.  
കശ്മീർ ലയനം സംബന്ധിച്ച ചൂടേറിയ വാദവിവാദങ്ങൾ അവസാനിപ്പിച്ച് ഷെയ്ക്ക് അബ്ദുള്ളയുമായി പ്രായോഗികമായ ഒത്തുതീർപ്പിന് തയാറാകണമെന്നാണ് ജയപ്രകാശ് നിർദേശിച്ചത്. സ്വന്തം നിലപാടുകൾ ഉപേക്ഷിക്കാതെ തന്നെ ഇരുകൂട്ടർക്കും യോജിപ്പിന്റേതായ തീരുമാനത്തിലെത്താൻ കഴിയുമെന്നും. ജെ.പി അന്ന് നെഹ്‌റുവിനു മുമ്പിൽവെച്ച നിലപാടുകളാണ് പിന്നീട് സ്വീകരിക്കപ്പെട്ടത്. തടവറയിലായിരുന്ന ഷെയ്ക്ക് അബ്ദുള്ള വീണ്ടും കശ്മീർ മുഖ്യമന്ത്രിയായി. പാക് അധീന പ്രദേശമൊഴികെ  ജമ്മു-കശ്മീർ ഇന്നും ഇന്ത്യയുടെ ഭാഗമായി തുടരുന്നു. യുദ്ധം കൊണ്ട് കശ്മീർ പ്രശ്‌നം പരിഹരിക്കണമെന്ന് കോലാഹലം കൂട്ടിയവർക്ക് ഇരു രാജ്യങ്ങളും തമ്മിൽ മൂന്നു യുദ്ധം കഴിഞ്ഞിട്ടും വീണ്ടുമത് ആവർത്തിക്കേണ്ടിവരുന്നു. 
പിന്നീട് ഈ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്തുന്നതിനു പകരം വഷളാക്കുന്നതിലേക്കും തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന വികാരം കശ്മീരികളിൽ വളർത്തുന്നതിനും കശ്മീരിലെ രാഷ്ട്രീയ നേതാക്കളും കേന്ദ്ര ഭരണത്തിൽ മാറിമാറി വന്ന സർക്കാരുകളും തങ്ങളുടെ സംഭാവന നൽകിയിട്ടുണ്ട്. അതിന്റെ ഏറ്റവും  ചിന്താശൂന്യമായ നടപടിയാണ് മോഡി ഗവണ്മെന്റിൽനിന്ന് ഉണ്ടായിരിക്കുന്നത്. സൈന്യത്തെ ഉപയോഗിച്ച് പാക്കിസ്ഥാനെ തകർക്കണമെന്നും പാക് അധീന കശ്മീർ ഉള്ളംകൈയിൽ എടുക്കണമെന്നും വികാര ജ്വരമുയർത്തുന്നവർ യാഥാർത്ഥ്യത്തിൽനിന്ന് ഏറെ അകലെയാണ്. പാക്കിസ്ഥാനോട് ചേരാതെ ഇന്ത്യയുടെ ഭാഗമായി ഇതുവരെ നിലനിന്ന കശ്മീർ ജനതയെ എവിടേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്ന് അവർ അറിയുന്നില്ല. അതിസങ്കീർണമായ കശ്മീർ പ്രശ്‌നത്തിൽ അന്ന് ജെ.പി ഇടപെട്ടതുപോലെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ബദൽ നിർദേശങ്ങൾ മുന്നോട്ടുവെക്കാൻ അവർക്കു കഴിയുന്നില്ല. രാജ്യദ്രോഹികളെന്ന് ഭരണ കക്ഷി മുദ്ര കുത്തുമെന്ന ഭയം അവരെ പിന്തുടരുന്നതു പോലെ. 
ഇതാണ് ജമ്മു-കശ്മീർ പ്രശ്‌നത്തിൽ ഏഴു പതിറ്റാണ്ടിനു ശേഷവും രാജ്യം നേരിടുന്ന നിരാശാജനകവും ദുഃഖകരവുമായ അവസ്ഥ.       
* ജയപ്രകാശ് നാരായൺ 1964 ഏപ്രിൽ - മെയ് മാസങ്ങളിൽ 'ഹിന്ദുസ്ഥാൻ ടൈംസി'ൽ കശ്മീർ പ്രശ്‌നം സംബന്ധിച്ച് എഴുതിയ ലേഖനങ്ങൾ. അവലംബം: എ.ജി നൂറാനി എഴുതിയ The Kashmir dispute 1947-2012 എന്ന പുസ്തകം.
 

Latest News