Sorry, you need to enable JavaScript to visit this website.

ഇതര മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാം; വൈറലായി ഹക്കീം ഫൈസി ആദൃശേരിയുടെ പ്രസംഗം

കോഴിക്കോട്-  ഇതരമതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇസ്്‌ലാമിക പണ്ഡിതൻ സിംസാറുൽ ഹഖിന്റെ പ്രസംഗം വിവാദമാകുന്നതിനിടെ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായി. രണ്ടു വർഷം മുമ്പ് സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് കേരള ത്വലബ കോൺഫ്രൻസിൽ നടത്തിയ പ്രസംഗമാണ് വൈറലായത്. 
എല്ലാ മതസ്ഥരേയും സ്വീകരിക്കുകയും സഹായിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത കൂട്ടത്തിലാണ് കേരളത്തിലെ മുസ്‌ലികളെന്നും കേരളത്തിന്റെ ചരിത്രം വായിച്ചാൽ അത് മനസിലാക്കാൻ പറ്റുമെന്നും അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരി പറയുന്നു. 
അമ്പലങ്ങളിൽ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാനായി ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കണമെന്നും അവർക്കൊപ്പം ഭക്ഷണം കഴിക്കണമെന്നും അതൊരിക്കലും തെറ്റല്ലെന്നും ഫൈസി പ്രസംഗത്തിൽ പറയുന്നു. ഓണത്തിനും മറ്റും ഹൈന്ദവവീടുകളിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണങ്ങൾ പണ്ടുകാലം മുതലേ തങ്ങളെല്ലാം സ്വീകരിച്ചിരുന്നു. അത്തരത്തിലുള്ള കൊടുക്കൽ വാങ്ങലുകൾ മുമ്പും ഉണ്ടായിരുന്നു.  കേരളത്തിന്റെ ചരിത്രം വായിച്ചാൽ അക്കാര്യം മനസിലാക്കാൻ പറ്റും. ഗുരുവായൂർ അമ്പലത്തിന് മഹാനായ ടിപ്പു സുൽത്താൻ ഭൂമി കൊടുത്തുവെന്ന് ഡോ. സി.കെ കരീം കേരള മുസ്‌ലീം ഡയറക്ടറിയിൽ പറഞ്ഞിട്ടുണ്ട്. നമുക്ക് ചുറ്റുമുള്‌ല പൊതുസമൂഹത്തിന് മനസിലാകുന്ന ശൈലിയിൽ തന്നെ ജീവിക്കണം. നമ്മുടെ വേഷവും കോലവുമൊക്കെ കേരളക്കാരന് കേരളത്തിലുള്ള പൊതുസമൂഹത്തിന് സ്വീകാര്യമായിട്ടുള്ളതാകണം. ഈ തലയിൽ കെട്ട് നാട്ടുകാർക്കെല്ലാവർക്കുമറിയാം. ഈയൊരു കുപ്പായം ആളുകൾക്കെല്ലാം അറിയാം. ഈയൊരു തുണി ആളുകൾക്കറിയാം. അതിനപ്പുറത്ത് നിലത്തിഴയുന്ന വലിയ താടി, അത് ആളുകൾക്കറിഞ്ഞൂടാ. പല തരത്തിലുള്ള കുപ്പായങ്ങൾ ഇവിടുത്തെ ആളുകൾക്ക് അറിഞ്ഞൂടാ. നമ്മൾ ഈ നാടിന്റെ ഭാഗമായിട്ട് ഈ നാട്ടിൽ നമ്മൾ ആയിട്ട് സ്വീകരിച്ചുവരുന്ന വേഷങ്ങളും ചേലും കോലവും സംസാര ശൈലിയും കൊടുക്കലും വാങ്ങലും അതൊക്കെ തുടർന്നുകൊണ്ട് നമുക്കിവിടെ മുന്നോട്ട് പോകാൻ സാധിക്കണം.
കുറച്ചു മുൻപ് എറണാകുളം ഭാഗത്തുനിന്ന് ഒരു വാഫി എന്നെ വിളിച്ചിട്ടു പറഞ്ഞു ഉസ്താദേ, പള്ളിയുടെ മുമ്പിൽ റോഡിന്റെ അപ്പുറത്ത് ഒരമ്പലമുണ്ട്. അമ്പലത്തിൽ ആഘോഷം നടക്കുകയാണ്. ആഘോഷത്തിൽ പങ്കെടുക്കാൻ പള്ളിക്കമ്മിറ്റിക്ക് കത്ത് കിട്ടിയിരിക്കുന്നു. എന്താ വേണ്ടത്? സ്വാഭാവികമായിട്ടും അവിടെ ഭക്ഷണം കഴിക്കലോ മറ്റോ ഉണ്ടാകും. ഭക്ഷണം കഴിക്കാൻ, സദ്യയിൽ പങ്കെടുക്കാൻ അമ്പലക്കമ്മിറ്റി പള്ളിക്കമ്മിറ്റിക്ക് കത്ത് തന്നിരിക്കുന്നു, എന്താ വേണ്ടത്?
ഞാൻ ചോദിച്ചു ജുമഅന്റെ മുമ്പുള്ള പ്രസംഗത്തിൽ നീ എന്താണ് പറഞ്ഞോണ്ടിരുന്നത്? സാന്ദർഭികമായിട്ട് ഞാൻ മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തെ കുറിച്ചാണ് ഉസ്താദേ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാൻ പറഞ്ഞു, എങ്കിൽ സ്വാഭാവിമായി നീ അത് പറഞ്ഞു എന്നതിന്റെ നിലയ്ക്ക് അടുത്ത വെള്ളിയാഴ്ചത്തെ പ്രസംഗം ഇത്തരം കാര്യങ്ങളൊക്കെ ഉൾപ്പെടുത്തിയിട്ട് നല്ല രീതിയിൽ മുൻകൂട്ടി ഒരുങ്ങിയിട്ട് പ്രസംഗിക്കുക.

എന്നിട്ട് ഈ വിവരം അമ്പലക്കമ്മിറ്റി കത്ത് തന്നിട്ടുണ്ട്, താത്പര്യമുള്ളവരൊക്കെ ഭക്ഷണം കഴിക്കാൻ പോകണം എന്ന് കൂടി പറയുക. അദ്ദേഹം ഇത് കിട്ടിയതോടെ കമ്മിറ്റിക്കാരോടൊക്കെ പറഞ്ഞു, വലിയ സംഭവമായി തീർന്നു. ഇദ്ദേഹം നന്നായി പ്രസംഗിച്ചു, പള്ളി കമ്മിറ്റി സെക്രട്ടറി പറഞ്ഞു, എങ്കിൽ ആളുകളെ ക്ഷണിക്കലും അറിയിക്കലും ഞാൻ തന്നെ ചെയ്യാം, അങ്ങനെ ആളുകളെയൊക്കെ അറിയിച്ചു. ആളുകളൊക്കെ കൂട്ടത്തോടെ അപ്പുറത്ത് പോയി ഭക്ഷണം കഴിച്ചു.
ഈ സംഭവം ഞാൻ കൂരിയാട് സമസ്തയുടെ വലിയ സമ്മളനം നടക്കുമ്പോൾ അവിടേയും പ്രസംഗിച്ചു. ഈ സംഭവം നടന്ന ഉടനെ ആയതുകൊണ്ട്. നമ്മൾ കിത്താബ് നൽകപ്പെട്ടവരുടെ ഭക്ഷണം നിങ്ങൾക്ക് ഹലാലാണ്. അവരൊക്കെ പച്ചക്കറി ഭക്ഷണത്തിന്റെ ആൾക്കാരാണ്. എന്താണ് ഇപ്പോൾ അവരുടെ ഭക്ഷണം കഴിച്ചാൽ? എന്താണ് അവരുടെ ക്ഷണം സ്വീകരിച്ച് നമ്മൾ അവിടെ പോയാൽ?
സ്പർധയും അകൽച്ചയുമൊക്കെ കുറച്ചുകാലമായിട്ട് നിങ്ങൾ ഉണ്ടാക്കുകയാണ് എന്ന് ഞാൻ വളരെ വിനീതമായിട്ട് വേദനയോടെ പറയുകയാണ്. നിങ്ങൾ എന്ന് പറഞ്ഞാൽ ഇപ്പോൾ കുറച്ച് ആൾക്കാർ. മക്കളാരും ആ കൂട്ടത്തിൽപ്പെട്ടുപോകരുത്. ഈ നിൽക്കുന്നവരിൽ പ്രായമായ ആളുകളുണ്ട്. ഞങ്ങളൊക്കെ ഇത് അനുഭവിച്ചതാണ്. ഓണത്തിന്റെ സമയങ്ങളിൽ ഞങ്ങളുടെയൊക്കെ വീടുകളിൽ ഏതാനും വീടുകളാണ് ഹൈന്ദവ വീടുകൾ,അല്ലെങ്കിൽ താഴ്ന്ന ജാതിയിൽപ്പെട്ട ആളുകൾ താമസിക്കുന്നത്. അവിടെ നിന്ന് വെള്ളരിക്കയും പഴവുമൊക്കെ വരാറുണ്ടായിരുന്നു. ഓണത്തിന്റെ വേളയിൽ അവരുടൊരു ആഘോഷമല്ലേ എന്ന് വിചാരിച്ചിട്ട്, നമ്മുടെ ആഘോഷമല്ല, നമ്മളുടേതാക്കാൻ നമ്മൾ ബുദ്ധിമുട്ടേണ്ട കാര്യവുമില്ല. അവരുടെ ആഘോഷമായിക്കൊള്ളട്ടെ നമുക്ക് എന്തുകൊണ്ട് അവരെ ഒരർത്ഥത്തിൽ ഉൾക്കൊണ്ടുകൂടാ? നമ്മൾ ഇതൊക്കെ ഉൾക്കൊള്ളണം മക്കളേ, അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കൽ വാങ്ങലുകൾ ഉണ്ടായിരുന്നു.
ഞാൻ ഓർക്കുകയാണ്, ഒരിക്കൽ മെഡിക്കൽ കോളേജിൽ ചെന്നു. ഇപ്പറഞ്ഞ കൂട്ടത്തിൽപ്പെട്ട അടുത്ത വീട്ടിലുള്ള ഹിന്ദു സ്ത്രീയുടെ മകൻ, താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീയുടെ മകൻ രോഗം ബാധിച്ച് മെഡിക്കൽ കോളേജിൽ അഡ്മിറ്റാണ്. തിരിഞ്ഞുനോക്കാനോ പോകാനും ആരുമില്ല. അങ്ങനെയൊരു സന്ദർഭമാണ്. ഈ വീട്ടുകാർ ഞങ്ങളുമായി വളരെ അടുത്തുപെരുമാറുന്നവരും ഞാൻ ഗൾഫിൽ ആകുമ്പോൾ എന്റെ ഭാര്യയ്ക്ക് പേടിക്ക് നിന്ന് സഹായിക്കുകയൊക്കെ ചെയ്ത ആളാണ്. അപ്പോൾ ഒരു കടപ്പാടുണ്ട് മനുഷ്യന്, അവരുടെ ഒരു ചെറുപ്പക്കാരൻ മരണത്തോട് മല്ലടിക്കുന്ന സമയത്ത് ഒന്ന് ചെന്ന് നോക്കേണ്ട കടമയൊക്കെ നമുക്ക് ഇല്ലേ,
വാർഡിൽ ചെന്നപ്പോൾ ഞാൻ തലയിൽ കെട്ടിയ മൊയ്‌ല്യാര്, ആകെ മൂടിപ്പൊതച്ച എന്റെ ഭാര്യ അതുപോലെ മകൾ, തൊപ്പിവെച്ച കുട്ടികൾ എല്ലാവരും കൂടി മെഡിക്കൽ കോളേജിൽ ചെല്ലുകയാണ്. ഞങ്ങൾ ചെല്ലുമ്പോൾ ആ വാർഡ് ആകെ വിജ്രമിക്കുകയാണ്, എന്താണ് ഇതിപ്പോ സംഭവം, ഈ ജാതിയിൽപ്പെട്ട ആൾക്കാര് ആ ജാതിയിൽപ്പെട്ടവരെ രോഗസന്ദർശനം നടത്തുകയോ? നമ്മൾ ഈ നാടുമായി പാകപ്പെടണം. ഈ നാടിന്റെ ഭാഷ നമ്മൾ പഠിക്കണം. നമുക്ക് ഇംഗ്ലീഷ് അറിയാം അറബി അറിയാം, ഉറുദു അറിയാം. പക്ഷേ നമുക്ക് നമ്മുടെ മാതൃഭാഷ അറിഞ്ഞൂട. അത് തെറ്റുകൂടാതെ ലക്ഷണമൊത്ത രീതിയിൽ ഘടനാ വൈകല്യമില്ലാതെ സംസാരിക്കാൻ നമ്മൾ പഠിക്കുന്നില്ല. നമുക്ക് ഉറുദു കവിതകൾ ഉദ്ധരിക്കാൻ പറ്റും. ഉറുദു കവിത ഉദ്ധരിച്ചോളൂ, കുഴപ്പമൊന്നും ഇല്ല. പക്ഷേ ഈ നാട്ടിൽ കവിതയുണ്ട്. ഈ നാട്ടിൽ സാഹിത്യമുണ്ട്. ഇവിടെ സംസ്‌കൃതം ഉണ്ട്. മലയാളമുണ്ട്. മഹാൻമാരായ കവികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. അവരെയൊക്കെ ഉദ്ധരിക്കണം. നമുക്ക് ഇവിടെ പുരാണങ്ങളുണ്ട്. ഇതിഹാസങ്ങളുണ്ട്. അതൊക്കെ നമുക്ക് അറിയണം. അതറിയാതെ നമ്മൾ എങ്ങനെ പണ്ഡിതൻമാരാകും. ആദൃശേരി പറഞ്ഞു. 

Latest News