അങ്കാറ- തുർക്കിയിൽ പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാന് കനത്ത തിരിച്ചടി മുൻ പ്രധാനമന്ത്രി അടക്കം നിരവധി പേർ പാർട്ടി വിട്ടു. മുൻ പ്രധാനമന്ത്രി അഹമ്മദ് അഹമ്മദ് ദവാദ്ഗ്ലുവും നിരവധി എം.പിമാരുമാണ് ഉർദുഗാന്റെ എ.കെ.പി വിട്ടത്. എ.കെ.പിയിൽ ഏതാനും പേർ മാത്രമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതും തീരുമാനിക്കുന്നതുമെന്നും രാജ്യത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടിയില്ലെന്നും അഹമ്മദ് ദവാദ്ഗ്ലു ആരോപിച്ചു. ഇന്ന് മുതൽ പുതിയ രാഷ്ട്രീയ മുന്നേറ്റം ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എ.കെ.പിയിൽനിന്ന് പൊട്ടിപ്പിളർന്നു പുതിയ പാർട്ടിയുണ്ടാക്കാനുള്ള നീക്കം നേരത്തെയും പരാജയപ്പെട്ടതാണെന്ന് ഉർദുഗാൻ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. 2023-ലാണ് രാജ്യത്ത് അടുത്ത തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
അയൽരാജ്യങ്ങളുമായി പ്രശ്‌നങ്ങളില്ലാത്ത തരത്തിൽ കാര്യങ്ങൾ മുന്നോട്ടുനയിക്കുന്ന സമീപനമുള്ള നേതാവാണ് അഹമ്മദ് ദവാദ്ഗ്ലു. ഇക്കഴിഞ്ഞ മാർച്ചിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എ.കെ.പി പരാജയം രുചിച്ചതുമുതൽ പാർട്ടിയിൽ പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. ജൂണിൽ ഇസ്താംബൂൾ മേയർ തെരഞ്ഞെടുപ്പിൽ എ.കെ.പി തോറ്റതോടെ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാകാൻ തുടങ്ങി. മുൻ ഡപ്യൂട്ടി പ്രധാനമന്ത്രി അലി ബാബ്കാനും കഴിഞ്ഞ ജൂലൈയിൽ എ.കെ.പി വിട്ടിരുന്നു. മുൻ പ്രസിഡന്റ് അബ്ദുല്ല ഗുല്ലിന്റെ പാർട്ടി ബാബ്കാനുമായി സഹകരിക്കും. ഈ വർഷം അവസാനത്തോടെ പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് ബാബ്കാൻ പറയുന്നത്.